---
title: "മണ്ണിടിച്ചിൽ സാധ്യത കൂടുന്നു; വിലങ്ങാടെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും"
english_title: "Vilangad Families Relocated to Relief Camps Amid Heavy Rains in Kerala Hills"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376018/vilangad-families-relocated-relief-camp-heavy-rain"
published_at: "2026-08-01T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dd2ee55e00_vilangad-families-relocated-relief-camp-heavy-rain.jpg"
keywords: ["Vilangad", "Kozhikode", "Kerala rains", "relief camp", "landslide alert", "Vilangad panchayat", "Kerala weather", "disaster management", "monsoon 2026"]
---

# മണ്ണിടിച്ചിൽ സാധ്യത കൂടുന്നു; വിലങ്ങാടെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും

> **Lead Summary:** **വിലങ്ങാട്: [** വിലങ്ങാട് മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതയുള്ള കുടുംബങ്ങളെ ഉടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാൻ തീരുമാനം. ഇന്ന് മഞ്ഞക്കുന്നിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാനും ആളുകളെ മാറ്റിപ്പാർപ്പിക്കാനും തീരുമാനിച്ചത്.

## Article Content

**വിലങ്ങാട്: [** വിലങ്ങാട് മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതയുള്ള കുടുംബങ്ങളെ ഉടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാൻ തീരുമാനം. ഇന്ന് മഞ്ഞക്കുന്നിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാനും ആളുകളെ മാറ്റിപ്പാർപ്പിക്കാനും തീരുമാനിച്ചത്.

ജനപ്രതിനിധികളുടെയും റവന്യൂ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ചേർന്ന യോഗമാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്. തുടർച്ചയായ മഴയിൽ പുഴകളിലെ ജലനിരപ്പ് ഉയരുന്നതും മണ്ണിടിച്ചിൽ സാധ്യത കൂടുന്നതും കണക്കിലെടുത്താണ് ഈ നടപടി.

പന്നിയേരി, മാടാഞ്ചേരി, കുറ്റല്ലൂർ, ആലിമൂല, മഞ്ഞച്ചീളി, വലിയ പാനോം എന്നീ പ്രദേശങ്ങളിലെ മുഴുവൻ വീട്ടുകാരും ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പാരിഷ് ഹാളിൽ എത്തിച്ചേരണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രദീപ് കുമാർ അറിയിച്ചു. അവിടെ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

യോഗത്തിൽ സംസാരിച്ച പ്രസിഡണ്ട്, മഴ ശക്തമായി തുടരുന്നതിനാൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ ആരും ഇപ്പോൾ മലയോര മേഖലയിലേക്ക് യാത്ര നടത്തരുതെന്ന് അഭ്യർത്ഥിച്ചു. അടുത്ത 24 മണിക്കൂർ നിർണായകമാണ്. ജനങ്ങൾ ജാഗ്രത പാലിക്കുകയും സംശയം തോന്നുന്ന സാഹചര്യങ്ങൾ ഉടൻ അധികൃതരെ അറിയിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വില്ലേജ് അസിസ്റ്റന്റ് ജി. മണിക്കുട്ടൻ, കെ. അനിഷ്, എസ്.പി. ഷിജിൻ, വളയം സി.ഐ. കെ. ഷാജു, എസ്.ഐമാരായ പി. പ്രേംജിത്ത് കുമാർ, സുകേഷ്, പ്രദീപൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.കെ. മുർഷിന, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി. ബാബു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. രാജീവൻ, വാർഡ് അംഗങ്ങളായ രാജു അലക്സ്, ടി.കെ. വിജീഷ്, അഷ്‌റഫ് കൊറ്റാല, ഷെബി സെബാസ്റ്റ്യൻ, പി.ബി. സൗമ്യ എന്നിവർ പങ്കെടുത്തു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി റവന്യൂ, പോലീസ്, ഫയർഫോഴ്സ് സംഘങ്ങൾ സജ്ജമാണ്. അടിയന്തര സാഹചര്യത്തിൽ 112, 1077 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376018/vilangad-families-relocated-relief-camp-heavy-rain)