---
title: "ഇരട്ടി മധുരം; മികച്ച എൻഎസ്എസ് യൂണിറ്റും പ്രോഗ്രാം ഓഫീസറും പുളിയാവ് നാഷണൽ കോളേജിന് സ്വന്തം "
english_title: "Calicut University NSS Awards: National College Puliyavv Wins Best Unit And Best Officer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375491/calicut-university-nss-award-national-college-puliyavv-best-unit"
published_at: "2026-07-30T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6af0d254717_calicut-university-nss-award-national-college-puliyavv-best-unit.jpg"
keywords: ["Calicut University", "NSS Award", "National College Puliyavv", "NSS Unit 245", "Kerala"]
---

# ഇരട്ടി മധുരം; മികച്ച എൻഎസ്എസ് യൂണിറ്റും പ്രോഗ്രാം ഓഫീസറും പുളിയാവ് നാഷണൽ കോളേജിന് സ്വന്തം 

> **Lead Summary:** **നാദാപുരം: [ **കാലിക്കറ്റ് സർവകലാശാലയുടെ ഈ വർഷത്തെ എൻ.എസ്.എസ് പുരസ്‌കാരങ്ങളിൽ നാഷണൽ കോളജ് ഓഫ് ആർട്സ് ആന്റ് സയൻസ്, പുളിയാവ് (യൂണിറ്റ് നമ്പർ 245) തിളക്കമാർന്ന ഇരട്ടനേട്ടം സ്വന്തമാക്കി. കോളേജിലെ എൻ.എസ്.എസ് യൂണിറ്റിനെ മികച്ച യൂണിറ്റായും, പ്രോഗ്രാം ഓഫീസർ റംഷിദ് പി.പിയെ മികച്ച പ്രോഗ്രാം ഓഫീസറായും സർവകലാശാല തിരഞ്ഞെടുത്തു.

## Article Content

**നാദാപുരം: [ **കാലിക്കറ്റ് സർവകലാശാലയുടെ ഈ വർഷത്തെ എൻ.എസ്.എസ് പുരസ്‌കാരങ്ങളിൽ നാഷണൽ കോളജ് ഓഫ് ആർട്സ് ആന്റ് സയൻസ്, പുളിയാവ് (യൂണിറ്റ് നമ്പർ 245) തിളക്കമാർന്ന ഇരട്ടനേട്ടം സ്വന്തമാക്കി. കോളേജിലെ എൻ.എസ്.എസ് യൂണിറ്റിനെ മികച്ച യൂണിറ്റായും, പ്രോഗ്രാം ഓഫീസർ റംഷിദ് പി.പിയെ മികച്ച പ്രോഗ്രാം ഓഫീസറായും സർവകലാശാല തിരഞ്ഞെടുത്തു.

സമൂഹത്തിന്റെ വിവിധ മേഖലകളെ സ്പർശിച്ചുകൊണ്ട് നടപ്പാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഈ അംഗീകാരത്തിന് അർഹമാക്കിയത്. വാണിമേൽ ഗ്രാമപഞ്ചായത്തിൽ സപ്തദിന ക്യാമ്പിന്റെ ഭാഗമായി പൊതുസ്ഥലം നവീകരിച്ച് 'വയോജന പാർക്കും ഓപ്പൺ ജിമ്മും' നിർമിച്ച് നൽകിയത് വലിയ ശ്രദ്ധ നേടിയിരുന്നു.

കൂടാതെ, ഭവനരഹിതർക്കായി 'കൂട്' പദ്ധതിയിലൂടെ സന്നദ്ധ പ്രവർത്തകർ ഉൽപന്നങ്ങൾ വിപണനം നടത്തി വീട്ടുനിർമ്മാണ ഫണ്ട് കണ്ടെത്തിയതും, 'വേസ്റ്റ് ടു വെൽത്ത്' പദ്ധതിയിലൂടെ മാലിന്യ ശേഖരണം നടത്തി ലഭിച്ച വരുമാനം ഉപയോഗിച്ച് വീൽചെയറും കിടക്കകളും വിതരണം ചെയ്തതും യൂണിറ്റിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്ക് തെളിവായി.

ഡയാലിസിസ് രോഗികൾക്കായി 'ഉബുണ്ടു', 'കനിവ്', 'മധുര മിട്ടായി' തുടങ്ങിയ പദ്ധതികളിലൂടെ ധനസഹായം എത്തിച്ചതും, ജന്മദിനത്തിൽ രക്തദാനം പ്രോത്സാഹിപ്പിക്കുന്ന 'ഹൃദ്യം' പദ്ധതിയും അഭിനന്ദനാർഹമായി. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ വർഷങ്ങളിൽ ഏകദേശം നാല് ലക്ഷം രൂപയുടെ സഹായമാണ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് സമൂഹത്തിന് കൈമാറിയത്.

പരിസ്ഥിതി സംരക്ഷണം, മെഡിക്കൽ ക്യാമ്പുകൾ, ലഹരിവിരുദ്ധ ബോധവത്കരണം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, ഡിജി കേരളം സർവേ, പുസ്തകശേഖരണം, വൃക്ഷത്തൈ നടീൽ, ശുചീകരണ യജ്ഞങ്ങൾ തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങൾ പുരസ്‌കാര നിർണയത്തിൽ നിർണായകമായി. 'നോട്ട് മി, ബട്ട് യു' എന്ന എൻ.എസ്.എസ് മുദ്രാവാക്യം അർത്ഥവത്തായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.

വിജയികളായ റംഷിദ് പി.പിയെയും എൻ.എസ്.എസ് യൂണിറ്റിനെയും കോളേജ് മാനേജ്‌മെന്റ്, പ്രിൻസിപ്പൽ, അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375491/calicut-university-nss-award-national-college-puliyavv-best-unit)