---
title: "തിരിഞ്ഞുനോക്കാതെ അധികൃതർ; ഇരിങ്ങണ്ണൂർ സംസ്ഥാന പാതയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു, അപകടഭീതിയിൽ യാത്രക്കാർ"
english_title: "content highlights:- A pipe bursts on the Iringanur state highway, causing drinking water to be wasted."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/362085/content-highlights-a-pipe-bursts-on-the-iringanur-state-highway-causing-drinking-water-to-be-wasted"
published_at: "2026-05-27T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a169246ed108_nada6.jpg"
keywords: ["Latest News", "Iringannur", "Drinking water"]
---

# തിരിഞ്ഞുനോക്കാതെ അധികൃതർ; ഇരിങ്ങണ്ണൂർ സംസ്ഥാന പാതയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു, അപകടഭീതിയിൽ യാത്രക്കാർ

> **Lead Summary:** **എടച്ചേരി: [** ഇരിങ്ങണ്ണൂർ സംസ്ഥാന പാതയിലെ അപകട വളവിൽ കുടിവെള്ള പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം പാഴായിട്ടും അടിയന്തര നടപടി സ്വീകരിക്കാതെ അധികൃതർ മെല്ലെപ്പോക്ക് തുടരുന്നതായി പരാതി.

## Article Content

**എടച്ചേരി: [** ഇരിങ്ങണ്ണൂർ സംസ്ഥാന പാതയിലെ അപകട വളവിൽ കുടിവെള്ള പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം പാഴായിട്ടും അടിയന്തര നടപടി സ്വീകരിക്കാതെ അധികൃതർ മെല്ലെപ്പോക്ക് തുടരുന്നതായി പരാതി.

പുതിയടത്ത് കാക്കന്നൂർ റോഡ്, തെക്കെ പുന്നാറത്ത് താഴ റോഡ് കവലയിലാണ് പൈപ്പ് പൊട്ടി റോഡിൽ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. ദിവസങ്ങൾ പിന്നിടുന്തോറും ഈ കുഴിയുടെ വലിപ്പം കൂടിവരികയാണെന്ന് നാട്ടുകാർ പറയുന്നു.

കൊടുംവളവും രണ്ട് പോക്കറ്റ് റോഡുകൾ വന്ന് ചേരുന്ന കവലയുമായതിനാൽ തന്നെ ഇവിടെ എപ്പോഴും വലിയ അപകടസാധ്യത നിലനിൽക്കുന്നുണ്ട്. റോഡിലെ കൊടുംവളവും കയറ്റിറക്കങ്ങളും മരാമത്ത് പണികൾ കൃത്യമല്ലാത്തതിനാൽ റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുത തൂണുകളുമാണ് ഈ ഭാഗത്തെ പ്രധാന അപകടക്കെണികൾ.

ഇതിനു പുറമെയാണ് ഇരുവശങ്ങളിലെയും ഇടറോഡുകളിൽ നിന്നും അശ്രദ്ധമായി സംസ്ഥാന പാതയിലേക്ക് വാഹനങ്ങൾ കയറി വരുന്നത്. ഈ പ്രതിസന്ധികൾക്ക് നടുവിലാണ് ഇപ്പോൾ 'കൂനികന്മേൽ കുരു' എന്നോണം പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികളും യാത്രക്കാർക്ക് വില്ലനാകുന്നത്.

വേനൽ രൂക്ഷമായതോടെ പ്രദേശത്തെ പലയിടങ്ങളിലും ടാങ്കറുകളിൽ കുടിവെള്ളം എത്തിച്ച് ജനങ്ങൾ കഷ്ടപ്പെടുമ്പോഴാണ്, ഇവിടെ ദിവസേന ലിറ്റർ കണക്കിന് ശുദ്ധജലം റോഡിലൂടെ ഒലിച്ചുപോയി നശിക്കുന്നത്. ഈ ദുരവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ട് പൈപ്പ് ലൈൻ അറ്റകുറ്റപ്പണി തീർക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/362085/content-highlights-a-pipe-bursts-on-the-iringanur-state-highway-causing-drinking-water-to-be-wasted)