---
title: "കർഷകന് കണ്ണീര് തന്നെ ; വളയത്ത് ഭ്രാന്തൻകുറുക്കന്റെ കടിയേറ്റ പശു ചത്തു "
english_title: "The farmer is in tears; The cow died after being bitten by a mad fox in the valayam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348/the-farmer-is-in-tears-the-cow-died-after-being-bitten-by-a-mad-fox-in-the-valayam"
published_at: "2021-09-28T09:32:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615293fe29254_cow.jpg"
keywords: []
---

# കർഷകന് കണ്ണീര് തന്നെ ; വളയത്ത് ഭ്രാന്തൻകുറുക്കന്റെ കടിയേറ്റ പശു ചത്തു 

> **Lead Summary:** **നാദാപുരം:** വളർത്ത് മൃഗങ്ങൾ ചത്തൊടുങ്ങുന്നത് പതിവാകുന്നു. ആഴ്ച്ചകളുടെ ഇടവേളയിൽ വളയത്ത് മൂന്ന് പശുക്കളും പത്തോളം ആടുകളും ചത്തു. കർഷകർക്ക് കണ്ണീരിൻ്റ നാളുകൾ.

## Article Content

**നാദാപുരം:** വളർത്ത് മൃഗങ്ങൾ ചത്തൊടുങ്ങുന്നത് പതിവാകുന്നു. ആഴ്ച്ചകളുടെ ഇടവേളയിൽ വളയത്ത് മൂന്ന് പശുക്കളും പത്തോളം ആടുകളും ചത്തു. കർഷകർക്ക് കണ്ണീരിൻ്റ നാളുകൾ.

ഇന്നലെ ഭ്രാന്തൻകുറുക്കന്റെ കടിയേറ്റ പശു ചത്തു.നിരവുമ്മലിലെ കുഞ്ഞിത്തൈയുള്ള പറമ്പത്ത് ചന്ദ്രന്റെ കറവപ്പശുവാണ് ഇന്നലെ രാവിലെയോടെ ചത്തത്. കഴിഞ്ഞ പതിനൊന്നിനാണ്‌ വളയം നിരവുമ്മൽ പ്രദേശത്ത് ചന്ദ്രന്റെ കറവപ്പശുവടക്കം ഒട്ടേറേ വളർത്തുമൃഗങ്ങൾക്ക് കുറുക്കന്റെ കടിയേറ്റത്‌.

ഇതേത്തുടർന്ന് വളയം മൃഗാശുപത്രി അധികൃതരെത്തി പശുവിന് പ്രാഥമിക വൈദ്യസഹായം ലഭ്യമാക്കിയിരുന്നു. രണ്ടാഴ്ച നിരീക്ഷിക്കാൻ വീട്ടുകാർക്ക് നിർദേശവും നൽകിയിരുന്നു. പശു രണ്ടുദിവസമായി തീറ്റയെടുത്തിരുന്നില്ല. വെള്ളംപോലും കുടിക്കാതെ അവശനിലയിലായ പശു തിങ്കളാഴ്ച രാവിലെയോടെ ചാവുകയായിരുന്നു.

വളയം മൃഗാശുപത്രി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പേവിഷബാധയാകാം മരണകാരണമെന്നാണ് പ്രാഥമികനിഗമനം. എഴുപതിനായിരം രൂപകൊടുത്ത് വാങ്ങിയ കറവപ്പശു ചത്തത് വീട്ടുകാർക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. മേഖലയിൽ ഭ്രാന്തൻ നായയുടെയും കുറുക്കന്റെയും ആക്രമണം ഇടയ്ക്കിടെ ഉണ്ടാകുന്നത് നാട്ടുകാരിൽ ഭീതി ഉളവാക്കിയിട്ടുണ്ട്.

രണ്ടുവർഷംമുമ്പ് വളയം മേഖലയിൽ നിരവധി പശുക്കളെ ഭ്രാന്തൻനായ ആക്രമിച്ചിരുന്നു. ഒട്ടേറേ പശുക്കൾ ചത്തൊടുങ്ങുകയും ചെയ്തിട്ടുണ്ട്‌.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348/the-farmer-is-in-tears-the-cow-died-after-being-bitten-by-a-mad-fox-in-the-valayam)