---
title: "വിലങ്ങാട് നിർമ്മാണ അനുമതി; നിയന്ത്രണം പിൻവലിച്ചെന്ന പത്രവാർത്ത തെറ്റെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി. പ്രദീപ് കുമാർ"
english_title: "Vilangad Construction Ban Partially Lifted: Collector Approves 29 Houses, Vanimel Panchayat Clarifies-new"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375340/vilangad-construction-ban-29-houses-approved-vanimel-panchayat-clarification-new"
published_at: "2026-07-29T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69d136baac1_vilangad-construction-ban-29-houses-approved-vanimel-panchayat-clarification.jpg"
keywords: ["Vilangad Landslide", "Vanimel Panchayat", "Kozhikode News", "Construction Ban", "District Collector", "Disaster Management Authority"]
---

# വിലങ്ങാട് നിർമ്മാണ അനുമതി; നിയന്ത്രണം പിൻവലിച്ചെന്ന പത്രവാർത്ത തെറ്റെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി. പ്രദീപ് കുമാർ

> **Lead Summary:** **വാണിമേൽ: [ **വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9, 10, 11 വാർഡുകളിലെ നിർമ്മാണ നിയന്ത്രണം പിൻവലിച്ചു എന്ന രീതിയിൽ ചില പത്രങ്ങളിൽ വന്ന വാർത്ത തികച്ചും തെറ്റാണെന്ന് വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ വ്യക്തമാക്കി. വിലങ്ങാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ചെയർമാനായ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇപ്പോഴും ആ പ്രദേശത്തെ നിർമ്മാണങ്ങൾക്ക് അന്തിമ തീരുമാനം എടുക്കുന്നത്.

## Article Content

**വാണിമേൽ: [ **വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9, 10, 11 വാർഡുകളിലെ നിർമ്മാണ നിയന്ത്രണം പിൻവലിച്ചു എന്ന രീതിയിൽ ചില പത്രങ്ങളിൽ വന്ന വാർത്ത തികച്ചും തെറ്റാണെന്ന് വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ വ്യക്തമാക്കി. വിലങ്ങാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ചെയർമാനായ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇപ്പോഴും ആ പ്രദേശത്തെ നിർമ്മാണങ്ങൾക്ക് അന്തിമ തീരുമാനം എടുക്കുന്നത്.

ദുരന്ത ബാധിത മേഖലയായ വിലങ്ങാട് എൻ.ഐ.ടി. കാലിക്കറ്റിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് ലിഡാർ സർവേ നടത്തുകയും ഐ-സ്കെച്ച് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഈ സർവേ റിപ്പോർട്ട് പഞ്ചായത്തിന് കൂടി കൈമാറണമെന്ന് ഭരണസമിതി തീരുമാനപ്രകാരം കളക്ടറോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നെങ്കിലും, റിപ്പോർട്ട് കോൺഫിഡൻഷ്യൽ ആയതിനാൽ കൈമാറാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

9, 10, 11 വാർഡുകളിൽ ബിൽഡിംഗ് പെർമിറ്റിന് പഞ്ചായത്തിൽ അപേക്ഷിച്ചാൽ, ആ അപേക്ഷകൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ചുകൊടുക്കും. അതോറിറ്റി സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ ശേഷം നിർമ്മാണ അനുമതി നൽകുന്നതിന് പഞ്ചായത്തിന് അനുവാദം നൽകുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്.

എന്നാൽ നിർമ്മാണ അനുമതിക്കുള്ള അപേക്ഷകൾ മാസങ്ങളായി തീർപ്പാക്കാതെ അതോറിറ്റിയിൽ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ പ്രതിഷേധിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജൂലൈ 30 ന് കളക്ടറേറ്റിന് മുന്നിൽ സമരം നടത്താനും തീരുമാനിച്ചിരുന്നു.

ഇതിനിടെ 29 വീട് നിർമ്മാണ അനുമതി അപേക്ഷകളിൽ കളക്ടർ 27.07.2026 ന് തീരുമാനം എടുത്ത് ഉത്തരവിറക്കി. അതോടൊപ്പം അതീവ ദുരന്ത സാധ്യത മേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിന് 28.07.2026 ന് വാണിമേൽ, നരിപ്പറ്റ പഞ്ചായത്ത് സെക്രട്ടറിമാരുടെയും ആർ.ഡി.ഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് തീരുമാനമെടുത്ത് അത് സർക്കാരിന് അയച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ 30.07.2026 ന് കളക്ടറേറ്റിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന സമരം നിർത്തിവെക്കാൻ തീരുമാനിച്ചതായും പ്രസിഡണ്ട് അറിയിച്ചു.

**[
](http://(nadapuram.truevisionnews.com))**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375340/vilangad-construction-ban-29-houses-approved-vanimel-panchayat-clarification-new)