---
title: "ജോലിക്ക് പോയ മകൻ മടങ്ങിയെത്തിയില്ല; സലീമിനായുള്ള ഉമ്മയുടെ കണ്ണീർ കാത്തിരിപ്പ് ഒരു വർഷവും മൂന്ന് മാസവും പിന്നിട്ടു"
english_title: "Nadapuram Missing Person Case: Salim Missing Since April 2025, Family Seeks Help"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375585/nadapuram-missing-person-salim-thanakkottur-one-year-no-trace-new-"
published_at: "2026-07-30T17:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b425b8ebba_nadapuram-missing-person-salim-thanakkottur-one-year-no-trace-new.jpg"
keywords: ["Nadapuram", "Missing Person", "Salim Thanakkottur", "Chekyad Panchayat", "KM Abhijith MLA", "Valayam Police", "Nadapuram DYSP", "Abdusaleem Missing Case", "Kerala News"]
---

# ജോലിക്ക് പോയ മകൻ മടങ്ങിയെത്തിയില്ല; സലീമിനായുള്ള ഉമ്മയുടെ കണ്ണീർ കാത്തിരിപ്പ് ഒരു വർഷവും മൂന്ന് മാസവും പിന്നിട്ടു

> **Lead Summary:** **നാദാപുരം: **പതിവ് പോലെ വീട്ടിൽ നിന്ന് അങ്ങാടിയിലെ കടയിലേക്ക് ജോലിക്ക് പോയതാണ് പാറക്കടവ് താനക്കോട്ടൂർ സ്വദേശി പാട്ടോൻകുന്നുമ്മൽ അബ്ദുസ്സലീം എന്ന സലീം. കാണാതായിട്ട് ഒരു വർഷവും മൂന്ന് മാസവും പിന്നിട്ടു. 2025 ഏപ്രിൽ 30ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് സലീം.

## Article Content

**നാദാപുരം: **പതിവ് പോലെ വീട്ടിൽ നിന്ന് അങ്ങാടിയിലെ കടയിലേക്ക് ജോലിക്ക് പോയതാണ് പാറക്കടവ് താനക്കോട്ടൂർ സ്വദേശി പാട്ടോൻകുന്നുമ്മൽ അബ്ദുസ്സലീം എന്ന സലീം. കാണാതായിട്ട് ഒരു വർഷവും മൂന്ന് മാസവും പിന്നിട്ടു. 2025 ഏപ്രിൽ 30ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് സലീം.

പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. സലീമിനായുള്ള ഉമ്മയുടെ കണ്ണീർ കാത്തിരിപ്പ് അറുതി കാണാൻ ആരുമില്ല. ഭാര്യയും രണ്ടര വയസുള്ള മകളും വയോധികയായ മാതാവ് റുക്കിയയും അടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമാണ് സലീം. മകനെ കാണാതായതിൻ്റെ പിറ്റേദിവസം തന്നെ മാതാവ് റുക്കിയ വളയം പോലീസിൽ പരാതി നൽകി.

പോലീസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു. തുടർന്ന് ചെക്യാട് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സലീമിനെ കണ്ടെത്തുന്നതിനായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. അന്നത്തെ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേർന്ന് തെരച്ചിൽ സംഘം രൂപീകരിക്കുകയും പോസ്റ്ററുകൾ ഒട്ടിക്കുകയും സോഷ്യൽ മീഡിയ വഴി വിവരം പ്രചരിപ്പിക്കുകയും ചെയ്തു.

ഇപ്പോഴത്തെ ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് പുന്നക്കലിൻ്റെ നേതൃത്വത്തിലാണ് പ്രാരംഭ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. കേസന്വേഷണം വേഗത്തിലാക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് വിപുലമായ യോഗം ചേർന്നിരുന്നു. യോഗത്തിൽ സലീമിൻ്റെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് ജനപ്രതിനിധികൾ ഉറപ്പ് നൽകി.

കഴിഞ്ഞ ദിവസം നാദാപുരത്ത് നടന്ന കെ.എം. അഭിജിത് എം.എൽ.എയുടെ ക്യാമ്പ് ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെയാണ് സലീമിൻ്റെ മാതാവ് റുക്കിയ വീണ്ടും അപേക്ഷയുമായി എത്തിയത്. എം.എൽ.എക്കൊപ്പം ഉണ്ടായിരുന്ന നാദാപുരം ഡി.വൈ.എസ്.പി പി.എം. മനോജിനോട് മകനെ കണ്ടെത്തി നൽകണമെന്ന് അവർ കണ്ണീരോടെ അഭ്യർത്ഥിച്ചു. പുതുതായി ചുമതലയേറ്റ ഡി.വൈ.എസ്.പി കേസ് ഗൗരവമായി പരിശോധിക്കുമെന്നും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മാതാവിന് ഉറപ്പ് നൽകി.

മകനെ ജീവനോടെ തിരികെ കാണണമെന്ന ഒറ്റ പ്രതീക്ഷയിൽ മാത്രമാണ് സലീമിൻ്റെ കുടുംബവും താനക്കോട്ടൂർ നാട്ടുകാരും കഴിയുന്നത്. ഏതെങ്കിലും വിവരം ലഭിക്കുന്നവർ വളയം പോലീസ് സ്റ്റേഷനിലോ കുടുംബാംഗങ്ങളുമായോ ബന്ധപ്പെടണമെന്ന് ആക്ഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375585/nadapuram-missing-person-salim-thanakkottur-one-year-no-trace-new-)