---
title: "ദുരിതപ്പെയ്ത്ത്! നാടും നഗരവും വെള്ളത്തിൽ! വിഷ്ണുമംഗലം ബണ്ടിൽ ജലം ഉയർന്നത് ആശങ്ക പരത്തുന്നു"
english_title: "Nadapuram Heavy Rain Floods Vishnumangalam Bund Water Level Rises"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376123/nadapuram-heavy-rain-flood-vishnumangalam-bund-alert"
published_at: "2026-08-02T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ed7305413e_nadapuram-heavy-rain-flood-vishnumangalam-bund-alert.jpg"
keywords: ["Nadapuram Flood", "Kerala Rain", "Vishnumangalam Bund", "Landslide", "Relief Camp"]
---

# ദുരിതപ്പെയ്ത്ത്! നാടും നഗരവും വെള്ളത്തിൽ! വിഷ്ണുമംഗലം ബണ്ടിൽ ജലം ഉയർന്നത് ആശങ്ക പരത്തുന്നു

> **Lead Summary:** **നാദാപുരം: [ **മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് നാടും നഗരവും വെള്ളത്തിനടിയിലായി. ടൗണിലും ഗ്രാമീണ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ പലയിടങ്ങളും പ്രയാസകരമായ അവസ്ഥയിലാണ്. പ്രധാന റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

## Article Content

**നാദാപുരം: [ **മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് നാടും നഗരവും വെള്ളത്തിനടിയിലായി. ടൗണിലും ഗ്രാമീണ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ പലയിടങ്ങളും പ്രയാസകരമായ അവസ്ഥയിലാണ്. പ്രധാന റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

കൂടാതെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി വൻ സാമ്പത്തിക നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലയോര മേഖലയോട് ചേർന്ന് പലയിടങ്ങളിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ ചെറിയ രീതിയിൽ മണ്ണിടിച്ചിലുണ്ടാവുകയും റോഡുകളിലേക്ക് മണ്ണും മരങ്ങളും വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ അനവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റിപ്പാർപ്പിച്ചു വരികയാണ്.

ഏക്കർ കണക്കിന് കൃഷിയിടങ്ങളാണ് വെള്ളത്തിനടിയിലായത്. വാഴ, കവുങ്ങ്, നെല്ല് ഉൾപ്പെടെയുള്ള കൃഷികൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വടകരയിലേക്ക് കൂടി വെള്ളം പമ്പ് ചെയ്യുന്ന വിഷ്ണുമംഗലം ബണ്ടിൽ ജലവിതാനം ഉയർന്നത് പുഴയോരവാസികളിൽ ആശങ്ക പരത്തിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് വാണിമേൽ പുഴയിൽ വെള്ളം ക്രമാതീതമായി വർദ്ധിച്ചതാണ് വിഷ്ണുമംഗലം ബണ്ടിലെ ജലവിതാനം ഉയരാൻ കാരണം.

മുൻകാലങ്ങളിലും മഴക്കാലമായാൽ വിഷ്ണുമംഗലത്തെ പുഴയോരത്ത് താമസിക്കുന്നവർ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റാറുണ്ടായിരുന്നു. ഇപ്പോൾ ബണ്ടിൽ വെള്ളം ഉയർന്നതോടെ പരിസരവാസികൾ വീട് ഒഴിക്കണമോ എന്ന ആശങ്കയിലാണ് കഴിയുന്നത്.

ബണ്ടിന്റെ നവീകരണ പ്രവർത്തിക്ക് സർക്കാർ ബഡ്ജറ്റ് തുക വകയിരുത്തിയ സാഹചര്യത്തിൽ, എത്രയും പെട്ടെന്ന് തന്നെ പ്രവർത്തി ആരംഭിച്ച് ജനങ്ങളുടെ ആശങ്ക ദുരീകരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫിറ മൂന്നാംകുനി, വിഷ്ണുമംഗലം പുഴ സംരക്ഷണ സമിതി ചെയർമാൻ അഹമ്മദ് കുറവയിൽ എന്നിവർ ആവശ്യപ്പെട്ടു.

വിഷ്ണുമംഗലം പുഴ ചെറുമോത്ത് പ്രദേശത്ത് കൃഷിസ്ഥലങ്ങളിലും റോഡിലും വെള്ളം കയറി കെട്ടിക്കിടക്കുന്നതിനാൽ കാർഷിക വിളകൾ പൂർണ്ണമായും നശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376123/nadapuram-heavy-rain-flood-vishnumangalam-bund-alert)