---
title: "തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; ആഹ്ലാദ പ്രകടനങ്ങളിൽ സംയമനം പാലിക്കാൻ സർവ്വകക്ഷി യോഗ തീരുമാനം "
english_title: "All-party meeting decides to exercise restraint in celebrations"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356603/all-party-meeting-decides-to-exercise-restraint-in-celebrations"
published_at: "2026-05-01T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f45cda57558_11.jpg"
keywords: []
---

# തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; ആഹ്ലാദ പ്രകടനങ്ങളിൽ സംയമനം പാലിക്കാൻ സർവ്വകക്ഷി യോഗ തീരുമാനം 

> **Lead Summary:** **നാദാപുരം:[ **നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപന ദിവസം സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം നാദാപുരം ഡിവൈഎസ്പി പ്രവീൺകുമാർ കെ ജി വിളിച്ചു ചേർത്തു.

## Article Content

**നാദാപുരം:[ **നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപന ദിവസം സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം നാദാപുരം ഡിവൈഎസ്പി പ്രവീൺകുമാർ കെ ജി വിളിച്ചു ചേർത്തു.

ആഹ്ലാദ പ്രകടനങ്ങൾ സംയമനത്തോടെയും സമാധാന പൂർണമായും നടത്തേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ഡിവൈഎസ്പി വിശദീകരിച്ചു. വൈകുന്നേരം 6 മണിക്ക് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ല എന്നും പോലീസിന്റെ മുൻകൂർ അനുമതി ഇല്ലാതെ ഡിജെ സെറ്റ് ഉപയോഗിച്ചും മോട്ടോർസൈക്കിൾ റാലി നടത്തിയും നടത്തുന്ന ആഹ്ലാദ പ്രകടനങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതാണ് എന്നും പ്രധാനപ്പെട്ട ടൗണുകളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതാണന്നും സർവ്വകക്ഷി യോഗത്തിൽ ഡിവൈഎസ്പി അറിയിച്ചു.

ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്ന റൂട്ട്, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം, ആഹ്ലാദ പ്രകടനം നിയന്ത്രിക്കുന്ന നേതാക്കന്മാരുടെ പേര് വിവരങ്ങൾ എന്നിവ മുൻകൂട്ടി പോലീസിനെ അറിയിക്കേണ്ടതാണ്.

മണ്ഡലത്തിൽ വിജയിക്കുന്ന പാർട്ടിയുടെ ആഹ്ലാദപ്രകടനം ഫലപ്രഖ്യാപന ദിവസം വൈകുന്നേരം 6 മണി വരെയും സംസ്ഥാന തലത്തിൽ വിജയിക്കുന്ന കക്ഷിയുടെ ആഹ്ലാദ പ്രകടനം മെയ് അഞ്ചിന് വൈകുന്നേരം 6 മണി വരെയും മാത്രമേ നടത്താൻ പാടുള്ളൂ എന്ന് യോഗത്തിൽ തീരുമാനമെടുത്തു.

എല്ലാ ആഹ്ലാദ പ്രകടനങ്ങളിലും മുതിർന്ന നേതാക്കളുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നും പ്രകോപനപരമായതോ വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തിലോ ഉള്ള മുദ്രാവാക്യങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവ കർശനമായി ഒഴിവാക്കണമെന്നും ആഹ്ലാദപ്രകടനങ്ങളിൽ പടക്കം ഉപയോഗിക്കരുത് എന്നും തീരുമാനിച്ചു.

യോഗത്തിൽ നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടിൽപാലം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വി പി കുഞ്ഞികൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, എ മോഹൻദാസ്, മോഹനൻ പാറക്കടവ്, കെ ടി കെ ചന്ദ്രൻ, വത്സരാജ് മണലാട്ട്, ടി സുഗതൻ, വി പി അശോകൻ, എം ടി കെ ഇബ്രാഹിം, കരിമ്പിൽ ദിവാകരൻ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356603/all-party-meeting-decides-to-exercise-restraint-in-celebrations)