---
title: "നാദാപുരത്ത് ഷിഗല്ല രോഗബാധ; ഭക്ഷണശാലകളിൽ പരിശോധന ഊർജിതമാക്കണമെന്ന് നാട്ടുകാർ"
english_title: "Shigella infection in Nadapuram, demand for stricter inspections by the Food Safety Department to address people's concerns is growing"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367427/shigella-infection-in-nadapuram-demand-for-stricter-inspections-by-the-food-safety-department-to-address-peoples-concerns-is-growing"
published_at: "2026-06-21T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3804a9ead6c_food.jpg"
keywords: ["Latest News", "Shigella", "Nadapuram", "Food Safety Department"]
---

# നാദാപുരത്ത് ഷിഗല്ല രോഗബാധ; ഭക്ഷണശാലകളിൽ പരിശോധന ഊർജിതമാക്കണമെന്ന് നാട്ടുകാർ

> **Lead Summary:** നാദാപുരം: നാദാപുരത്ത് ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

## Article Content

നാദാപുരം: നാദാപുരത്ത് ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമായതിനാൽ ഹോട്ടലുകൾ, തട്ടുകടകൾ, ഇറച്ചി വില്പനശാലകൾ, ചിക്കൻ സ്റ്റാളുകൾ എന്നിവിടങ്ങളിൽ അടിയന്തര പരിശോധന വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നേരത്തെ കല്ലാച്ചി ഉൾപ്പെടെയുള്ള നാദാപുരം സർക്കിൾ പരിധിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ശക്തമായ പരിശോധനകൾ നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാൽ ഷിഗല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, കൂടുതൽ ശക്തമായ ഇടപെടൽ ഈ മേഖലയിൽ ഉണ്ടാകണമെന്നാണ് പൊതുജനവികാരം.

ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം, കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ശുചിത്വം, ഹോട്ടലുകളിൽ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ സ്രോതസ്സുകൾ എന്നിവ കർശനമായി പരിശോധിക്കേണ്ടതുണ്ട്.

നിലവിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോഗബാധിത പ്രദേശങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും കുടിവെള്ള സ്രോതസ്സുകളുടെ ക്ലോറിനേഷനും നടക്കുന്നുണ്ടെങ്കിലും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള കടുത്ത നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ലെന്നാണ് പരാതി ഉയരുന്നത്.

**ലക്ഷണങ്ങളും മുൻകരുതലുകളും:**

ഛർദ്ദി, വയറിളക്കം, പനി എന്നിവയാണ് ഷിഗല്ലയുടെ പ്രധാന ലക്ഷണങ്ങൾ. രോഗബാധയെ ചെറുക്കാൻ കൈകൾ എപ്പോഴും സോപ്പിട്ട് കഴുകുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക, പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണസാധനങ്ങൾ പൂർണ്ണമായും ഒഴിവാക്കുക എന്നിവയാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ.

പ്രദേശത്തെ ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും ഇത്തരം മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367427/shigella-infection-in-nadapuram-demand-for-stricter-inspections-by-the-food-safety-department-to-address-peoples-concerns-is-growing)