---
title: "പി.ഡബ്ല്യു.ഡി അധികൃതരെ ഉണർത്താൻ ഒരു ജീവൻ വേണ്ടിവന്നു; വളയം വണ്ണാർകണ്ടിയിലെ വെള്ളക്കെട്ടും തെങ്ങും നീക്കം ചെയ്തു"
english_title: "Valayam Vannarkandi Road Cleared After 8-Year-Old Girl's Death, PWD Removes Waterlogging and Tree"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377330/valayam-vannarkandi-road-cleared-pwd-waterlogging-tree-removed"
published_at: "2026-08-07T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75e9cc84b2e_valayam-vannarkandi-road-cleared-pwd-waterlogging-tree-removed.jpg"
keywords: ["Valayam Accident", "Nadapuram Accident", "Fatima Muhammad Death", "Child Accident", "PWD"]
---

# പി.ഡബ്ല്യു.ഡി അധികൃതരെ ഉണർത്താൻ ഒരു ജീവൻ വേണ്ടിവന്നു; വളയം വണ്ണാർകണ്ടിയിലെ വെള്ളക്കെട്ടും തെങ്ങും നീക്കം ചെയ്തു

> **Lead Summary:** നാദാപുരം: ഒരു എട്ടുവയസ്സുകാരിയുടെ ജീവൻ നഷ്ടമായതോടെയാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അനാസ്ഥ വിട്ടൊഴിഞ്ഞ് ഉണർന്നത്. വളയം - കുറുവന്തേരി പി.ഡബ്ല്യു.ഡി റോഡിലെ വെള്ളക്കെട്ടും റോഡിലേക്ക് പടർന്ന് വളർന്ന തെങ്ങും ഒടുവിൽ നീക്കം ചെയ്തു.

## Article Content

നാദാപുരം: ഒരു എട്ടുവയസ്സുകാരിയുടെ ജീവൻ നഷ്ടമായതോടെയാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അനാസ്ഥ വിട്ടൊഴിഞ്ഞ് ഉണർന്നത്. വളയം - കുറുവന്തേരി പി.ഡബ്ല്യു.ഡി റോഡിലെ വെള്ളക്കെട്ടും റോഡിലേക്ക് പടർന്ന് വളർന്ന തെങ്ങും ഒടുവിൽ നീക്കം ചെയ്തു.

വളയം കുയ്യേരിയിലെ ഫാത്തിമ മുഹമ്മദിന്റെ ജീവൻ പൊലിഞ്ഞ അപകടത്തിന് കാരണമായ വണ്ണാർകണ്ടിയിലെ വെള്ളക്കെട്ടും റോഡിലേക്ക് പടർന്ന് വളർന്ന തെങ്ങുമാണ് ഇന്ന് നീക്കം ചെയ്ത് അപകടാവസ്ഥ ഒഴിവാക്കിയത്.

S ആകൃതിയിലുള്ള വളവിൽ വണ്ണാർകണ്ടി മാവേലി ക്ലബ്ബിന് മുൻവശത്തെ റോഡിൽ പാതി വീതിയിലേറെ കെട്ടിനിന്ന ചെളിവെള്ളം ഹിറ്റാച്ചി ഉപയോഗിച്ച് ചാൽ കീറി ഒഴുക്കിവിട്ടു.

വളയം ഗ്രാമപഞ്ചായത്ത് അധികൃതരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുമാണ് അപകടാവസ്ഥ ഒഴിവാക്കാൻ ഇടപെട്ടത്. ഇലക്ട്രിക് ലൈനുകൾ ഓഫ് ചെയ്താണ് ലൈനിലേക്ക് ചാഞ്ഞ തെങ്ങും മരങ്ങളും മുറിച്ചുമാറ്റിയത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച പകൽ മൂന്നരയോടെയാണ് ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത മൂന്നാം ക്ലാസ് വിദ്യാർത്ഥിനി സ്വകാര്യ ബസിടിച്ച് മരിച്ചത്. വണ്ണാർകണ്ടിയിലെ ഈ അപകടക്കെണി നിരവധി തവണ നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377330/valayam-vannarkandi-road-cleared-pwd-waterlogging-tree-removed)