---
title: "ശരണ്യയെ കണ്ടെത്താൻ കുടകിൽ തീവ്ര തിരച്ചിൽ; ട്രക്കിങ്ങിന് പോയത് വീട്ടിലറിയിക്കാതെയെന്ന് പിതാവ്"
english_title: "Intensive search underway in Kodagu to find Saranya"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351686/intensive-search-underway-in-kodagu-to-find-saranya"
published_at: "2026-04-05T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d21cfbe9774_nada8.jpg"
keywords: []
---

# ശരണ്യയെ കണ്ടെത്താൻ കുടകിൽ തീവ്ര തിരച്ചിൽ; ട്രക്കിങ്ങിന് പോയത് വീട്ടിലറിയിക്കാതെയെന്ന് പിതാവ്

> **Lead Summary:** **നാദാപുരം: [** കുടകിലെ തടിയൻഡമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യയ്ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. വീട്ടിൽ നിന്നും കൊച്ചിയിലേക്കാണെന്ന് പറഞ്ഞാണ് ശരണ്യ ഇറങ്ങിയതെന്നും ട്രക്കിങ്ങിന് പോകുന്ന വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്നും പിതാവ് ഗോപി പറഞ്ഞു.

## Article Content

**നാദാപുരം: [** കുടകിലെ തടിയൻഡമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യയ്ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. വീട്ടിൽ നിന്നും കൊച്ചിയിലേക്കാണെന്ന് പറഞ്ഞാണ് ശരണ്യ ഇറങ്ങിയതെന്നും ട്രക്കിങ്ങിന് പോകുന്ന വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്നും പിതാവ് ഗോപി പറഞ്ഞു.

ഇടയ്ക്ക് ട്രക്കിങ്ങിന് പോകുന്ന സ്വഭാവം ശരണ്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച ശരണ്യ കുടുംബത്തെ വിളിച്ചിരുന്നതായും വ്യാഴാഴ്ച രാവിലെ പത്തരയോടെ ഒരു സുഹൃത്തിനോട് ഫോണിൽ സംസാരിച്ചിരുന്നതായും അമ്മാവൻ ഹരിദാസ് വ്യക്തമാക്കി.

കൊച്ചിയിൽ നിന്നുമാണ് ശരണ്യ കുടകിലെത്തിയത്. വന്യമൃഗശല്യമുള്ള മേഖലയായതിനാൽ പത്തംഗ സംഘത്തോടൊപ്പം പോകാൻ വനംവകുപ്പ് ശരണ്യയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിയെന്ന് ശരണ്യ തന്നെ താമസിച്ചിരുന്ന ഹോംസ്റ്റേയിൽ വിളിച്ചറിയിച്ചു.

ഇതിനുപിന്നാലെ ഫോൺ സ്വിച്ച് ഓഫാവുകയും ചെയ്തു. ഹോംസ്റ്റേ ജീവനക്കാരും നാട്ടുകാരും ആദ്യം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിലവിൽ കർണാടക വനംവകുപ്പും പോലീസും നക്സൽ വിരുദ്ധ സേനയും അടങ്ങുന്ന അഞ്ച് സംഘങ്ങളാണ് വനത്തിനുള്ളിൽ പരിശോധന നടത്തുന്നത്.

ഡ്രോണുകളും സ്നിഫർ ഡോഗ് സ്‌ക്വാഡും തിരച്ചിലിനായി രംഗത്തുണ്ട്. ശരണ്യയുടെ അമ്മാവൻ നിലവിൽ കുടകിലെത്തി തിരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351686/intensive-search-underway-in-kodagu-to-find-saranya)