---
title: "നാദാപുരത്തെ തിരഞ്ഞെടുപ്പ് അക്രമം; പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് മടിക്കുന്നുവെന്ന് കെ.എം അഭിജിത്ത്"
english_title: "KM Abhijith says police are hesitant to arrest the accused"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/353276/km-abhijith-says-police-are-hesitant-to-arrest-the-accused"
published_at: "2026-04-14T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddccb1a79a9_nada3.jpg"
keywords: []
---

# നാദാപുരത്തെ തിരഞ്ഞെടുപ്പ് അക്രമം; പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് മടിക്കുന്നുവെന്ന് കെ.എം അഭിജിത്ത്

> **Lead Summary:** **നാദാപുരം: [** തിരഞ്ഞെടുപ്പ് ദിനത്തിൽ യു.ഡി.എഫ്. നേതാക്കൾക്കും ഏജന്റുമാർക്കും നേരെ നടന്ന അതിക്രമങ്ങളിൽ സി.പി.എം. ക്രിമിനൽ സംഘങ്ങളെ അറസ്റ്റ് ചെയ്യാൻ പോലീസ് മടികാണിക്കരുതെന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.എം. അഭിജിത്ത് ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: [** തിരഞ്ഞെടുപ്പ് ദിനത്തിൽ യു.ഡി.എഫ്. നേതാക്കൾക്കും ഏജന്റുമാർക്കും നേരെ നടന്ന അതിക്രമങ്ങളിൽ സി.പി.എം. ക്രിമിനൽ സംഘങ്ങളെ അറസ്റ്റ് ചെയ്യാൻ പോലീസ് മടികാണിക്കരുതെന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.എം. അഭിജിത്ത് ആവശ്യപ്പെട്ടു.

തൂണേരി പഞ്ചായത്തിലെ കോടഞ്ചേരി, വാണിമേൽ പഞ്ചായത്തിലെ നിടുംപറമ്പ്, നരിപ്പറ്റയിലെ കുമ്പളചോല എന്നിവിടങ്ങളിൽ നടന്ന മർദ്ദനങ്ങളിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗൗരവകരമായ അന്വേഷണം ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കോടഞ്ചേരിയിലും നിടുംപറമ്പിലും വനിതാ ബൂത്ത് ഏജന്റുമാരെപ്പോലും ക്രൂരമായി തല്ലിച്ചതച്ചിട്ടും പ്രതികളെ പിടികൂടാത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. അക്രമ സംഭവങ്ങൾക്ക് പുറമെ, വാണിമേൽ - വളയം പഞ്ചായത്തുകളുടെ അതിർത്തിയായ കുയ്‌തേരിയിൽ പ്രവാസിയായ കൊയിലോത്ത്കണ്ടി നാസറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ കാർഷിക വിളകൾ വെട്ടിനശിപ്പിച്ച സംഭവത്തിലും സമഗ്രമായ അന്വേഷണം വേണമെന്ന് അഭിജിത്ത് ആവശ്യപ്പെട്ടു.

നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലം സന്ദർശിച്ച അദ്ദേഹം കുറ്റവാളികളെ ഉടൻ പുറത്തുകൊണ്ടുവരണമെന്ന് അധികൃതരോട് നിർദ്ദേശിച്ചു. സന്ദർശന വേളയിൽ വളയം പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി.ടി.കെ. കാദർ ഹാജി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ചന്ദ്രൻ മാസ്റ്റർ, വി.കെ. മൂസ മാസ്റ്റർ, രവീഷ് വളയം, സി.വി. കുഞ്ഞബ്ദുള്ള, ഇ.വി. അറഫാത്ത്, ഇ.കെ. സാദിഖ്, സി.എം. കുഞ്ഞമ്മദ് തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/353276/km-abhijith-says-police-are-hesitant-to-arrest-the-accused)