---
title: "വിദ്യാർത്ഥികൾ കാലാനുസൃതമായ പഠനമേഖലകൾ തിരഞ്ഞെടുക്കണം: കെ.എം. അഭിജിത്ത് എം.എൽ.എ"
english_title: "Students Should Choose Career-Oriented Courses: MLA KM Abhijith"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372213/km-abhijith-mla-students-career-oriented-education-edachery"
published_at: "2026-07-13T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54f7706d94d_Illumina_Excellence_Meet.jpg"
keywords: ["KM Abhijith MLA", "Edachery", "Student Excellence", "Muslim League", "Nadapuram"]
---

# വിദ്യാർത്ഥികൾ കാലാനുസൃതമായ പഠനമേഖലകൾ തിരഞ്ഞെടുക്കണം: കെ.എം. അഭിജിത്ത് എം.എൽ.എ

> **Lead Summary:** **എടച്ചേരി: **അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് വിദ്യാർത്ഥികൾ കാലാനുസൃതമായ പഠനമേഖലകൾ തിരഞ്ഞെടുക്കുകയും പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കി ഭാവിയെ അഭിമുഖീകരിക്കാൻ തയ്യാറാകുകയും വേണമെന്ന് നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് പറഞ്ഞു.

## Article Content

**എടച്ചേരി: **അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് വിദ്യാർത്ഥികൾ കാലാനുസൃതമായ പഠനമേഖലകൾ തിരഞ്ഞെടുക്കുകയും പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കി ഭാവിയെ അഭിമുഖീകരിക്കാൻ തയ്യാറാകുകയും വേണമെന്ന് നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് പറഞ്ഞു.

എടച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച 'ഇല്ലുമിന – Excellence Meet 2026' പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര-സാങ്കേതിക രംഗത്തെ അതിവേഗ മുന്നേറ്റങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ടെലിപതി പോലുള്ള ആശയവിനിമയ സാധ്യതകൾ പോലും ഗവേഷണലോകത്ത് ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് പുതിയ അറിവുകളും നൈപുണ്യങ്ങളും ആർജിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും പറഞ്ഞു.

ചടങ്ങിൽ വിവിധ വിദ്യാഭ്യാസ-മത്സര മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും ആദരിച്ചു. റിയാന റാഷിദിന്റെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.കെ. മുനീർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശാഫി തറമ്മൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി എടച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് രൂപീകരിച്ച വിദ്യാഭ്യാസ സമിതിയുടെ പ്രഖ്യാപനം മണ്ഡലം മുസ്‌ലിം ലീഗ് ഉപാധ്യക്ഷൻ ടി.കെ. അഹമ്മദ് മാസ്റ്റർ നിർവഹിച്ചു. എ.സി. അഷ്‌കർ മാസ്റ്ററെ ചെയർമാനായും ടി. കുഞ്ഞബ്ദുള്ളയെ കൺവീനറായും സി.പി. സലാമിനെ ട്രഷററായും തെരഞ്ഞെടുത്തു.

കെ.പി. ദാമോദരൻ മാസ്റ്റർ, കെ. പവിത്രൻ മാസ്റ്റർ, ഹാരിസ് പണാറത്ത്, അമ്പിടാട്ടിൽ കുഞ്ഞബ്ദുള്ള, സി.പി. സലാം, മുഹമ്മദ് കോവുക്കൽ, യു.പി. മൂസ്സ മാസ്റ്റർ, ഇ.കെ. അബൂബക്കർ, സി.എച്ച്. മൊയ്തു, കെ.പി. സലീന, വി. ഷെരീഫ, അഷ്‌കർ തിരുവങ്ങോത്ത്, നാസർ മഠത്തിൽ എന്നിവർ സംസാരിച്ചു.

തുടർന്ന് ഗഫൂർ കുറ്റ്യാടിയുടെ ഗാനവിരുന്ന് അരങ്ങേറി. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.കെ. മുഹമ്മദ് സ്വാഗതവും ട്രഷറർ ഷറഫുദ്ദീൻ കെ. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372213/km-abhijith-mla-students-career-oriented-education-edachery)