---
title: "കണ്ണീർ നോവായി നാട്; ഖത്തർ റാസ് ലഫാൻ ദുരന്തം, അപകടത്തിൽ മരിച്ച അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു"
english_title: "Qatar Ras Laffan tragedy body of Arjun who died in the accident brought home"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368454/qatar-ras-laffan-tragedy-body-of-arjun-who-died-in-the-accident-brought-home"
published_at: "2026-06-26T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3de49935e76_arjun_body.jpg"
keywords: ["Latest News", "Qatar Ras Laffan Explosion", "Arjun Death"]
---

# കണ്ണീർ നോവായി നാട്; ഖത്തർ റാസ് ലഫാൻ ദുരന്തം, അപകടത്തിൽ മരിച്ച അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു

> **Lead Summary:** നാദാപുരം : ഖത്തറിലെ അപകടത്തിൽ മരിച്ച കോഴിക്കോട് തൂണേരി സ്വദേശി അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. 8 മണിക്ക് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. പുലര്‍ച്ചെ 2.30 ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച ശേഷം ആറ് മണിയോടെ തൂണേരിയിലെ വീട്ടിലെത്തിച്ചത്.

## Article Content

നാദാപുരം : ഖത്തറിലെ അപകടത്തിൽ മരിച്ച കോഴിക്കോട് തൂണേരി സ്വദേശി അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. 8 മണിക്ക് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. പുലര്‍ച്ചെ 2.30 ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച ശേഷം ആറ് മണിയോടെ തൂണേരിയിലെ വീട്ടിലെത്തിച്ചത്.

വീട്ടിൽ പൊതു ദർശനം തുടരുകയാണ്. ഉറ്റ സുഹൃത്തുക്കളും നാട്ടുകാരും അർജുനെ ഒരുനോക്കു കാണാൻ പുലർച്ചെ തന്നെ വീട്ടിൽ എത്തി.

പ്രവാസലോകത്തെ ഞെട്ടിച്ച സ്ഫോടനത്തിൽ അർജുന്റെ അകാല വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. നാലു വര്‍ഷമായി അര്‍ജുന്‍ ദുബായിലെ കമ്പനിയില്‍ പ്ലാന്റ് സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. ആറു മാസം മുൻപ് കരാർ കമ്പനി വഴിയാണ് അർജുൻ ദുബായിൽനിന്ന് ഖത്തറിലേക്ക് ജോലിക്കായി മാറിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ഖത്തറിനെ നടുക്കിയ ദുരന്തം ഉണ്ടായത്.

കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു അർജുന്റെയും വാണിമേൽ പുതുക്കയം സ്വദേശി അതുല്യയുമായുള്ള വിവാഹം. പുറമേരി വെള്ളൂർ കളരിയുള്ളതിൽ ബാബുവിന്റെയും സീനയുടെയും മകനാണ് അർജുൻ. സഹോദരി: വിസ്മയ.

അപകടത്തിൽ മരിച്ച അർജുന്റെ വീട്ടിൽ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഇന്നലെ രാത്രി നാദാപുരം എംഎൽഎ കെ എം അഭിജിത്ത് എത്തിയിരുന്നു.

ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിൽ ഉൽപാദനം പുനരാരംഭിക്കാനിരിക്കെയാണ് അപകടം. 12 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 13 പേർ മരിച്ചതായി ഖത്തർ എനർജി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. മരിച്ച മറ്റൊരാൾ പാക്കിസ്ഥാനിയാണ്.

ഫാക്ടറിയിലെ സാധാരണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ ഈ അപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 66 തൊഴിലാളികൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368454/qatar-ras-laffan-tragedy-body-of-arjun-who-died-in-the-accident-brought-home)