---
title: "ഇനിയും മേനി നടിക്കരുത്; കല്ലാച്ചിയിൽ കുണ്ടും കുഴികളും താണ്ടി സ്കൂൾ വിദ്യാർഥികൾക്ക് ദുരിതയാത്ര"
english_title: "Kallachi School Road Nadapuram Potholes Students Suffer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376947/kallachi-school-road-nadapuram-dilapidated-students-suffer"
published_at: "2026-08-06T10:25:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74141cb9c91_kallachi-school-road-nadapuram-dilapidated-students-suffer.jpg"
keywords: ["Kallachi", "School Road", "Potholes", "Students"]
---

# ഇനിയും മേനി നടിക്കരുത്; കല്ലാച്ചിയിൽ കുണ്ടും കുഴികളും താണ്ടി സ്കൂൾ വിദ്യാർഥികൾക്ക് ദുരിതയാത്ര

> **Lead Summary:** **നാദാപുരം: [ **വികസനത്തിൻ്റെ തേര് തെളിക്കുന്നവരെന്ന് ഊറ്റം കൊള്ളുന്നവർ ഇനിയെങ്കിലും അങ്ങനെ പറയരുത്. ഇവിടെ കുണ്ടും കുഴികളും തകർന്ന കോൺക്രീറ്റ് സ്ലാബും താണ്ടി ആയിരത്തിലധികം സ്കൂൾ വിദ്യാർഥികൾ ദുരിതയാത്ര തുടങ്ങിയിട്ട് മാസങ്ങളല്ല, വർഷങ്ങളേറെയായി. വികസന നേട്ടങ്ങൾ നിരത്തുന്ന നാദാപുരം ഗ്രാമപഞ്ചായത്തിലെ കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്.

## Article Content

**നാദാപുരം: [ **വികസനത്തിൻ്റെ തേര് തെളിക്കുന്നവരെന്ന് ഊറ്റം കൊള്ളുന്നവർ ഇനിയെങ്കിലും അങ്ങനെ പറയരുത്. ഇവിടെ കുണ്ടും കുഴികളും തകർന്ന കോൺക്രീറ്റ് സ്ലാബും താണ്ടി ആയിരത്തിലധികം സ്കൂൾ വിദ്യാർഥികൾ ദുരിതയാത്ര തുടങ്ങിയിട്ട് മാസങ്ങളല്ല, വർഷങ്ങളേറെയായി. വികസന നേട്ടങ്ങൾ നിരത്തുന്ന നാദാപുരം ഗ്രാമപഞ്ചായത്തിലെ കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്.

കാൽനടയാത്ര പോലും ദുഷ്കരമായ അവസ്ഥയിലാണ് റോഡ്. കല്ലാച്ചി ഗവ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, ഐ.എച്ച്.ആർ.ഡി കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ ദിനംപ്രതി ആയിരത്തിലധികം ആളുകൾ വന്നുപോകുന്ന റോഡിലാണ് ഈ ദുരിതം.

അഞ്ഞൂറ് മീറ്ററിൽ താഴെ മാത്രം ദൂരമുള്ള റോഡിന് വീതിയും വളരെ കുറവാണ്. മൂന്ന് മീറ്റർ വീതി പോലും പലയിടത്തുമില്ല. റോഡരികിൽ കൂറ്റൻ മതിലുകളും കെട്ടിപ്പൊക്കിയിട്ടുണ്ട്. സ്കൂളിലോ ഈ ഇടുങ്ങിയ റോഡിലോ ഒരു അത്യാഹിതം സംഭവിച്ചാൽ ഫയർ ആൻഡ് റെസ്ക്യൂ സംഘം പോലും എങ്ങനെ എത്തിച്ചേരുമെന്ന ആശങ്ക പല രക്ഷിതാക്കളും പങ്കുവെക്കുന്നുണ്ട്.

ജലവിതരണ പൈപ്പ് സ്ഥാപിക്കാനാണ് രണ്ട് വർഷം മുമ്പ് ടാർ ചെയ്ത റോഡ് ആദ്യം വെട്ടിപ്പൊളിച്ചത്. റോഡിൽ ഒരു മീറ്ററിലധികം വീതിയിൽ കുഴി വെട്ടിയതിനാൽ ഏറെക്കാലം ജനങ്ങൾ ദുരിതം സഹിച്ചു. ഒടുവിൽ കഴിഞ്ഞ വർഷം ഈ ഭാഗം കോൺക്രീറ്റ് ചെയ്തു.

ഏറെ കഴിയുന്നതിന് മുമ്പേ നേരത്തെ ടാർ ചെയ്ത ഭാഗത്ത് കുണ്ടും കുഴികളും രൂപപ്പെട്ടു. ഇപ്പോൾ കോൺക്രീറ്റ് ചെയ്ത ഭാഗവും പൊട്ടിപ്പൊളിയാൻ തുടങ്ങി. റോഡിലൂടെ ഒരു ചെറിയ വാഹനം പോലും കടന്നുപോകുമ്പോൾ വിദ്യാർഥികൾ റോഡരികിലെ കാട് മൂടിയ ഭാഗങ്ങളിലേക്ക് മാറിനിൽക്കേണ്ട അവസ്ഥയാണ്. നാദാപുരം ഗ്രാമപഞ്ചായത്തിൻ്റെ മുക്കിലും മൂലയിലും പോലും മികച്ച റോഡുകളുണ്ട്. രാഷ്ട്രീയ സ്വാധീനവും സമ്പത്തുമുള്ളവരുടെ വീടുകളിലേക്ക് മികച്ച റോഡ് നിർമിച്ചുകഴിഞ്ഞു.

ഇനിയെങ്കിലും സ്കൂൾ റോഡുകളിലേക്കും ഒന്ന് കണ്ണുവെക്കണം. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376947/kallachi-school-road-nadapuram-dilapidated-students-suffer)