---
title: "പുഴ പോലെ ഒഴുകുന്ന റോഡ്; മഴയിൽ അരൂർ വഴി ഗതാഗതം വീണ്ടും തടസ്സപ്പെട്ടു"
english_title: "Heavy Rain Floods Aroor Road, Traffic Disrupted "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377351/aroor-road-flooding-traffic-disrupted-heavy-rain"
published_at: "2026-08-07T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a760e404cfb0_aroor-road-flooding-traffic-disrupted-heavy-rain.jpg"
keywords: ["Heavy Rain", "Aroor Road", "Traffic Block", "Nadapuram News"]
---

# പുഴ പോലെ ഒഴുകുന്ന റോഡ്; മഴയിൽ അരൂർ വഴി ഗതാഗതം വീണ്ടും തടസ്സപ്പെട്ടു

> **Lead Summary:** അരൂർ: കനത്ത മഴയെ തുടർന്ന് അരൂർ തീക്കുനി റൂട്ടിൽ വീണ്ടും ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ പുഴ പോലെ വെള്ളം കയറിയതോടെയാണ് വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായത്.

## Article Content

അരൂർ: കനത്ത മഴയെ തുടർന്ന് അരൂർ തീക്കുനി റൂട്ടിൽ വീണ്ടും ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ പുഴ പോലെ വെള്ളം കയറിയതോടെയാണ് വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായത്.

അരൂർ അതിർത്തിയിലെ ഭജനമഠത്തിനടുത്തും എറുമ്പൻകുനി ഭാഗത്തുമാണ് ഏറ്റവും കൂടുതൽ വെള്ളം കയറിയത്. റോഡ് പൂർണമായും വെള്ളത്തിനടിയിലായതോടെ ഈ വഴിയുള്ള യാത്ര പൂർണമായി നിലച്ചു. സമീപത്തെ വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്.

ഏറെ കാലമായി ശക്തമായ മഴ പെയ്താൽ ഈ റൂട്ടിൽ ഗതാഗതം നിലക്കുന്നത് പതിവാണ്. പ്രശ്നം പരിഹരിക്കുന്നതിന് റോഡ് ഉയർത്താനും അഴുക്കുചാൽ നിർമിക്കാനും കരാർ നൽകിയിരുന്നെങ്കിലും പ്രവർത്തികൾ ആമയുടെ വേഗതയിലാണ് നീങ്ങുന്നത്.

രണ്ടാഴ്ച മുമ്പ് എം.എൽ.എ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചതുപ്പ് സ്ഥലങ്ങളിൽ പാറപ്പൊടി ഇട്ട് ലെവൽ ചെയ്യുന്ന താൽക്കാലിക നടപടികൾ മാത്രമാണ് ഇതുവരെ നടന്നത്.

മഴ ശക്തമായതോടെ ഈ ഭാഗത്തെ ജനങ്ങൾ ഒറ്റപ്പെടുന്ന അവസ്ഥയാണ്. വിദ്യാർഥികൾക്കും ജോലിക്ക് പോകുന്നവർക്കും ഏറെ ബുദ്ധിമുട്ടുണ്ട്.

ശാശ്വത പരിഹാരം കാണാതെ ഓരോ മഴക്കാലത്തും ഇതേ ദുരിതം തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി റോഡ് ഉയർത്തുന്ന പ്രവർത്തികൾ വേഗത്തിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377351/aroor-road-flooding-traffic-disrupted-heavy-rain)