---
title: "വിലങ്ങാട് വന്യമൃഗശല്യം; കൃഷിയിടങ്ങളിൽ കാട്ടാനയും കാട്ടുപോത്തും തമ്പടിക്കുന്നു, കർഷകരുടെ ജീവനും സ്വത്തിനും ഭീഷണി"
english_title: "Wild elephants and buffaloes are roaming in the farmlands of Vilangad."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351098/wild-elephants-and-buffaloes-are-roaming-in-the-farmlands-of-vilangad"
published_at: "2026-04-02T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce0ffe7999e_nada6.jpg"
keywords: []
---

# വിലങ്ങാട് വന്യമൃഗശല്യം; കൃഷിയിടങ്ങളിൽ കാട്ടാനയും കാട്ടുപോത്തും തമ്പടിക്കുന്നു, കർഷകരുടെ ജീവനും സ്വത്തിനും ഭീഷണി

> **Lead Summary:** **വിലങ്ങാട്: [** നരിപ്പറ്റ മൂന്നാം വാർഡിലെ വടക്കേ വായാട് മേഖലയിൽ കാട്ടുപോത്തുകളുടെയും കാട്ടാനകളുടെയും ശല്യം രൂക്ഷമാകുന്നത് കർഷകരെ കടുത്ത ആശങ്കയിലാഴ്ത്തുന്നു.

## Article Content

**വിലങ്ങാട്: [** നരിപ്പറ്റ മൂന്നാം വാർഡിലെ വടക്കേ വായാട് മേഖലയിൽ കാട്ടുപോത്തുകളുടെയും കാട്ടാനകളുടെയും ശല്യം രൂക്ഷമാകുന്നത് കർഷകരെ കടുത്ത ആശങ്കയിലാഴ്ത്തുന്നു.

സ്ഥിരമായി കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ തമ്പടിക്കുന്നത് കാരണം പുലർച്ചെയുള്ള റബ്ബർ ടാപ്പിംഗ് ഉൾപ്പെടെയുള്ള ജോലികൾ തടസ്സപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. വടക്കുന്നേൽ സിബി, തോമസ് വട്ടക്കുന്നേൽ, സാബു വട്ടക്കുന്നേൽ, ബാബു കുടിപാറ, ജോർജ് ഏബ്രഹാം മണിമല, ജോസ് തോക്കനാട്ട് തുടങ്ങിയ നിരവധി കർഷകരുടെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ വ്യാപകമായ നാശനഷ്ടങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്.

ജീവൻ പോലും അപകടത്തിലാകുന്ന സാഹചര്യത്തിൽ കൃഷിയിടങ്ങളിലേക്ക് ഇറങ്ങാൻ പോലും കർഷകർ ഭയപ്പെടുകയാണ്. വനംവകുപ്പ് നേരത്തെ ഇവിടെ സൗരോർജ്ജ വേലി സ്ഥാപിച്ചിരുന്നെങ്കിലും നിർമ്മാണത്തിലെ അശാസ്ത്രീയതയും പാകപ്പിഴകളും കാരണം ഇത് വന്യമൃഗങ്ങളെ തടയുന്നതിൽ പരാജയപ്പെട്ടു.

ഈ സാഹചര്യത്തിൽ ശാസ്ത്രീയമായ രീതിയിൽ പുതിയ സൗരോർജ്ജ വേലികൾ സ്ഥാപിച്ച് കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാകണമെന്ന് കിഫ ഭാരവാഹികൾ ആവശ്യപ്പെട്ടു.

പ്രദേശം സന്ദർശിച്ച വിപിൻസ് ഒറ്റപ്ലാക്കൽ, ലോറച്ചൻ കൊച്ചുപറമ്പിൽ, ജിജി ഞാവള്ളിൽ തുടങ്ങിയവർ കർഷകരുടെ ദുരിതാവസ്ഥ നേരിട്ട് ബോധ്യപ്പെട്ടതായും വനംവകുപ്പിന്റെ അടിയന്തര ഇടപെടൽ വേണമെന്നും വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351098/wild-elephants-and-buffaloes-are-roaming-in-the-farmlands-of-vilangad)