---
title: "അറ്റകുറ്റപ്പണി വൈകുന്നു; നാദാപുരം പഞ്ചായത്തിലെ റോഡ് തകർന്ന് കാൽനടയാത്ര പോലും ദുഷ്കരമായി"
english_title: "The road in Nadapuram Panchayat has collapsed, making even walking difficult."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354598/the-road-in-nadapuram-panchayat-has-collapsed-making-even-walking-difficult"
published_at: "2026-04-21T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e7395310306_nada5.jpg"
keywords: []
---

# അറ്റകുറ്റപ്പണി വൈകുന്നു; നാദാപുരം പഞ്ചായത്തിലെ റോഡ് തകർന്ന് കാൽനടയാത്ര പോലും ദുഷ്കരമായി

> **Lead Summary:** **നാദാപുരം: [** നരിപ്പറ്റ, കുന്നുമ്മൽ, നാദാപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയുടെ ഒരു ഭാഗം അറ്റകുറ്റപ്പണി നടത്താത്തതുമൂലം യാത്രക്കാർ ദുരിതത്തിലാവുന്നു.

## Article Content

**നാദാപുരം: [** നരിപ്പറ്റ, കുന്നുമ്മൽ, നാദാപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയുടെ ഒരു ഭാഗം അറ്റകുറ്റപ്പണി നടത്താത്തതുമൂലം യാത്രക്കാർ ദുരിതത്തിലാവുന്നു.

താഴെ നരിപ്പറ്റ, മൊയിലോത്ത് കുന്ന്, പതിയാരം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് കക്കട്ടിൽ ടൗണിലെത്താനുള്ള എളുപ്പവഴിയായ ഈ റോഡ് വലിയ കുഴികൾ രൂപപ്പെട്ട് പൂർണ്ണമായും തകർന്ന നിലയിലാണ്.

റോഡിന്റെ ഭൂരിഭാഗവും നരിപ്പറ്റ പഞ്ചായത്തിന്റെ പരിധിയിലാണെങ്കിലും, നാദാപുരം പഞ്ചായത്തിൽ ഉൾപ്പെടുന്ന 400 മീറ്ററോളം ഭാഗമാണ് കാൽനടയാത്ര പോലും അസാധ്യമാകുംവിധം നശിച്ചു കിടക്കുന്നത്.

മേൽവള്ള്യാട്ട് നരസിംഹ-മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള ഭക്തജനങ്ങൾ ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡാണിത്. വാഹനങ്ങൾ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവായിരിക്കുകയാണ്.

മൂന്ന് പഞ്ചായത്തുകൾ കടന്നുപോകുന്ന പാതയായതിനാൽ ഭരണതലത്തിലുള്ള ഏകോപനമില്ലായ്മയാണോ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ സംശയിക്കുന്നു. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് തകർന്ന ഭാഗം സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354598/the-road-in-nadapuram-panchayat-has-collapsed-making-even-walking-difficult)