---
title: "എടച്ചേരിയിൽ 'കിസാൻ ഗോഷ്ഠി - 2026'; കാർഷിക മേഖലയ്ക്ക് കരുത്തേകി പ്രദർശനവും ക്ലാസുകളും സംഘടിപ്പിച്ചു "
english_title: "Thooneri Block Panchayat Kisan Goshti 2026 Agriculture Fair Kozhikode"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372905/thooneri-block-panchayat-kisan-goshti-2026"
published_at: "2026-07-17T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59d340c29c9_thooneri-block-panchayat-kisan-goshti-2026.jpg"
keywords: ["Latest News", "Thooneri", "Agriculture", "Kisan Goshthi - 2026"]
---

# എടച്ചേരിയിൽ 'കിസാൻ ഗോഷ്ഠി - 2026'; കാർഷിക മേഖലയ്ക്ക് കരുത്തേകി പ്രദർശനവും ക്ലാസുകളും സംഘടിപ്പിച്ചു 

> **Lead Summary:** **എടച്ചേരി:[ **[ ]കാർഷിക മേഖലയുടെ വികസനവും കർഷകരുടെ ഉന്നമനവും ലക്ഷ്യമിട്ട് തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'കിസാൻ ഗോഷ്ഠി - 2026' സംഘടിപ്പിച്ചു. കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ആത്മ കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെ എടച്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലായിരുന്നു പരിപാടി നടന്നത്.

## Article Content

**എടച്ചേരി:[ **[ ]കാർഷിക മേഖലയുടെ വികസനവും കർഷകരുടെ ഉന്നമനവും ലക്ഷ്യമിട്ട് തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'കിസാൻ ഗോഷ്ഠി - 2026' സംഘടിപ്പിച്ചു. കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ആത്മ കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെ എടച്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലായിരുന്നു പരിപാടി നടന്നത്.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് അധ്യക്ഷത വഹിച്ച ചടങ്ങ് കെ.എം. അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് പരിധിയിലെ വിവിധ കൃഷിഭവനുകളുടെ ഏകോപനത്തോടെയാണ് പരിപാടി ക്രമീകരിച്ചിരുന്നത്. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

കർഷകർക്ക് മികച്ച അറിവുകൾ പകരുന്നതിനായി ശാസ്ത്രീയമായ കൃഷിരീതികൾ പരിചയപ്പെടുത്തുന്ന വിവിധ ക്ലാസുകൾ സംഘടിപ്പിച്ചു. വാഴകൃഷിയുടെ ശാസ്ത്രീയ പരിപാലനം, കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധന നൽകി വിപണിയിൽ എത്തിക്കുന്ന രീതികൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. മേഖലയിൽ മികച്ച രീതിയിൽ കൃഷി ചെയ്തുവരുന്ന കർഷകരെ ചടങ്ങിൽ ആദരിച്ചു.

കർഷകർ ഉൽപ്പാദിപ്പിച്ച കാർഷിക ഉൽപ്പന്നങ്ങൾ, അവയിൽ നിന്ന് തയ്യാറാക്കിയ മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും പരിപാടിയുടെ പ്രത്യേകതയായിരുന്നു.

കർഷകർക്കായി സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബ്, വിവിധ കാർഷിക സേവന കേന്ദ്രങ്ങൾ എന്നിവയും വേദിയിൽ സജ്ജീകരിച്ചിരുന്നു. തൂണേരി ബ്ലോക്കിലെ നിരവധി കർഷകർ പരിപാടിയിൽ സംബന്ധിച്ചു. തൂണേരി കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് പരിപാടിയുടെ വിവരങ്ങൾ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372905/thooneri-block-panchayat-kisan-goshti-2026)