---
title: "ടി ബി മുക്ത ഭാരത് അഭിയാൻ; ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്കാരവും വെള്ളിമെഡലും നാദാപുരം ഗ്രാമ പഞ്ചായത്തിന്"
english_title: "Nadapuram wins Tuberculosis-free Panchayat Award"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368637/nadapuram-wins-tuberculosis-free-panchayat-award"
published_at: "2026-06-26T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e8ef2be662_nadapuram.jpg"
keywords: ["Latest News", "Nadapuram Panjayat", "Tuberculosis Free Panjayat", "Award"]
---

# ടി ബി മുക്ത ഭാരത് അഭിയാൻ; ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്കാരവും വെള്ളിമെഡലും നാദാപുരം ഗ്രാമ പഞ്ചായത്തിന്

> **Lead Summary:** **നാദാപുരം: **ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങളിലൂടെ ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് കുതിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത്.

## Article Content

**നാദാപുരം: **ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങളിലൂടെ ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് കുതിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി നൽകുന്ന 2025-26 വർഷത്തെ സിൽവർ (വെള്ളി) മെഡലിനാണ് നാദാപുരം ഗ്രാമപഞ്ചായത്ത് അർഹത നേടിയത്. ഈ അഭിമാന പുരസ്കാരം നേടുന്ന കോഴിക്കോട് ജില്ലയിലെ ഏക പഞ്ചായത്തുകൂടിയാണ് നാദാപുരം.

പഞ്ചായത്തിന്റെ കൃത്യമായ ആസൂത്രണവും ആരോഗ്യവകുപ്പിന്റെ നിരന്തരമായ ഇടപെടലുകളുമാണ് ഈ വലിയ നേട്ടത്തിന് പിന്നിൽ. പ്രതിവർഷം രണ്ടായിരത്തോളം ആളുകളുടെ സാമ്പിൾ പരിശോധനകൾ നടത്തിയാണ് പഞ്ചായത്തിൽ രോഗികളെ കണ്ടെത്തുന്നത്.

ഇങ്ങനെ കണ്ടെത്തുന്ന രോഗികൾക്ക് പൂർണ്ണമായ ചികിത്സ ഉറപ്പുവരുത്താൻ പഞ്ചായത്ത് ഭരണസമിതിക്ക് സാധിച്ചിട്ടുണ്ട്. ഇതിനായി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ പ്രത്യേക ഫണ്ട്‌ അനുവദിക്കുകയും, രോഗബാധിതരായ മുഴുവൻ ആളുകൾക്കും കൃത്യമായി പോഷകാഹാര കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തുവരുന്നു.

കേവലം ചികിത്സ നൽകുന്നതിനപ്പുറം, ക്ഷയരോഗ ലക്ഷണങ്ങളെ കുറിച്ചും അതിന്റെ പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും ജനങ്ങളിൽ വലിയ രീതിയിലുള്ള അവബോധം സൃഷ്ടിക്കാൻ നാദാപുരത്തിന് കഴിഞ്ഞു.

ജനപ്രതിനിധികൾ, പഞ്ചായത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ എന്നിവർ സംയുക്തമായി വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ സ്ക്രീനിംഗും ബോധവൽക്കരണവുമാണ് ഈ പുരസ്കാരത്തിലേക്ക് വഴിയൊരുക്കിയത്. രോഗികളോടുള്ള സാമൂഹിക വിവേചനം പൂർണ്ണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് നടത്തിയ ജനകീയ കാമ്പയിനുകളും ഇതിൽ നിർണ്ണായക പങ്കുവഹിച്ചു.

ഇതാദ്യമായല്ല നാദാപുരം ഗ്രാമപഞ്ചായത്ത് ഈ രംഗത്ത് ആദരിക്കപ്പെടുന്നത്. കഴിഞ്ഞ 2024-25 വർഷത്തെ ക്ഷയരോഗമുക്ത വെങ്കല (ബ്രോൺസ്) മെഡലിനും നാദാപുരം ഗ്രാമപഞ്ചായത്ത് അർഹത നേടിയിരുന്നു.

തുടർച്ചയായ രണ്ടാം വർഷവും പുരസ്കാര തിളക്കത്തോടെ സിൽവർ മെഡൽ പദവിയിലെത്തിയ നാദാപുരം, സമ്പൂർണ്ണ ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന അന്തിമ ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് ഇതിലൂടെ പൂർത്തിയാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368637/nadapuram-wins-tuberculosis-free-panchayat-award)