---
title: "നവീകരണം പാതിവഴിയിൽ; നാദാപുരം ബസ് സ്റ്റാൻഡ് ചെളിക്കുളമായി; യാത്രക്കാർ ദുരിതത്തിൽ"
english_title: "Nadapuram Bus Stand Turns Into Mud Pit As Renovation Work Remains Stalled"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371831/nadapuram-bus-stand-renovation-stalled-mud-pit"
published_at: "2026-07-11T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51fd17811f0_oiujhg.jpg"
keywords: ["Latest News", "Nadapuram Bus Stand", "Bus Stand Renovation"]
---

# നവീകരണം പാതിവഴിയിൽ; നാദാപുരം ബസ് സ്റ്റാൻഡ് ചെളിക്കുളമായി; യാത്രക്കാർ ദുരിതത്തിൽ

> **Lead Summary:** **നാദാപുരം: [**നവീകരണത്തിന്റെ പേരിൽ പൊളിച്ചിട്ട നാദാപുരം ബസ് സ്റ്റാൻഡ് ഇപ്പോൾ ചെളിക്കുളമായി മാറി. നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചതോടെ യാത്രക്കാരും ബസ് ജീവനക്കാരും ഒരുപോലെ ദുരിതത്തിലായിരിക്കുകയാണ്.

## Article Content

**നാദാപുരം: [**നവീകരണത്തിന്റെ പേരിൽ പൊളിച്ചിട്ട നാദാപുരം ബസ് സ്റ്റാൻഡ് ഇപ്പോൾ ചെളിക്കുളമായി മാറി. നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചതോടെ യാത്രക്കാരും ബസ് ജീവനക്കാരും ഒരുപോലെ ദുരിതത്തിലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ സ്റ്റാൻഡിന്റെ മൺതറ പൂർണമായും ഇടിഞ്ഞുതാഴ്ന്നു. രൂപപ്പെട്ട വലിയ കുഴികളിൽ ബസുകൾ കുടുങ്ങുന്നത് പതിവായതോടെ ഗതാഗതം ദുഷ്കരമായി. സ്റ്റാൻഡ് പുനർനിർമ്മാണത്തിനായി പൊളിച്ചിട്ട ശേഷം നിർമ്മാണം അനന്തമായി നീണ്ടപ്പോൾ പ്രതിഷേധം ഭയന്നാണ് അധികൃതർ താൽക്കാലികമായി സ്റ്റാൻഡ് വീണ്ടും തുറന്നുകൊടുത്തത്. എന്നാൽ, നിലമൊരുക്കാനോ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനോ അധികൃതർ തയ്യാറായില്ല.

ഇതിന്റെ ഫലമായി, ഭാരമേറിയ ബസുകൾ ഇറങ്ങുമ്പോൾ ചെളിക്കുഴിയിൽ പൂണ്ടുപോകുന്ന സാഹചര്യമാണുള്ളത്. ബസുകളുടെ അടിഭാഗം തട്ടി കേടുപാടുകൾ സംഭവിക്കുന്നതും, കുഴിയിൽ ചാടി ലീഫ് സ്പ്രിങ്ങുകൾ ഒടിയുന്നതും ടയറുകൾ കേടാകുന്നതും ബസ് ഉടമകൾക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്.

നിലവിലെ പദ്ധതി പ്രകാരം ബസ് സ്റ്റാൻഡ് നിർമ്മാണം പൂർത്തിയാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കരാറുകാർ. ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും ബസ് ഉടമകളുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371831/nadapuram-bus-stand-renovation-stalled-mud-pit)