---
title: "കിണറ്റിൽ മലം തള്ളിയ സംഭവം; കുടിവെള്ളം മുട്ടിക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രതികാരമെന്ന് കെ.കെ രമ എം.എൽ.എ"
english_title: "KK Rama says cutting off drinking water is a heinous political vendetta"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355711/kk-rama-says-cutting-off-drinking-water-is-a-heinous-political-vendetta"
published_at: "2026-04-27T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef0523b2273_9.jpg"
keywords: []
---

# കിണറ്റിൽ മലം തള്ളിയ സംഭവം; കുടിവെള്ളം മുട്ടിക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രതികാരമെന്ന് കെ.കെ രമ എം.എൽ.എ

> **Lead Summary:** **തൂണേരി: [** ആർ.എം.പി.ഐ പ്രവർത്തകന്റെ വീട്ടിലെ കിണറ്റിൽ മലം തള്ളി കുടിവെള്ളം മലിനമാക്കിയ സംഭവം അങ്ങേയറ്റം ഹീനവും മനുഷ്യത്വ രഹിതവുമാണെന്ന് കെ.കെ രമ എം.എൽ.എ.

## Article Content

**തൂണേരി: [** ആർ.എം.പി.ഐ പ്രവർത്തകന്റെ വീട്ടിലെ കിണറ്റിൽ മലം തള്ളി കുടിവെള്ളം മലിനമാക്കിയ സംഭവം അങ്ങേയറ്റം ഹീനവും മനുഷ്യത്വ രഹിതവുമാണെന്ന് കെ.കെ രമ എം.എൽ.എ.

തൂണേരി പട്ടാണിയിലെ തുമ്പോളിപ്പൊയിൽ മനോജന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ. കടുത്ത വേനലിൽ കുടിവെള്ള സ്രോതസ്സുകൾ വറ്റിവരളുമ്പോൾ ഇത്തരം നിചമായ പ്രവർത്തികൾ ചെയ്യുന്നത് ആധുനിക സമൂഹം ആർജ്ജിച്ച മാനവിക മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അവർ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ചതിലുള്ള രാഷ്ട്രീയ വിരോധമാണ് ഈ ആക്രമണത്തിന് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു. മുൻപ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്തും സി.പി.എം പ്രാദേശിക നേതാക്കൾ മനോജിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ആക്ഷേപമുണ്ട്.

ഇതിന് പിന്നാലെ, മനോജിന്റെ വീട് സന്ദർശിച്ച ആർ.എം.പി.ഐ അനുഭാവി അരക്കണ്ടി നാണുവിന്റെ ബൈക്ക് ഇന്നലെ രാത്രി പെട്രോൾ പൈപ്പ് മുറിച്ച് നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ സാമൂഹ്യവിരുദ്ധ സംഘങ്ങൾ പ്രദേശത്ത് വലിയ കലാപത്തിന് കോപ്പുകൂട്ടുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് നേതാക്കൾ ആരോപിച്ചു.

കുറ്റവാളികളെ പിടികൂടുന്ന കാര്യത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് അടിയന്തരവും കർശനവുമായ നടപടികൾ ഉണ്ടാകണമെന്ന് ആർ.എം.പി.ഐ ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ ആവശ്യപ്പെട്ടു. എം.എൽ.എയ്‌ക്കൊപ്പം ആർ.എം.പി.ഐ നാദാപുരം ഏരിയ ചെയർമാൻ പുരുഷു ആരനാണ്ടി ഉൾപ്പെടെയുള്ള നേതാക്കളും വീട് സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355711/kk-rama-says-cutting-off-drinking-water-is-a-heinous-political-vendetta)