---
title: "പാലക്കൂൽ ഭഗവതി ക്ഷേത്രത്തിൽ തിറയാട്ടത്തിന് തുടക്കം, ഭക്തിസാന്ദ്രമായി ചൂട്ടുവെളിച്ചത്തിലെ വേറിട്ട ചടങ്ങുകൾ"
english_title: "Thirayattam begins at Palakul Bhagavathy Temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/353580/thirayattam-begins-at-palakul-bhagavathy-temple"
published_at: "2026-04-16T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e07af51e0ea_NADA3.jpg"
keywords: []
---

# പാലക്കൂൽ ഭഗവതി ക്ഷേത്രത്തിൽ തിറയാട്ടത്തിന് തുടക്കം, ഭക്തിസാന്ദ്രമായി ചൂട്ടുവെളിച്ചത്തിലെ വേറിട്ട ചടങ്ങുകൾ

> **Lead Summary:** **അരൂർ: [ **ആചാരവൈവിധ്യങ്ങളാൽ ശ്രദ്ധേയമായ അരൂർ ചന്തുവച്ചകണ്ടി പാലക്കൂൽ ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. കൊടിയേറ്റമില്ലാത്ത ഉൽസവം എന്ന സവിശേഷതയുള്ള ഇവിടെ, പരമ്പരാഗതമായ ചടങ്ങുകളോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.

## Article Content

**അരൂർ: [ **ആചാരവൈവിധ്യങ്ങളാൽ ശ്രദ്ധേയമായ അരൂർ ചന്തുവച്ചകണ്ടി പാലക്കൂൽ ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. കൊടിയേറ്റമില്ലാത്ത ഉൽസവം എന്ന സവിശേഷതയുള്ള ഇവിടെ, പരമ്പരാഗതമായ ചടങ്ങുകളോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.

ചന്തുവച്ചകണ്ടിയിൽ നടന്ന നെല്ല് തരക്കലിന് ശേഷം കാഞ്ഞിരാട്ടില്ലത്ത് നിന്ന് കൊളുത്തിക്കൊണ്ടുവന്ന ദീപം കോട്ടയിൽ അരിചാർത്തി വൈരം വിളിച്ചതോടെ ക്ഷേത്രമുറ്റത്ത് വാദ്യഘോഷങ്ങൾ മുഴങ്ങി. ക്ഷേത്ര സ്ഥാനികൻ വാഴയിൽ ബാബുവിന്റെ നേതൃത്വത്തിൽ ഊരാളന്മാരാണ് നെല്ല് തരക്കൽ ചടങ്ങിന് കാർമ്മികത്വം വഹിച്ചത്.

വിളക്ക് തെളിയിക്കാൻ നെയ്യോ എണ്ണയോ ലഭ്യമല്ലാത്ത സാഹചര്യമുണ്ടായാൽ പോലും ഉണങ്ങിയ തെങ്ങോല ചൂട്ട് കത്തിച്ച് തിറയാടണം എന്ന ഐതിഹ്യത്തിന്റെ സ്മരണ പുതുക്കി, 'ചൂട്ടു കത്തിച്ചുള്ള തിറ' ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. പൊതുജനങ്ങളിൽ നിന്ന് പിരിവെടുക്കാതെ ഉത്സവം നടത്തുന്നു എന്ന പ്രത്യേകതയും പാലക്കൂൽ ക്ഷേത്രത്തിനുണ്ട്.

കാഞ്ഞിരട്ടില്ലത്തെ സ്വീകരണത്തിന് ശേഷം തിരിച്ചെത്തിയ എഴുന്നള്ളത്തിനെ തുടർന്ന് സന്ധ്യാവേലയും, കുട്ടികളുടെ തണ്ണീർ കുടി, താലപ്പൊലി എന്നിവയും നടന്നു. രണ്ട് ദിവസത്തെ ഉത്സവത്തിന് വ്യാഴാഴ്ച പുലർച്ചെ നടക്കുന്ന ‘കൊറ’ (ദാരിക-പോതി തിറ) യോടെ സമാപനമാകും.

വർഷത്തിൽ മൂന്ന് തവണ തിറ ആഘോഷിക്കുന്ന ഇവിടെ ഉച്ചാൽതിറയ്ക്കും പുത്തരി വെള്ളാട്ടിനും പുറമെയാണ് ഈ പ്രധാന ഉത്സവം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/353580/thirayattam-begins-at-palakul-bhagavathy-temple)