---
title: "അതീവ ജാഗ്രത! വിലങ്ങാട് പുഴയിൽ ശക്തമായ ഒഴുക്ക്, പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം "
english_title: "Vilangat River Flood Alert: Bridge May Submerge Amid Heavy Rain"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375908/vilangad-river-flood-alert-heavy-rain-vanimal"
published_at: "2026-08-01T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d862412f7d_vilangad-river-flood-alert-heavy-rain-vanimal.jpg"
keywords: ["Vilangat", "Vanimal", "Heavy Rain", "Flood Alert", "Landslide Warning", "Kozhikode"]
---

# അതീവ ജാഗ്രത! വിലങ്ങാട് പുഴയിൽ ശക്തമായ ഒഴുക്ക്, പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം 

> **Lead Summary:** **വിലങ്ങാട്: [** വിലങ്ങാട് പുഴയിൽ ശക്തമായ ഒഴുക്കും ജലനിരപ്പ് ഉയരുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ മലയോര മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വിലങ്ങാട് പാലം ശക്തമായ ഒഴുക്കിൽ വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

## Article Content

**വിലങ്ങാട്: [** വിലങ്ങാട് പുഴയിൽ ശക്തമായ ഒഴുക്കും ജലനിരപ്പ് ഉയരുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ മലയോര മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വിലങ്ങാട് പാലം ശക്തമായ ഒഴുക്കിൽ വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മലയോരത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, പ്രദേശത്ത് താമസിക്കുന്നവരും അവിടേക്ക് യാത്ര ചെയ്യുന്നവരും കനത്ത ജാഗ്രത പാലിക്കണമെന്ന് വാണിമേൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. രാജീവൻ അറിയിച്ചു. വാണിമേൽ പുഴയുടെ തീരത്തുള്ളവരും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ തിര്യക്കയം, തോണിക്കയം എന്നിവിടങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങൾക്ക് കർശന പ്രവേശനം നിരോധിച്ചിരിക്കുകയാണ്. അപകട സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. ടൂറിസ്റ്റുകളും നാട്ടുകാരും ഈ പ്രദേശങ്ങളിലേക്ക് യാത്ര നടത്തരുതെന്ന് അധികൃതർ വ്യക്തമാക്കി.

കുട്ടികൾ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നില്ലെന്ന് മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാഹിത ഘട്ടങ്ങളിലും അടിയന്തര സഹായങ്ങൾക്കുമായി 6282688692 എന്ന നമ്പറിൽ വാണിമേൽ ദുരന്ത നിവാരണ സമിതിയുമായി ബന്ധപ്പെടാവുന്നതാണ്.കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375908/vilangad-river-flood-alert-heavy-rain-vanimal)