---
title: "ആരോഗ്യം ഇനി സുരക്ഷിതം; എടച്ചേരി പൊന്നാറത്ത് താഴ അങ്കണവാടി തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി"
english_title: "CONTENT HIGHLIGHTS Waste removal from Anganwadi stream has begun"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361030/content-highlights-waste-removal-from-anganwadi-stream-has-begun"
published_at: "2026-05-22T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1020d34dec3_21.jpg"
keywords: ["Latest News", "Edachery", "Cleaning"]
---

# ആരോഗ്യം ഇനി സുരക്ഷിതം; എടച്ചേരി പൊന്നാറത്ത് താഴ അങ്കണവാടി തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി

> **Lead Summary:** **എടച്ചേരി: [**[ ]മഴക്കാല പൂർവ്വ ശുചീകരണം നടത്താത്തതു കാരണം മാലിന്യങ്ങൾ അടിഞ്ഞുകൂടി വെള്ളക്കെട്ടുണ്ടായ എടച്ചേരി പുതിയങ്ങാടി പൊന്നാറത്ത് താഴ അങ്കണവാടി തോട്ടിലെ മാലിന്യങ്ങൾ ഒടുവിൽ നീക്കം ചെയ്തു തുടങ്ങി.

## Article Content

**എടച്ചേരി: [**[ ]മഴക്കാല പൂർവ്വ ശുചീകരണം നടത്താത്തതു കാരണം മാലിന്യങ്ങൾ അടിഞ്ഞുകൂടി വെള്ളക്കെട്ടുണ്ടായ എടച്ചേരി പുതിയങ്ങാടി പൊന്നാറത്ത് താഴ അങ്കണവാടി തോട്ടിലെ മാലിന്യങ്ങൾ ഒടുവിൽ നീക്കം ചെയ്തു തുടങ്ങി.

തോട് മലിനമായതിനെക്കുറിച്ചുള്ള വാർത്തയെ തുടർന്ന് പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടുകയായിരുന്നു. അധികൃതരുടെ നിർദ്ദേശപ്രകാരം പതിമൂന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇപ്പോൾ തോട് വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.

ആദ്യഘട്ടമെന്ന നിലയിൽ, തോടും തോടോരവും കൈയേറി തള്ളിയിരുന്ന വാഴയിലകളും മറ്റ് അവശിഷ്ടങ്ങളും തൊഴിലാളികൾ കഴിഞ്ഞ ദിവസം ഉടമസ്ഥരുടെ പറമ്പുകളിലേക്ക് തന്നെ എടുത്തുമാറ്റിയിരുന്നു.

ആദ്യമഴ പെയ്തതോടെ എടച്ചേരി അങ്ങാടിയിൽ നിന്നും പരിസരങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് അടക്കമുള്ള അഴുക്കുകൾ മുഴുവൻ ഒഴുകിയെത്തുന്നത് ഈ തോട്ടിലേക്കാണ്. മാലിന്യം കുന്നുകൂടി ഒഴുക്ക് തടസ്സപ്പെട്ടതോടെ സമീപത്തെ കിണറുകളിലെ വെള്ളം മലിനമാകാനും കൊതുകുശല്യം രൂക്ഷമാകാനും ഇത് കാരണമായിരുന്നു.

അങ്കണവാടിയോട് ചേർന്നുള്ള ഈ തോട് മാലിന്യകേന്ദ്രമായതോടെ പിഞ്ചുകുട്ടികൾക്ക് കൊതുക് ജന്യരോഗങ്ങൾ പിടിപെടുമോ എന്ന വലിയ ഭീതിയിലായിരുന്നു രക്ഷിതാക്കൾ. ഹരിതകർമസേന വീടുകളിൽ നേരിട്ടെത്തി 50 രൂപ നിരക്കിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും, പൊതുതോടുകളിൽ ഇപ്പോഴും അനിയന്ത്രിതമായി മാലിന്യം തള്ളുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

പുതിയങ്ങാടിയോട് ചേർന്നുള്ള ചില ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മലിനജലം നേരിട്ട് ഒഴുക്കിവിടുന്നതും ഈ തോട്ടിലേക്കാണെന്ന് ശുചീകരണത്തിൽ ഏർപ്പെട്ട തൊഴിലാളികൾ തന്നെ ചൂണ്ടിക്കാണിക്കുന്നു.

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ പഞ്ചായത്ത് അധികൃതർ കർശന നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ, കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ വേണമെന്ന ആവശ്യവുമായി വിവിധ വാർഡ് സമിതികളും ഗ്രൂപ്പുകളും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361030/content-highlights-waste-removal-from-anganwadi-stream-has-begun)