---
title: "ഒരു ജീവൻ മതിയോ? അപകടഭീഷണിയായി വണ്ണാർകണ്ടി റോഡിലെ വെള്ളക്കെട്ടും തെങ്ങും, ഇനിയെങ്കിലും കണ്ണ് തുറക്കുമോ?"
english_title: "8 Year Old Girl Dies Kozhikode Valayam Vanarkandi Road Accident Waterlogging"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376482/valayam-vanarkandi-road-accident-8-year-old-girl-dies-waterlogging"
published_at: "2026-08-04T09:47:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a716946703fa_valayam-vanarkandi-road-accident-8-year-old-girl-dies-waterlogging.jpg"
keywords: ["Valayam Accident", "Kozhikode News", "Road Safety", "Child Death"]
---

# ഒരു ജീവൻ മതിയോ? അപകടഭീഷണിയായി വണ്ണാർകണ്ടി റോഡിലെ വെള്ളക്കെട്ടും തെങ്ങും, ഇനിയെങ്കിലും കണ്ണ് തുറക്കുമോ?

> **Lead Summary:** **വളയം: [**റോഡിലേക്ക് വളഞ്ഞ് ഇലക്ട്രിക് ലൈനിന് മുകളിലേക്ക് ചെരിഞ്ഞ തെങ്ങും റോഡിന്റെ പകുതിയിലേറെ നിറഞ്ഞ ചെളിവെള്ളക്കെട്ടും അപകടക്കെണിയായി കാലങ്ങളേറെയായി. നാട്ടുകാർ ഏറെ പറഞ്ഞിട്ടും ആരുടെയും ചെവി തുറന്നില്ല. ഒടുവിൽ ഒരു പൊന്നുമോളുടെ ജീവൻ പൊലിഞ്ഞു.

## Article Content

**വളയം: [**റോഡിലേക്ക് വളഞ്ഞ് ഇലക്ട്രിക് ലൈനിന് മുകളിലേക്ക് ചെരിഞ്ഞ തെങ്ങും റോഡിന്റെ പകുതിയിലേറെ നിറഞ്ഞ ചെളിവെള്ളക്കെട്ടും അപകടക്കെണിയായി കാലങ്ങളേറെയായി. നാട്ടുകാർ ഏറെ പറഞ്ഞിട്ടും ആരുടെയും ചെവി തുറന്നില്ല. ഒടുവിൽ ഒരു പൊന്നുമോളുടെ ജീവൻ പൊലിഞ്ഞു.

ഇതു മതിയോ? അപകടഭീഷണിയായി മാറിയ വണ്ണാർകണ്ടി റോഡിലെ വെള്ളക്കെട്ടും തെങ്ങും ഒഴിവാക്കാൻ ഇനിയെങ്കിലും കണ്ണ് തുറക്കുമോ? പൊതുമരാമത്ത് വകുപ്പിന്റെ വളയം - കുറുവന്തേരി റോഡിൽ വണ്ണാർകണ്ടി പാലത്തിനു സമീപമുള്ള വെള്ളക്കെട്ടും തെങ്ങും അപകടഭീഷണിയാണെന്ന് അധികൃതർക്ക് ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച എട്ടുവയസ്സുകാരിയുടെ ജീവൻ പൊലിഞ്ഞതും സ്ഥിരം അപകടമേഖലയായ ഇവിടെ വെച്ചാണ്.

പൊതുമരാമത്ത് റോഡിൽ വണ്ണാർകണ്ടി പാലത്തിനു സമീപം 'S' ആകൃതിയിലുള്ള വളവിലാണ് വെള്ളക്കെട്ടും തെങ്ങും സ്ഥിതിചെയ്യുന്നത്. കൊടുംവളവിലെ പറമ്പിൽ ഇടതുവശത്തായി തെങ്ങ് റോഡിലേക്ക് ചെരിഞ്ഞു നിന്നതിനാൽ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇവിടെ വലതുവശം ചേർന്നാണ് സഞ്ചരിക്കുന്നത്.

അതിന് താഴെ റോഡിൽ ചെളിവെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളും മറ്റും വലതുവശത്തുകൂടിയാണ് സഞ്ചരിക്കുന്നത്. ഈ സമയം കുറുവന്തേരി ഭാഗത്തുനിന്ന് രണ്ട് വളവുള്ള ഇറക്കമിറങ്ങി വരുന്ന വാഹനങ്ങളുടെ മുൻപിലേക്കാണ് ഇത്തരത്തിൽ തെങ്ങും ചെളിയും ഒഴിവാക്കി വരുന്ന വാഹനങ്ങൾ എത്തിപ്പെടുന്നത്. ഇതിനോടകം ഇത്തരത്തിൽ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചത്.

ഇതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ ഉമ്മ സൽമയും മറ്റ് രണ്ടു കുട്ടികളുമൊത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന എട്ടുവയസ്സുകാരി ഫാത്തിമ അപകടത്തിൽപ്പെടുന്നത്. നാട്ടുകാർ അധികൃതരോട് നിരന്തരം പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ സ്വകാര്യ ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ വളയം കുയ്തേരിയിലെ കൊയോളിന്റെ വീട് കുനിയിൽ മുഹമ്മദിന്റെ മകൾ ഫാത്തിമ മുഹമ്മദ് (8) ആണ് മരിച്ചത്. കുയ്തേരി സഹറ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഉമ്മ സൽമയ്ക്കും മറ്റ് രണ്ട് സഹോദരങ്ങൾക്കുമൊപ്പം സ്കൂട്ടറിൽ കുയ്തേരിയിലെ വീട്ടിൽ നിന്ന് ഉമ്മയുടെ വീടായ താനക്കോട്ടൂർ കോമത്ത് വീട്ടിലേക്ക് പോകവേയാണ് അപകടം. റോഡിലെ വെള്ളക്കെട്ട് കാരണം സ്കൂട്ടർ വലതുവശത്തുകൂടി എടുത്തപ്പോൾ എതിർദിശയിൽ നിന്ന് വന്ന സ്വകാര്യ ബസിൽ ഇടിച്ച് സ്കൂട്ടർ ബസിനടിയിൽപ്പെടുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ഉടൻ വളയം ഗവ. ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ആംബുലൻസിൽ തലശ്ശേരിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. അപകടത്തിൽ ഉമ്മ സൽമയ്ക്കും മറ്റ് രണ്ട് മക്കൾക്കും പരിക്കുണ്ട്. ഫാത്തിമയുടെ മൃതദേഹം തലശ്ശേരി ജില്ലാ ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376482/valayam-vanarkandi-road-accident-8-year-old-girl-dies-waterlogging)