---
title: "എടച്ചേരി തുരുത്തി കോട്ടയിൽ ക്ഷേത്ര പ്രതിഷ്ഠാദിനാഘോഷത്തിന് തുടക്കമായി; സമാപനം വ്യാഴാഴ്ച"
english_title: "Temple dedication day celebrations begin at Edacherry Thuruthi Kotta"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/357642/temple-dedication-day-celebrations-begin-at-edacherry-thuruthi-kotta"
published_at: "2026-05-06T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fae369b4da0_nada5.jpg"
keywords: []
---

# എടച്ചേരി തുരുത്തി കോട്ടയിൽ ക്ഷേത്ര പ്രതിഷ്ഠാദിനാഘോഷത്തിന് തുടക്കമായി; സമാപനം വ്യാഴാഴ്ച

> **Lead Summary:** **എടച്ചേരി: [** എടച്ചേരി തുരുത്തി കോട്ടയിൽ ശ്രീ കിരാതമൂർത്തി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കമായി.

## Article Content

**എടച്ചേരി: [** എടച്ചേരി തുരുത്തി കോട്ടയിൽ ശ്രീ കിരാതമൂർത്തി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കമായി.

തന്ത്രി പത്മനാഭൻ തരണല്ലൂർ തെക്കിനിയേടത്ത് മുഖ്യകാർമ്മികത്വം വഹിക്കുന്ന ചടങ്ങുകൾ വരും ദിവസങ്ങളിലും തുടരും.

ആഘോഷങ്ങളുടെ ആദ്യദിനമായ ചൊവ്വാഴ്ച വൈകുന്നേരം കലവറ നിറയ്ക്കൽ ചടങ്ങും തുടർന്ന് രാത്രി എട്ടു മണിയോടെ പ്രാദേശിക കലാകാരന്മാർ അണിനിരന്ന 'മഴവില്ല് 2026' എന്ന നൃത്ത സംഗീത വിരുന്നും നടന്നു.

രണ്ടാം ദിവസമായ ബുധനാഴ്ച രാവിലെ 5:30-ന് അഭിഷേകത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ഉഷപൂജ, ശിവസഹസ്രനാമാർച്ചന, ഉച്ചപൂജ എന്നിവയ്ക്ക് ശേഷം വൈകുന്നേരം ദീപാരാധനയും സർപ്പബലിയും നടക്കും.

തുടർന്ന് ഭഗവതി സേവയും അത്താഴപൂജയും ഉണ്ടാകും. പ്രതിഷ്ഠാദിനമായ വ്യാഴാഴ്ചയാണ് ആഘോഷങ്ങൾ സമാപിക്കുന്നത്. അന്ന് പുലർച്ചെ മഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം എന്നിവ നടക്കും.

ഉച്ചയ്ക്ക് 12:30-ന് നടക്കുന്ന പ്രസാദ ഊട്ടാണ് പ്രധാന ചടങ്ങുകളിൽ ഒന്ന്. വൈകുന്നേരം ദീപാരാധനയും നിറമാലയും അത്താഴ പൂജയും പൂർത്തിയാകുന്നതോടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് സമാപനമാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/357642/temple-dedication-day-celebrations-begin-at-edacherry-thuruthi-kotta)