---
title: "നിയമസഭാ പോരാട്ടം; നാദാപുരത്ത് അട്ടിമറി പ്രതീക്ഷയിൽ യു.ഡി.എഫ്; ഇടതുകോട്ടയിൽ വിള്ളലുണ്ടാകുമെന്ന് അവകാശവാദം"
english_title: "UDF expecting coup in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/353268/udf-expecting-coup-in-nadapuram"
published_at: "2026-04-14T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddc419e8700_nada1.jpg"
keywords: []
---

# നിയമസഭാ പോരാട്ടം; നാദാപുരത്ത് അട്ടിമറി പ്രതീക്ഷയിൽ യു.ഡി.എഫ്; ഇടതുകോട്ടയിൽ വിള്ളലുണ്ടാകുമെന്ന് അവകാശവാദം

> **Lead Summary:** **നാദാപുരം: [** പതിറ്റാണ്ടുകളായി എൽ.ഡി.എഫ്. കോട്ടയായി നിലകൊള്ളുന്ന നാദാപുരം മണ്ഡലത്തിൽ ഇത്തവണ അട്ടിമറി വിജയം പ്രതീക്ഷിച്ചുള്ള ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ക്യാമ്പ്.

## Article Content

**നാദാപുരം: [** പതിറ്റാണ്ടുകളായി എൽ.ഡി.എഫ്. കോട്ടയായി നിലകൊള്ളുന്ന നാദാപുരം മണ്ഡലത്തിൽ ഇത്തവണ അട്ടിമറി വിജയം പ്രതീക്ഷിച്ചുള്ള ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ക്യാമ്പ്.

മണ്ഡലം പിടിച്ചെടുക്കാനായി നടത്തിയ കഠിനമായ പ്രയത്നങ്ങളും സ്ഥാനാർഥി കെ.എം. അഭിജിത്തിന് ലഭിച്ച ജനപിന്തുണയും ഫലം തങ്ങൾക്ക് അനുകൂലമാക്കുമെന്ന് യു.ഡി.എഫ്. നേതൃത്വം അവകാശപ്പെടുന്നു.

കാവിലുംപാറ മുതൽ എടച്ചേരി വരെ പത്ത് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന മണ്ഡലത്തിൽ അഞ്ചര പതിറ്റാണ്ടിലേറെയായി തുടരുന്ന ഇടതുകോട്ടയ്ക്ക് ഇത്തവണ ഇളക്കം തട്ടുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.

അതേസമയം, ഭരണപക്ഷമായ എൽ.ഡി.എഫിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങൾ ഇത്തവണ മണ്ഡലത്തിൽ പ്രകടമായിരുന്നു. സി.പി.ഐയുടെ പക്കലുള്ള മണ്ഡലം ഇത്തവണ സി.പി.എം ഏറ്റെടുക്കണമെന്ന ആവശ്യം ഏരിയ സമ്മേളനങ്ങളിൽ ഉയർന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടിരുന്നില്ല.

സ്ഥാനാർഥി നിർണ്ണയത്തെ ചൊല്ലി ഇരുപാർട്ടികൾക്കുമിടയിൽ ഉടലെടുത്ത തർക്കങ്ങൾ സി.പി.എം പ്രവർത്തകർക്കിടയിൽ വലിയ നിരാശയ്ക്ക് കാരണമായിട്ടുണ്ട്. സി.പി.എം നിർദ്ദേശിച്ച പേരുകൾ സി.പി.ഐ തള്ളിയതും പ്രചാരണ രംഗത്ത് സി.പി.എം പ്രവർത്തകരുടെ സജീവമായ പങ്കാളിത്തം കുറയാൻ കാരണമായി.

പ്രചാരണ പ്രവർത്തനങ്ങളിൽ യു.ഡി.എഫിനേക്കാൾ പിന്നിലായിപ്പോയ എൽ.ഡി.എഫിന്, മുൻകാലങ്ങളിലെ വിജയം ആവർത്തിക്കാൻ സാധിക്കുമോ എന്ന ആശങ്കയും രാഷ്ട്രീയ നിരീക്ഷകർ പങ്കുവെക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/353268/udf-expecting-coup-in-nadapuram)