---
title: "കുരച്ച് ചാടി നായ്ക്കൾ; നാദാപുരത്ത് തെരുവുനായകളെ ഭയന്ന് നാട്ടുകാർ, കണ്ണടച്ച് അധികൃതരും"
english_title: "Stray Dog Attack Rises in Nadapuram and Surrounding Areas Multiple Injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378305/stray-dog-attack-nadapuram-kuttiadi-news"
published_at: "2026-08-13T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d7f66a5978_stray-dog-attack-nadapuram-kuttiadi-news.jpg"
keywords: ["Nadapuram", "stray dog attack", "Nadapuram Stray Dog Issue"]
---

# കുരച്ച് ചാടി നായ്ക്കൾ; നാദാപുരത്ത് തെരുവുനായകളെ ഭയന്ന് നാട്ടുകാർ, കണ്ണടച്ച് അധികൃതരും

> **Lead Summary:** **നാദാപുരം:[ ** നാദാപുരത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ അക്രമണം രൂക്ഷമാകുന്നു. ഇരകളാകുന്നവരിൽ ഏറെയും കുട്ടികളും വിദ്യാർത്ഥികളും. പാറക്കടവ് പുറമേരി വിലാതപുരം, വളയം, വാണിമേൽ ,കല്ലാച്ചി തുടങ്ങി വിവിധ ഭാഗങ്ങളിലായി നിരവധി പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.

## Article Content

**നാദാപുരം:[ ** നാദാപുരത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ അക്രമണം രൂക്ഷമാകുന്നു. ഇരകളാകുന്നവരിൽ ഏറെയും കുട്ടികളും വിദ്യാർത്ഥികളും. പാറക്കടവ് പുറമേരി വിലാതപുരം, വളയം, വാണിമേൽ ,കല്ലാച്ചി തുടങ്ങി വിവിധ ഭാഗങ്ങളിലായി നിരവധി പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.

കുട്ടികളും സ്ത്രീകളും അടക്കമുള്ളവരാണ് ദിനംപ്രതി ആക്രമണത്തിന് ഇരയാകുന്നത്. വിലാതപുരം അഞ്ചാം വാർഡിൽ നടന്ന തെരുവുനായ ആക്രമണത്തിൽ ഒമ്പത് വയസ്സുകാരൻ റിതു പാർവ്വൺ ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്.

തട്ടാങ്കണ്ടിയിൽ റിതു പാർവ്വൺ (9), തയ്യിൽ ചന്ദ്രി (54), പേരോറുകണ്ടിയിൽ നാരായണി (65), എളയടം തെക്കിണം വീട്ടിൽ ശശി (45) എന്നിവർക്കാണ് അന്ന് കടിയേറ്റത്. ഇതിന് മുമ്പ് , വിലാതപുരത്ത് വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന യുകെജി വിദ്യാർത്ഥിയായ ദാൻദേവന് (6) നേരെയും തെരുവുനായയുടെ ക്രൂരമായ ആക്രമണമുണ്ടായത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു.

കുട്ടിയുടെ തുടയുടെ ഭാഗത്ത് ആഴത്തിൽ മുറിവേൽക്കുകയും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരികയും ചെയ്തു. കഴിഞ്ഞ മാസം സമാനമായ രീതിയിൽ വിലാതപുരം റേഷൻ കടയ്ക്ക് സമീപത്തുനിന്ന് പരിക്കേറ്റ സ്കൂൾ വിദ്യാർത്ഥിയും ദിവസങ്ങളോളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

വളയത്ത് ട്യൂഷൻ സെന്ററിലേക്ക് പോകുകയായിരുന്ന വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സിയ രമേശിനും തെരുവുനായയുടെ കടിയേറ്റു. കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തുവെച്ച് ആക്രമണത്തിനിരയായ കുട്ടിയെ, വഴിയിലൂടെയെത്തിയ ബൈക്ക് യാത്രികനാണ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്.

കൂടാതെ നാദാപുരം ചാലപ്പുറത്ത് ലോട്ടറി തൊഴിലാളിയായ സുരേഷ്, വീട്ടമ്മയായ ആണ്ടാളി സരസു എന്നിവർക്കും കല്ലാച്ചി വിഷ്ണുമംഗലത്ത് മൂന്ന് പേർക്കും തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ട്.

ജനവാസ മേഖലകളിലും റോഡുകളിലും തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തുന്നത് പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. വീടുകളുടെ മുറ്റത്ത് കളിച്ചുനിൽക്കുന്ന കുട്ടികൾക്ക് നേരെ പോലും നായ്ക്കളുടെ ആക്രമണമുണ്ടാകുന്നത് വലിയ തോതിലുള്ള അമർഷത്തിനാണ് കാരണമായിരിക്കുന്നത്.

പേവിഷബാധയടക്കമുള്ള ഭയം നിലനിൽക്കുന്നതിനാൽ അടിയന്തര ഘട്ടങ്ങളിൽ നായ്ക്കളെ പിടികൂടി മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും, തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378305/stray-dog-attack-nadapuram-kuttiadi-news)