---
title: "ഒടുവിൽ തൂഫാനായി; കാസർഗോഡ് സ്കൂൾ ഗ്രൗണ്ടിൽ കാർ റേസിംഗ്; പ്രൊബേഷൻ എസ്‌ഐയെ ആക്രമിച്ചു, നാദാപുരത്തുകാർ സഞ്ചരിച്ച ആറ് കാറുകൾ പിടിച്ചെടുത്തു"
english_title: "Car racing at Kasaragod school ground  Probationary SI attacked six cars belonging to Nadapuram residents seized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369583/car-racing-at-kasaragod-school-ground-probationary-si-attacked-six-cars-belonging-to-nadapuram-residents-seized"
published_at: "2026-06-30T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43f46046439_operation_tofaan.jpg"
keywords: ["Latest News", "Operation Toofan", "Car Racing", "Kasaragod School Ground", "Probationary SI Attacked", "Nadapuram Native"]
---

# ഒടുവിൽ തൂഫാനായി; കാസർഗോഡ് സ്കൂൾ ഗ്രൗണ്ടിൽ കാർ റേസിംഗ്; പ്രൊബേഷൻ എസ്‌ഐയെ ആക്രമിച്ചു, നാദാപുരത്തുകാർ സഞ്ചരിച്ച ആറ് കാറുകൾ പിടിച്ചെടുത്തു

> **Lead Summary:** നാദാപുരം : ഓപ്പറേഷൻ തൂഫാൻ്റെ പ്രചരണമെന്ന് പറഞ്ഞ് പള്ളിക്കര ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സ്‌കൂൾ വിട്ട് വിദ്യാർഥികൾ മടങ്ങുന്ന സമയത്ത് അപകടകരമായ രീതിയിൽ കാർ റേസിംഗ് നടത്തിയ കോഴിക്കോട് നാദാപുരത്തുകാരായ സംഘത്തെ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

നാദാപുരം : ഓപ്പറേഷൻ തൂഫാൻ്റെ പ്രചരണമെന്ന് പറഞ്ഞ് പള്ളിക്കര ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സ്‌കൂൾ വിട്ട് വിദ്യാർഥികൾ മടങ്ങുന്ന സമയത്ത് അപകടകരമായ രീതിയിൽ കാർ റേസിംഗ് നടത്തിയ കോഴിക്കോട് നാദാപുരത്തുകാരായ സംഘത്തെ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

**

സംഭവവുമായി ബന്ധപ്പെട്ട് ഫുട്ബോൾ താര ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫോട്ടോയുള്ള CR7 സ്റ്റിക്കറുകൾ പതിപ്പിച്ചവയുൾപ്പെടെ ആറ് കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യമുണ്ടായിരുന്ന സമയത്താണ് കാർ റേസിംഗ് നടന്നത്. അമിതവേഗത്തിലും അപകടകരമായ രീതിയിലുമുള്ള പ്രകടനം കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ ബേക്കൽ പൊലീസിലെ പ്രൊബേഷൻ എസ്‌ഐ പ്രിൻസ് ജോൺ റേസിംഗ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ സംഘത്തിലുള്ള ചിലർ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതായാണ് വിവരം.

ആക്രമണത്തിൽ പരിക്കേറ്റ എസ്‌ഐയെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് റേസിംഗിൽ ഉപയോഗിച്ച ആറ് കാറുകൾ പിടിച്ചെടുത്തത്. വാഹനങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. റേസിംഗിൽ പങ്കെടുത്തവരെയും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചവരെയും തിരിച്ചറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും പൊതുസ്ഥലത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ച് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് പൊലീസ് നീക്കം.

സംഭവത്തിന്റെ ദൃശ്യങ്ങൾ, സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങൾ, മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോകൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369583/car-racing-at-kasaragod-school-ground-probationary-si-attacked-six-cars-belonging-to-nadapuram-residents-seized)