---
title: "'കുഞ്ഞിനെ ചേർത്തുപിടിച്ച് വിജയത്തിന്റെ വേദിയിലേക്ക്'; പുളിയാവ് നാഷണൽ കോളേജിൽ ഹൃദയം കീഴടക്കിയ ബിരുദദാന നിമിഷം"
english_title: "Puliyav National College Graduation Munavira Baby Viral Moment Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374633/puliyav-national-college-graduation-munavira-baby-moment"
published_at: "2026-07-25T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64e0c6d2365_puliyav-national-college-graduation-munavira-baby-moment.jpg"
keywords: ["Puliyav National College", "Graduation Ceremony", "Munavira PK", "Nadapuram", "Women Education", "Calicut University"]
---

# 'കുഞ്ഞിനെ ചേർത്തുപിടിച്ച് വിജയത്തിന്റെ വേദിയിലേക്ക്'; പുളിയാവ് നാഷണൽ കോളേജിൽ ഹൃദയം കീഴടക്കിയ ബിരുദദാന നിമിഷം

> **Lead Summary:** നാദാപുരം: പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ സംഘടിപ്പിച്ച 'ക്രസെൻഡോ 2026' ബിരുദദാന ചടങ്ങ് ഹൃദയസ്പർശിയായ ഒരു അപൂർവ നിമിഷത്തിന് സാക്ഷിയായി.

## Article Content

നാദാപുരം: പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ സംഘടിപ്പിച്ച 'ക്രസെൻഡോ 2026' ബിരുദദാന ചടങ്ങ് ഹൃദയസ്പർശിയായ ഒരു അപൂർവ നിമിഷത്തിന് സാക്ഷിയായി.

വെറും രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കയ്യിലേന്തിയാണ് പൂർവ്വവിദ്യാർത്ഥിനിയായ മുനവീറ പി.കെ തന്റെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാനെത്തിയത്. ചടങ്ങിലെ ഏറ്റവും ശ്രദ്ധേയവും വികാരനിർഭരവുമായ കാഴ്ചയായിരുന്നു അത്.

മൊയ്തു എ.പി., റസിയ എ.പി. എന്നിവരുടെ മകളായ മുനവീറ വേദിയിലെത്തി കുഞ്ഞിനൊപ്പം കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. കെ. എൻ. കുറുപ്പിൽ നിന്ന് ബിരുദം ഏറ്റുവാങ്ങിയപ്പോൾ സദസ്സിലുണ്ടായിരുന്ന നൂറുകണക്കിന് ആളുകൾ എഴുന്നേറ്റ് നിന്ന് കൈയടിയോടെയാണ് അവരെയും കുഞ്ഞിനെയും ആദരിച്ചത്. കുടുംബജീവിതവും മാതൃത്വവും ഉന്നതവിദ്യാഭ്യാസത്തിന് തടസ്സമല്ലെന്നും, ആത്മവിശ്വാസവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ ഏത് സ്വപ്നവും സ്വന്തമാക്കാനാകുമെന്നും തെളിയിച്ച നിമിഷമായിരുന്നു അത്.

2025–26 അധ്യയന വർഷത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ചടങ്ങിൽ ആകെ 193 വിദ്യാർഥികൾ ബിരുദം ഏറ്റുവാങ്ങി. കോളേജിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ 800-ഓളം പേർ പങ്കെടുത്തു.

ചടങ്ങ് ഉദ്ഘാടനം ചെയ്ത് ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത ഡോ. കെ. കെ. എൻ. കുറുപ്പ്, അറിവ് സമ്പാദിക്കുന്നതിനൊപ്പം പുതിയ കാലഘട്ടത്തിന്റെ പ്രതീക്ഷകൾക്ക് അനുസരിച്ച് ജീവിതവീക്ഷണം രൂപപ്പെടുത്താനും വെല്ലുവിളികളെ ധൈര്യത്തോടെ നേരിടാനും ബിരുദധാരികൾ തയ്യാറാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

കോളേജ് ചെയർമാൻ ശ്രീ. അബ്ദുള്ള വയലോലി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എം. കെ. മധുസൂദനൻ സ്വാഗതവും ബിരുദദാന പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. പ്രോഗ്രാം കൺവീനർ ഡോ. വി. എൽ. ലാവണ്യ നന്ദി രേഖപ്പെടുത്തി.

ചടങ്ങിൽ കോളേജ് സെക്രട്ടറി മരുന്നോളി കുഞ്ഞബ്‌ദുള്ള, പൊയിൽ ഇസ്മായിൽ, ടി.ടി.കെ. കാദർ ഹാജി, ടി.ടി.കെ. അമ്മദ് ഹാജി, കെ.കെ. അബൂബക്കർ ഹാജി, വിവിധ പഠനവിഭാഗം മേധാവികൾ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374633/puliyav-national-college-graduation-munavira-baby-moment)