---
title: "പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണം; അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ച എംഎൽഎയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ്"
english_title: "Construction of Vanimel Panchayat office building: Panchayat President protests."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370329/construction-of-vanimel-panchayat-office-building-panchayat-president-protests"
published_at: "2026-07-04T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a488bb57da39_4.jpg"
keywords: ["Latest News", "Vanimel", "Construction of Panchayat office", "Panchayat President Protests"]
---

# പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണം; അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ച എംഎൽഎയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ്

> **Lead Summary:** **വാണിമേൽ: [ **പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണത്തിനായി മുൻ സർക്കാർ അനുവദിച്ച രണ്ട് കോടി രൂപയുടെ ഫണ്ട് എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് റദ്ദാക്കിയ നടപടിക്കെതിരെ വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ രംഗത്ത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും ഇത് വാണിമേൽ ജനതയോടുള്ള കടുത്ത അവഗണനയാണെന്നും അദ്ദേഹം എം.എൽ.എയ്ക്ക് നൽകിയ കത്തിലൂടെ പറഞ്ഞു.

## Article Content

**വാണിമേൽ: [ **പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണത്തിനായി മുൻ സർക്കാർ അനുവദിച്ച രണ്ട് കോടി രൂപയുടെ ഫണ്ട് എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് റദ്ദാക്കിയ നടപടിക്കെതിരെ വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ രംഗത്ത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും ഇത് വാണിമേൽ ജനതയോടുള്ള കടുത്ത അവഗണനയാണെന്നും അദ്ദേഹം എം.എൽ.എയ്ക്ക് നൽകിയ കത്തിലൂടെ പറഞ്ഞു.

ചോർന്നൊലിക്കുന്ന നിലവിലെ പഞ്ചായത്ത് ഓഫീസിന്റെ ശോച്യാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ബജറ്റിൽ തുക വകയിരുത്തിയത്. വിലങ്ങാട് ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തസമയങ്ങളിൽ രക്ഷാപ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി പ്രവർത്തിച്ചത് ഇതേ പഞ്ചായത്ത് ഓഫീസായിരുന്നു.

ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് നാടിന്റെ വികസനത്തിനായി അനുവദിച്ച ഫണ്ട് എം.എൽ.എ ഇടപെട്ട് ഇല്ലാതാക്കിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും, ഇത് നാടിന്റെ വികസന സ്വപ്നങ്ങളെ തകർക്കുന്നതാണെന്നും പ്രദീപ് കുമാർ കത്തിൽ പറയുന്നു. വാണിമേൽ പാലം ഉൾപ്പെടെയുള്ള വികസന പദ്ധതികൾക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതൃത്വം നൽകിയ പാരമ്പര്യമാണ് ഈ നാടിനുള്ളത്.

എന്നാൽ, നിലവിലെ എം.എൽ.എയുടെ നടപടി വികസന വിരോധികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണെന്നും, ഈ രാഷ്ട്രീയ പകപോക്കൽ അംഗീകരിക്കാനാവില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

അടിയന്തിര പ്രാധാന്യമുള്ള ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും, ഒരു ജനപ്രതിനിധിയിൽ നിന്നും ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370329/construction-of-vanimel-panchayat-office-building-panchayat-president-protests)