---
title: "ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്ര ചിറ നവീകരണത്തിന് തുടക്കമായി; ഒൻപത് കോടിയുടെ ബൃഹദ് പദ്ധതി"
english_title: "Iringanur Mahashiv Temple Chira Renovation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347636/iringanur-mahashiv-temple-chira-renovation"
published_at: "2026-03-14T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b507196328e_nada5.jpg"
keywords: []
---

# ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്ര ചിറ നവീകരണത്തിന് തുടക്കമായി; ഒൻപത് കോടിയുടെ ബൃഹദ് പദ്ധതി

> **Lead Summary:** **ഇരിങ്ങണ്ണൂർ: [ **ശ്രീ മഹാശിവക്ഷേത്രത്തിന് മുന്നിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രചിറ നവീകരണത്തിനൊരുങ്ങുന്നു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ 'സഹസ്ര സരോവർ' സ്ട്രീമിൽ ഉൾപ്പെടുത്തിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.

## Article Content

**ഇരിങ്ങണ്ണൂർ: [ **ശ്രീ മഹാശിവക്ഷേത്രത്തിന് മുന്നിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രചിറ നവീകരണത്തിനൊരുങ്ങുന്നു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ 'സഹസ്ര സരോവർ' സ്ട്രീമിൽ ഉൾപ്പെടുത്തിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.

ക്ഷേത്ര വികസന സമിതി ചെയർമാൻ കെ.സി.പി. ശിവാനന്ദൻ ഇ.കെ. വിജയൻ എം.എൽ.എയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള കെ.എൽ.ഡി.സി മുഖേനയാണ് പ്രവൃത്തികൾ ഏകോപിപ്പിക്കുന്നത്.

ഏകദേശം ഒൻപത് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ രണ്ട് കോടി രൂപ ഇപ്പോൾ അനുവദിച്ചുകഴിഞ്ഞു. കെ.എൽ.ഡി.സി ഉദ്യോഗസ്ഥരും കൃഷി ഓഫീസറും ഇതിനോടകം സ്ഥലം സന്ദർശിച്ച് തുടർനടപടികൾ ആരംഭിച്ചു.

2.9 ഏക്കർ വിസ്തൃതിയുള്ള വിശാലമായ ചിറയിലെ ചളി നീക്കം ചെയ്ത് ശുദ്ധീകരിക്കുന്നതോടെ പ്രദേശത്തെ ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിറ സംരക്ഷിക്കുന്നതിലൂടെ സമീപത്തെ കിണറുകൾ റീച്ചാർജ് ചെയ്യപ്പെടുകയും വേനൽക്കാലത്തും ശുദ്ധജലം സുലഭമായി ലഭ്യമാവുകയും ചെയ്യും.

ശുദ്ധജല സംരക്ഷണത്തിന് പുറമെ പരിസ്ഥിതി സൗഹൃദമായ ഒരു ടൂറിസം കേന്ദ്രമാക്കി ഈ പ്രദേശത്തെ മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ചിറയ്ക്ക് ചുറ്റും ആകർഷകമായ ഫുട്‌പാത്തുകൾ നിർമ്മിക്കുകയും ജലധാരകളും വൈദ്യുത ദീപങ്ങളും സ്ഥാപിച്ച് പ്രദേശം മനോഹരമാക്കുകയും ചെയ്യും.

കൃഷി ആവശ്യങ്ങൾക്കും ജലസേചനത്തിനും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ പണ്ട് ചിറയിൽ താമരകൾ വിരിഞ്ഞിരുന്ന പഴയകാല പ്രതാപം വീണ്ടെടുക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കളിയാംവെള്ളി ഗ്രൂപ്പിൽ ഉൾപ്പെട്ട ബി ഗ്രേഡ് ക്ഷേത്രമാണ് ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രം. കെ.സി.പി. ശിവാനന്ദൻ (ചെയർമാൻ), ടി.വി. രാമചന്ദ്രൻ (എക്സിക്യൂട്ടീവ് ഓഫീസർ), വി.കെ. മോഹനൻ (പ്രസിഡണ്ട്), എം. ഹരീന്ദ്രൻ, വത്സരാജ് മണലാട്ട്, പി. ബാലൻ, കെ.വി. വാസു എന്നിവരടങ്ങുന്ന ക്ഷേത്ര വികസന-നവീകരണ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347636/iringanur-mahashiv-temple-chira-renovation)