---
title: "ലഹരിക്കെതിരെ ജനകീയ പ്രതിരോധം; കല്ലാച്ചിയിൽ ‘അൽ മനാർ എക്സലൻസ്’ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു"
english_title: "Popular resistance against drug addiction, 'Al Manar Excellence' awareness gathering organized in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367425/popular-resistance-against-drug-addiction-al-manar-excellence-awareness-gathering-organized-in-kallachi"
published_at: "2026-06-21T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37fb490e995_kallachi.jpg"
keywords: ["Latest News", "Drug Addiction", "Al Manar Excellence", "Kallachi", "K M Abhijith MLA"]
---

# ലഹരിക്കെതിരെ ജനകീയ പ്രതിരോധം; കല്ലാച്ചിയിൽ ‘അൽ മനാർ എക്സലൻസ്’ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കല്ലാച്ചി: **സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ലഹരിമാഫിയക്കെതിരെ നടന്നുവരുന്ന ‘ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്’ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കല്ലാച്ചി അൽമനാർ ഹയർസെക്കൻഡറി മദ്രസയിൽ വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു.

## Article Content

**കല്ലാച്ചി: **സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ലഹരിമാഫിയക്കെതിരെ നടന്നുവരുന്ന ‘ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്’ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കല്ലാച്ചി അൽമനാർ ഹയർസെക്കൻഡറി മദ്രസയിൽ വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു.

കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം) പോഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും അണിനിരത്തി നടത്തുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി ‘അൽ മനാർ എക്സലൻസ്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

ലഹരി വിപത്തിനെതിരെയുള്ള പോരാട്ടം കേവലമൊരു ഭരണകൂട നടപടിയായി മാത്രം കാണരുതെന്നും, നമ്മുടെ തലമുറകളുടെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കായുള്ള അനിവാര്യമായ ജനകീയ പ്രതിരോധമാണെന്നും എം.എൽ.എ ഓർമ്മിപ്പിച്ചു.

> "കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുകയും സമൂഹത്തിന്റെ സദാചാരബോധത്തെ തകർക്കുകയും ചെയ്യുന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണം.

> ഒരു വീടോ ഒരു കുട്ടിയോ പോലും ലഹരിയുടെ കെണിയിൽ വീഴില്ലെന്ന് ഉറപ്പാക്കാൻ രക്ഷിതാക്കളും പൊതുസമൂഹവും സദാ ജാഗരൂകരായിരിക്കണം. നമ്മുടെ നാടിന്റെ സുരക്ഷയ്ക്കായി സർക്കാർ നടത്തുന്ന ഈ വലിയ ദൗത്യത്തിന് നല്ലവരായ മുഴുവൻ പൊതുജനങ്ങളും പൂർണ്ണ പിന്തുണ നൽകണം."

മദ്രസ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റും മുതിർന്ന മാധ്യമപ്രവർത്തകനുമായ ജമാൽ കല്ലാച്ചി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സന്ദേശങ്ങൾ സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് എത്തിക്കാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലഹരിവിരുദ്ധ സന്ദേശത്തോടൊപ്പം അറിവിന്റെ പ്രാധാന്യം കൂടി വിളിച്ചോതിയ ചടങ്ങിൽ, മദ്രസ പൊതുപരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച പ്രതിഭകളെ ആദരിക്കുകയും ചെയ്തു. കെ.എൻ.എം കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി.കെ. പോക്കർ മാസ്റ്റർ മിടുക്കർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.

ചടങ്ങിൽ കെ.എൻ.എം നാദാപുരം മണ്ഡലം പ്രസിഡന്റ് നെല്ലിയുള്ളതിൽ അബ്ദുള്ള, മണ്ഡലം മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ജനറൽ കൺവീനർ അസ്‌ലം കളത്തിൽ തുടങ്ങിയവർ സംസാരിച്ചു. പി. ഇബ്രാഹിം നരിക്കാട്ടേരി സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ എൻ എം നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി നസീർ ടി.പി നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും അടക്കം വൻ ജനപങ്കാളിത്തത്തോടെയാണ് പരിപാടി സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367425/popular-resistance-against-drug-addiction-al-manar-excellence-awareness-gathering-organized-in-kallachi)