---
title: "നാദാപുരം-കൈനാട്ടി സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; അമിതവേഗത തടയാൻ നടപടി വേണമെന്ന് ആവശ്യം ശക്തം"
english_title: "Accidents on the Nadapuram-Kainatty state highway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365908/accidents-on-the-nadapuram-kainatty-state-highway"
published_at: "2026-06-14T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e53dc8bb21_nada3.jpg"
keywords: ["Latest News", "Nadapuram", "State Highway", "Accidents"]
---

# നാദാപുരം-കൈനാട്ടി സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; അമിതവേഗത തടയാൻ നടപടി വേണമെന്ന് ആവശ്യം ശക്തം

> **Lead Summary:** **എടച്ചേരി:[ **നാദാപുരം-കൈനാട്ടി സംസ്ഥാന പാതയിൽ അപകടങ്ങൾ പെരുകുമ്പോഴും അധികൃതർ മൗനം പാലിക്കുന്നത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു.

## Article Content

**എടച്ചേരി:[ **നാദാപുരം-കൈനാട്ടി സംസ്ഥാന പാതയിൽ അപകടങ്ങൾ പെരുകുമ്പോഴും അധികൃതർ മൗനം പാലിക്കുന്നത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു.

റോഡ് വീതികൂട്ടിയതോടെ വാഹനങ്ങളുടെ അമിതവേഗതയാണ് പ്രധാനമായും അപകടങ്ങൾക്ക് വഴിവെക്കുന്നത്. കഴിഞ്ഞ ദിവസം ഓർക്കാട്ടേരി ഒ.പി.കെ സ്റ്റോപ്പിന് സമീപം കാറിനെ മറികടക്കാൻ ശ്രമിച്ച രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 35 പേർക്ക് പരിക്കേറ്റത് സമീപകാലത്തെ വലിയ അപകടങ്ങളിലൊന്നാണ്.

ഈ പാതയിൽ അമിതവേഗതയിൽ എത്തിയ വാഹനങ്ങൾ ഇടിച്ച് രണ്ട് വയോജനങ്ങൾ മരിച്ച സംഭവവും, ഓർക്കാട്ടേരി മരമില്ലിന് സമീപം പിക്കപ്പ് വാനും ജിപ്സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവവും ഇതിനോടകം ഉണ്ടായിട്ടുണ്ട്.

എടച്ചേരി കളിയാംവെള്ളി പാലത്തിന് സമീപം തുടർച്ചയായി മൂന്ന് ബസ് അപകടങ്ങൾ ഉണ്ടാവുകയും, അതിൽ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

എടച്ചേരി ടൗണിലെ ആലിശ്ശേരി റോഡ് ജംഗ്ഷനിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് മറ്റൊരു വാഹനത്തിനടിയിൽ വീണ യുവാവ് തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. ഇതിനുപുറമെ, കാർ ഓട്ടോയിലും ബൈക്കിലുമിടിച്ച് ദമ്പതികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റതുൾപ്പെടെ നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് റിപ്പോർട്ട് ചെയ്യുന്നത്.

റോഡിലെ അമിതവേഗത നിയന്ത്രിക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ വേഗത കുറയ്ക്കുന്നതിനുള്ള നടപടികളോ പോലീസ് ഒരുക്കുന്നില്ലെന്ന് കച്ചവടക്കാരും ഓട്ടോ തൊഴിലാളികളും ആരോപിക്കുന്നു.

തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365908/accidents-on-the-nadapuram-kainatty-state-highway)