---
title: "ഒറ്റിയത് കളിക്കാരിലൊരാൾ; പൊലീസ് ചമഞ്ഞ് 'റെയ്ഡ് 'നടത്തി ലക്ഷങ്ങൾ തട്ടിയ എടച്ചേരി സ്വദേശിയടക്കം രണ്ടുപേർ ജയിലിലായി "
english_title: "Nadapuram Fake Police Raid Scam Cards Game 5 Lakh Arrest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377580/nadapuram-fake-police-raid-cards-scam-arrest"
published_at: "2026-08-09T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a780ee9181ba_nadapuram-fake-police-raid-cards-scam-arrest.jpg"
keywords: ["Kuttiadi Fake Police Case", "Card Game Scam", "Arrest", "Nadapuram"]
---

# ഒറ്റിയത് കളിക്കാരിലൊരാൾ; പൊലീസ് ചമഞ്ഞ് 'റെയ്ഡ് 'നടത്തി ലക്ഷങ്ങൾ തട്ടിയ എടച്ചേരി സ്വദേശിയടക്കം രണ്ടുപേർ ജയിലിലായി 

> **Lead Summary:** നാദാപുരം : പൊലീസിനെ മറയാക്കിയും തട്ടിപ്പ് സംഘം. ഒറ്റിയത് കളിക്കാരിലൊരാൾ.പൊലീസ്ചമഞ്ഞ് ‘റെയ്ഡ്’ നടത്തി ലക്ഷങ്ങൾ തട്ടിയഎടച്ചേരി സ്വദേശിയടക്കം രണ്ടുപേർ ജയിലിലായി. വേളം പൂളക്കൂൽ പള്ളിയത്ത് 12 അംഗ സംഘം പണംവെച്ച് ശീട്ടുകളിക്കുകയായിരുന്ന വീട്ടിൽ പൊലീസ് ചമഞ്ഞ് ‘റെയ്ഡ്’ നടത്തി അഞ്ചു ലക്ഷത്തോളം രൂപ തട്ടിയെടുത്ത പരാതിയിലാണ് രണ്ടുപേർ പിടിയിലായത്. വീട്ടുടമ മീത്തലെപമ്പത്ത് രജീഷിന്റെ പരാതിയിൽ എടച്ചേരി മരക്കാണ്ടിത്താഴ വെഗോളി എം.കെ. മധു , കളിക്കാരിലൊരാളായ പൂളക്കൂൽ കലങ്ങിത്താഴകുനിയിൽ വി.എം. രജീഷ് എന്നിവരെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

നാദാപുരം : പൊലീസിനെ മറയാക്കിയും തട്ടിപ്പ് സംഘം. ഒറ്റിയത് കളിക്കാരിലൊരാൾ.പൊലീസ്ചമഞ്ഞ് ‘റെയ്ഡ്’ നടത്തി ലക്ഷങ്ങൾ തട്ടിയഎടച്ചേരി സ്വദേശിയടക്കം രണ്ടുപേർ ജയിലിലായി. വേളം പൂളക്കൂൽ പള്ളിയത്ത് 12 അംഗ സംഘം പണംവെച്ച് ശീട്ടുകളിക്കുകയായിരുന്ന വീട്ടിൽ പൊലീസ് ചമഞ്ഞ് ‘റെയ്ഡ്’ നടത്തി അഞ്ചു ലക്ഷത്തോളം രൂപ തട്ടിയെടുത്ത പരാതിയിലാണ് രണ്ടുപേർ പിടിയിലായത്. വീട്ടുടമ മീത്തലെപമ്പത്ത് രജീഷിന്റെ പരാതിയിൽ എടച്ചേരി മരക്കാണ്ടിത്താഴ വെഗോളി എം.കെ. മധു , കളിക്കാരിലൊരാളായ പൂളക്കൂൽ കലങ്ങിത്താഴകുനിയിൽ വി.എം. രജീഷ് എന്നിവരെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 26ന് രാത്രി പത്തരക്ക് കളിക്ക് എല്ലാവരും പണംവെച്ച സമയം കോഴിക്കോട് റൂറൽ എസ്.പിയുടെ സ്പെഷൽ സ്‌ക്വാഡിൽപ്പെട്ടവരാണെന്ന് പറഞ്ഞ് ആറംഗ സംഘം പ്രത്യക്ഷപ്പെടുകയും ബക്കറ്റിൽ നിക്ഷേപിച്ച പണം പിടിച്ചെടുക്കുകയും ഫോണുകൾ ‘കസ്റ്റഡിയിൽ’ എടുക്കുകയും ചെയ്തു. തുടർന്ന് 12 കളിക്കാരുടെയും പേരും വിലാസവും കുറിച്ചെടുത്തു. അറസ്റ്റ് പിന്നീട് ഉണ്ടാവുമെന്ന് പറഞ്ഞ് സംഘം പോയി. പിന്നീട് കൂട്ടത്തിൽ ഒരാളെ ദൂരേക്ക് ഫോണിൽ വിളിച്ച് പിടിച്ചെടുത്ത ഫോണുകൾ തിരിച്ചുകൊടുക്കുകയും ചെയ്തു.

എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും മറ്റു നടപടികളില്ലാത്തതിനാൽ പരാതിക്കാരൻ വിവരം പരിചയക്കാരായ പൊലീസുകാരനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എസ്.പിയുടെ സ്‌ക്വാഡുമായി ബന്ധപ്പെട്ടെങ്കിലും അങ്ങനെയൊരു റെയ്ഡ് നടന്നിട്ടില്ലെന്ന് അറിഞ്ഞു. തുടർന്നാണ് കുറ്റ്യാടി പൊലീസിൽ പരാതി നൽകുന്നത്.

കേസെടുത്ത പൊലീസ്, നാദാപുരം ഡിവൈ.എസ്.പി, കുറ്റ്യാടി സി.ഐ എന്നിവരുടെ മേൽനോട്ടത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രദേശത്തുനിന്ന് പോയ കളിക്കാരുടേതടക്കം ഫോൺ കോളുകൾ പരിശോധിച്ചു. അതിലാണ് രജീഷ് മധുവിനെ ബന്ധപ്പെട്ടതായി അറിയുന്നത്. കളി തുടങ്ങുന്നതിന്റെ മണിക്കൂർ മുമ്പ് മധുവിന് ലൊക്കേഷൻ അയച്ചുകൊടുത്തു. കളിക്ക് പണം ഇട്ടതോടെ വീണ്ടും മെസേജ് അയച്ചു. തുടർന്നാണ് തട്ടിപ്പ് സംഘം എത്തുന്നത്. മധു വീട്ടിൽ വരാതെ പുറത്തുനിന്ന് സംഘത്തിന് നേതൃത്വം നൽകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഘാംഗങ്ങൾക്കു വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശരിക്കും പൊലീസിനെ വെല്ലുന്ന സംസാരവും പെരുമാറ്റമായിരുന്നു തട്ടിപ്പുസംഘത്തിന്റേതെന്ന് പരാതിക്കാരൻ പറഞ്ഞു. കുറ്റ്യാടി എസ്.ഐ എ. കിരൺ അറസ്റ്റ് ചെയ്ത പ്രതികളെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

എ.എസ്.ഐ സുധീഷ്, എസ്.സി.പി.ഒമാരായ ബിജിൽ, ലിനീഷ്, നാദാപുരം ഡി.വൈ.എസ്.പിയുടെ സ്പെഷൽ സ്‌ക്വാഡിലുള്ള മനോജ്, വിജയൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377580/nadapuram-fake-police-raid-cards-scam-arrest)