---
title: "അടിയൊഴുക്ക് ശക്തം; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു, പരിശോധന നാളെയും തുടരും"
english_title: "Search for UP Youth Missing in Nadapuram Vilangad River Called Off for Today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373584/nadapuram-vilangad-river-up-youth-missing-search-day2"
published_at: "2026-07-20T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e3d4be03f9_nadapuram-vilangad-river-up-youth-missing-search-day2.jpg"
keywords: ["Nadapuram", "Vilangad River", "Missing Person", "UP Worker", "Fire Force", "KM Abhijith"]
---

# അടിയൊഴുക്ക് ശക്തം; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു, പരിശോധന നാളെയും തുടരും

> **Lead Summary:** നാദാപുരം: നാദാപുരം വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനായുള്ള തെരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു. നാളെ രാവിലെ 7 മണിക്ക് തിരച്ചിൽ വീണ്ടും ആരംഭിക്കും. നാളെ 25 കിലോമീറ്റർ വരെ പുഴയിൽ പരിശോധന നടത്തുമെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ അരുൺ മോഹൻ അറിയിച്ചു.

## Article Content

നാദാപുരം: നാദാപുരം വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനായുള്ള തെരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു. നാളെ രാവിലെ 7 മണിക്ക് തിരച്ചിൽ വീണ്ടും ആരംഭിക്കും. നാളെ 25 കിലോമീറ്റർ വരെ പുഴയിൽ പരിശോധന നടത്തുമെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ അരുൺ മോഹൻ അറിയിച്ചു.

ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. കുളിക്കാവ് ഭാഗത്ത് വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളികളായ അഞ്ചംഗ സംഘമാണ് പെട്ടെന്നുണ്ടായ കുത്തൊഴുക്കിൽ പെട്ടത്. ഇതിൽ മൂന്നുപേർ ഒഴുക്കിൽപ്പെട്ടു.

ഉടൻ നാട്ടുകാർ ഓടിയെത്തി രണ്ടുപേരെ രക്ഷപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശി നിഖം എന്ന യുവാവിനെ മാത്രമാണ് കണ്ടെത്താൻ കഴിയാത്തത്. പുഴയിൽ ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നതിനാൽ നിഖം ഒഴുകി പോകുകയായിരുന്നു. നാട്ടുകാരും നാദാപുരം ഫയർ ഫോഴ്സും ചേർന്ന് രാത്രി വൈകുവോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇന്ന് രാവിലെ തിരച്ചിൽ വീണ്ടും ആരംഭിച്ചു. കുളിക്കാവ് മുതൽ ഹനുമാൻ കുണ്ട് പാലത്തിനു സമീപം വരെ പുഴയുടെ ഇരുകരകളിലും അൻപതോളം ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്കൂബ ടീമിന്റെയും സഹായത്തോടെയാണ് വ്യാപക തെരച്ചിൽ നടത്തിയത്.

എന്നാൽ വൈകുന്നേരമായിട്ടും യുവാവിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. നാദാപുരം എം.എൽ.എ കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ വിഷ്ണുമംഗലം ബണ്ട് പരിസരം കേന്ദ്രീകരിച്ചാണ് ഇന്ന് അവസാനമായി തെരച്ചിൽ നടത്തിയത്.

പുഴയിലെ അടിയൊഴുക്ക് ശക്തമായി തുടരുന്നതിനാൽ തിരച്ചിൽ ദുഷ്കരമാണെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. സാധാരണ നാട്ടുകാർ കുളിക്കാൻ ഇറങ്ങുന്ന സ്ഥലത്താണ് യുവാക്കൾ ഇറങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373584/nadapuram-vilangad-river-up-youth-missing-search-day2)