---
title: "റോഡും കുളവും തിരിച്ചറിയാനാവില്ല; എടച്ചേരിയിൽ മരണക്കെണിയായി ഉപേക്ഷിക്കപ്പെട്ട പാറമടകൾ, സുരക്ഷാ ഭിത്തി വേണമെന്ന് നാട്ടുകാർ"
english_title: "Abandoned stone quarries in Edacheri have become death traps"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371439/abandoned-stone-quarries-in-edacheri-have-become-death-traps"
published_at: "2026-07-09T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f7cc4dd28c_25.jpg"
keywords: ["Latest News", "Edachery", "Abandoned Stone Quarries", "Danger"]
---

# റോഡും കുളവും തിരിച്ചറിയാനാവില്ല; എടച്ചേരിയിൽ മരണക്കെണിയായി ഉപേക്ഷിക്കപ്പെട്ട പാറമടകൾ, സുരക്ഷാ ഭിത്തി വേണമെന്ന് നാട്ടുകാർ

> **Lead Summary:** **എടച്ചേരി: [ **പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഉപേക്ഷിക്കപ്പെട്ട പാറമടകൾ മരണക്കെണിയാകുന്നു. തലായിയിലെ പാറക്കെട്ടിലെ വെള്ളക്കെട്ടുകൾ ഉൾപ്പെടെയുള്ളവ പൊന്തക്കാടുകൾ മൂടി കിടക്കുന്നതിനാൽ ഡ്രൈവർമാർക്ക് റോഡും കുളവും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണുള്ളത്. സ്കൂൾ വാഹനങ്ങൾ അടക്കം നിത്യേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ, നേരിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്കാണ് വഴിതുറക്കുന്നത്.

## Article Content

**എടച്ചേരി: [ **പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഉപേക്ഷിക്കപ്പെട്ട പാറമടകൾ മരണക്കെണിയാകുന്നു. തലായിയിലെ പാറക്കെട്ടിലെ വെള്ളക്കെട്ടുകൾ ഉൾപ്പെടെയുള്ളവ പൊന്തക്കാടുകൾ മൂടി കിടക്കുന്നതിനാൽ ഡ്രൈവർമാർക്ക് റോഡും കുളവും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണുള്ളത്. സ്കൂൾ വാഹനങ്ങൾ അടക്കം നിത്യേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ, നേരിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്കാണ് വഴിതുറക്കുന്നത്.

ഇടുങ്ങിയ റോഡിൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടെ പാറക്കുളങ്ങളിലേക്ക് വണ്ടികൾ മറിയാൻ സാധ്യതയേറെയാണ്. പലതവണ ഇവിടെ അപകടങ്ങൾ സംഭവിച്ചിട്ടും പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

തുണിയലക്കുന്നതിനിടെ കുളത്തിൽ വീണ സ്ത്രീയെ തൊഴിലാളികൾ സാഹസികമായി രക്ഷപ്പെടുത്തിയതും, മുമ്പ് ഒരു വയോധിക കുളത്തിൽ വീണ് മരിച്ചതും ഇവിടത്തെ അപകടാവസ്ഥയ്ക്ക് തെളിവാണ്. അഗ്നിശമന സേനയ്ക്ക് മണിക്കൂറുകളോളം പരിശ്രമിച്ചാണ് അന്ന് മൃതദേഹം കണ്ടെത്താനായത്.

എടച്ചേരി പഞ്ചായത്തിലെ മറ്റ് ഭാഗങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കച്ചേരി യു.പി സ്കൂളിന് സമീപത്തെ പാറക്കുളത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. കൂടാതെ തലായിയിൽ ടിപ്പർ ലോറി ഡ്രൈവറും, ആലശ്ശേരിയിൽ കളിക്കുന്നതിനിടയിൽ വിദ്യാർത്ഥിയും ഉൾപ്പെടെ പലരും ഇതേ കുളങ്ങളിൽ ജീവൻ വെടിഞ്ഞിട്ടുണ്ട്.

മരണം പതിയിരിക്കുന്ന ഈ ക്വാറി കുളങ്ങളിലൊന്നും സുരക്ഷാ ഭിത്തികളോ കൈവരികളോ നിർമ്മിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇനിയും ദാരുണമായ അന്ത്യങ്ങൾ ഉണ്ടാകാതിരിക്കാൻ പഞ്ചായത്തും റവന്യൂ അധികൃതരും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

അപകടസാധ്യതയുള്ള എല്ലാ പാറക്കുളങ്ങളിലും സുരക്ഷാ ഭിത്തികൾ നിർമ്മിച്ച് പ്രദേശം സുരക്ഷിതമാക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371439/abandoned-stone-quarries-in-edacheri-have-become-death-traps)