---
title: "വിവാഹം കഴിഞ്ഞ പിറ്റേന്ന് മുതൽ പീഡനം,സ്വർണം തട്ടിയെടുത്തു; യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ് "
english_title: "content highlights Case filed against husband for mentally torturing wife"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361055/content-highlights-case-filed-against-husband-for-mentally-torturing-wife"
published_at: "2026-05-22T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a103235c78e2_26.jpg"
keywords: ["Latest News", "Nadapuram", "Torture"]
---

# വിവാഹം കഴിഞ്ഞ പിറ്റേന്ന് മുതൽ പീഡനം,സ്വർണം തട്ടിയെടുത്തു; യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ് 

> **Lead Summary:** **നാദാപുരം: [**[ ] വിവാഹസമ്മാനമായി ലഭിച്ച 35 പവൻ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുകയും മാനസികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

## Article Content

**നാദാപുരം: [**[ ] വിവാഹസമ്മാനമായി ലഭിച്ച 35 പവൻ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുകയും മാനസികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കല്ലുള്ളതിൽ താജുദ്ദീന്റെ മകൾ സഹല ഫർബീൻ (27) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര സ്വദേശിയായ ചേനോളി മാവിലകണ്ടി വീട്ടിൽ ഇസ്മായിലിന്റെ മകൻ തനവീർ എം.കെ (35) ക്കെതിരെയാണ് പോലീസ് നിയമനടപടി സ്വീകരിച്ചത്.

2018 ജൂൺ 28-നായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മുതൽ ഭർത്താവ് തനവീർ തന്നെ തുടർച്ചയായി മാനസികമായും ശാരീരികമായും ഉപദ്രവിക്കാൻ തുടങ്ങിയെന്നാണ് സഹല പരാതിയിൽ പറയുന്നത്.

ചേനോളിയിലെ കുടുംബവീട്ടിൽ വെച്ചും പിന്നീട് ഒന്നിച്ച് താമസിച്ച വിദേശത്തു വെച്ചും താൻ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകേണ്ടി വന്നതായും യുവതി വ്യക്തമാക്കുന്നുണ്ട്. വിവാഹവേളയിൽ സഹലയുടെ വീട്ടുകാർ സമ്മാനമായി നൽകിയ 35 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ പ്രതി സ്വന്തം ആവശ്യങ്ങൾക്കായി കൈക്കലാക്കുകയായിരുന്നു.

പിന്നീട് ഈ ആഭരണങ്ങൾ തിരികെ ചോദിച്ചപ്പോൾ നൽകാതെ വിശ്വാസവഞ്ചന കാണിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. നാദാപുരം പോലീസ് നിലവിൽ പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361055/content-highlights-case-filed-against-husband-for-mentally-torturing-wife)