---
title: "ഇന്ത്യയിൽ എസ്ഡിപിഐ മുന്നോട്ടുവെക്കുന്ന ബദൽ രാഷ്ട്രീയം ശക്തിപ്പെടും: അബ്ദുൽ മജീദ് ഫൈസി"
english_title: "Abdul Majeed Faizi says the alternative politics put forward by SDPI will strengthen in India"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351677/abdul-majeed-faizi-says-the-alternative-politics-put-forward-by-sdpi-will-strengthen-in-india"
published_at: "2026-04-05T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d212801b643_nada7.jpg"
keywords: []
---

# ഇന്ത്യയിൽ എസ്ഡിപിഐ മുന്നോട്ടുവെക്കുന്ന ബദൽ രാഷ്ട്രീയം ശക്തിപ്പെടും: അബ്ദുൽ മജീദ് ഫൈസി

> **Lead Summary:** **നാദാപുരം:[ ** ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇന്ത്യയിൽ എസ്ഡിപിഐ മുന്നോട്ടുവെക്കുന്ന ബദൽ രാഷ്ട്രീയം കൂടുതൽ ശക്തിപ്പെടുമെന്ന് എസ്ഡിപിഐ നാഷണൽ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി പ്രസ്താവിച്ചു.

## Article Content

**നാദാപുരം:[ ** ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇന്ത്യയിൽ എസ്ഡിപിഐ മുന്നോട്ടുവെക്കുന്ന ബദൽ രാഷ്ട്രീയം കൂടുതൽ ശക്തിപ്പെടുമെന്ന് എസ്ഡിപിഐ നാഷണൽ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി പ്രസ്താവിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്ഡിപിഐ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി മോയിൻകുട്ടി വൈദ്യർ സ്മാരക ഹാളിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വത്തിന്റെ ഗളഛേദം നടത്തിക്കൊണ്ടിരിക്കുന്ന ബിജെപിക്കെതിരെ ദേശീയ തലത്തിൽ എസ്ഡിപിഐ ഉൾപ്പെടെയുള്ള ജനാധിപത്യ കൂട്ടായ്മകൾ രൂപപ്പെട്ടു വരുന്നത് നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പുകളെ കൂടുതൽ പ്രസക്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ സ്വത്വബോധം വളർത്തുകയെന്ന ഉത്തരവാദിത്തമാണ് എസ്ഡിപിഐ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കാലത്തും മറ്റുള്ളവരുടെ ഔദാര്യത്തിൽ കഴിയുന്നതിന് പകരം സ്വയംപര്യാപ്തരാവുക എന്ന ആശയമാണ് പാർട്ടി മുന്നോട്ടുവെക്കുന്ന 'പോസിറ്റീവ് പൊളിറ്റിക്സ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിമത്തം അലങ്കാരമായി കാണുന്നവർക്ക് ഈ മാറ്റം തിരിച്ചറിയാനാകില്ലെന്നും എസ്ഡിപിഐക്കെതിരെ കുപ്രചരണം നടത്തുന്നവർ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാത്തവരാണെന്നും മജീദ് ഫൈസി വിമർശിച്ചു.

മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം തലായി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി, ട്രഷറർ കെ.കെ. നാസർ മാസ്റ്റർ, ജെ.പി. അബൂബക്കർ മാസ്റ്റർ, ഉമർ കല്ലോളി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351677/abdul-majeed-faizi-says-the-alternative-politics-put-forward-by-sdpi-will-strengthen-in-india)