---
title: "‘ഒന്ന്‌’ ഇന്ന് 4ന് ; കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നാടകയാത്ര ഇന്ന് ഇരിങ്ങണ്ണൂരിൽ"
english_title: "‘One’ today at 4 p.m .; Kerala Sasthrasahithya Parishad's drama tour today in Iringannur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/36440/one-today-at-4-pm-kerala-sasthrasahithya-parishads-drama-tour-today-in-iringannur"
published_at: "2022-04-08T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624faa4bcc119_nadakam.jpg"
keywords: []
---

# ‘ഒന്ന്‌’ ഇന്ന് 4ന് ; കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നാടകയാത്ര ഇന്ന് ഇരിങ്ങണ്ണൂരിൽ

> **Lead Summary:** ** നാദാപുരം: ** കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന നാടകയാത്ര ഇന്ന് ഇരിങ്ങണ്ണൂരിൽ. വൈകിട്ട് നാലിനാണ് പരിപാടി. ഞായറാഴ്‌ച വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാടകം അരങ്ങേറും. മനുഷ്യന്റെ സ്വാർത്ഥതയിൽ നശിക്കുന്ന നാടിന്റെ യാഥാർഥ്യം വരച്ചുകാട്ടുകയാണ്‌ ‘ഒന്ന്‌’ എന്ന നാടകം.

## Article Content

** നാദാപുരം: ** കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന നാടകയാത്ര ഇന്ന് ഇരിങ്ങണ്ണൂരിൽ. വൈകിട്ട് നാലിനാണ് പരിപാടി. ഞായറാഴ്‌ച വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാടകം അരങ്ങേറും. മനുഷ്യന്റെ സ്വാർത്ഥതയിൽ നശിക്കുന്ന നാടിന്റെ യാഥാർഥ്യം വരച്ചുകാട്ടുകയാണ്‌ ‘ഒന്ന്‌’ എന്ന നാടകം.

ഇവിടെ വവ്വാലും പന്നിയും രോഗികളും രോഗവാഹകരുമാകുന്നു, വന്യമൃഗങ്ങൾ കൂട്ടത്തോടെ കാടിറങ്ങുന്നു, പ്രളയങ്ങൾ തുടർക്കഥയാവുന്നു. ഒന്നുവരുന്നു, ഒന്നായിവരുന്നു... ഒരുമയുടെ രാഷ്‌ട്രീയ പാഠം പാടിപ്പറഞ്ഞാണ് നാടകം തെരുവുകൾ കീഴടക്കുന്നത്.

കാലത്തെ രണ്ടായിപ്പകുത്ത മഹാമാരിയുടെ നാളുകൾക്കുശേഷം ഒരുമയുടെ രാഷ്ട്രീയ പാഠം പങ്കുവെയ്‌ക്കപ്പെടുകയാണ്‌ ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകം. മഹാമാരികൾ ഉണ്ടാവുന്നത്‌ ശാസ്‌ത്രാവബോധത്തിലൂടെ തടയുക എന്നതാണ്‌ ലക്ഷ്യമിടുന്നത്‌.

നൊണ, മത്തി എന്നീ നാടകങ്ങളിലൂടെ ശ്രദ്ധേയനായ ജിനോ ജോസഫാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്‌. കോവിഡിന്റെ വരവ് സങ്കീർണതയിലാഴ്‌ത്തിയത്‌ മാനവ സമൂഹത്തെയാണ്‌. അതിനുമുമ്പേ കാലാവസ്ഥാ മാറ്റവും പ്രളയവും പല മട്ടിലുള്ള ദുരനുഭവങ്ങൾക്കും ഈ നാടും ജനതയും സാക്ഷിയായി.

ഈ പശ്ചാത്തലത്തിലാണ് സർവ ചരാചരങ്ങളുടെയും സന്തുലിത നിലനിൽപ്പ് ഉറപ്പുവരുത്തുന്ന ‘ഏകലോകം ഏകാരോഗ്യം’ എന്ന പ്രമേയത്തിലൂന്നിയുള്ള ഒന്ന് എന്ന നാടകം ശ്രദ്ധേയമാകുന്നത്. എം എം സചീന്ദ്രനാണ്‌ ഗാനരചന. സംഗീതം കോട്ടക്കൽ മുരളി. പശ്‌ചാത്തലസംഗീതം മിഥുൻ മലയാളം. കലാസംവിധാനം ഷബിൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/36440/one-today-at-4-pm-kerala-sasthrasahithya-parishads-drama-tour-today-in-iringannur)