---
title: "ബെംഗളൂരു ചുരമില്ലാ പാത; വിലങ്ങാട് - കുഞ്ഞോം വഴി പുതിയ റൂട്ട്, നാദാപുരത്ത് അഡ്ഹോക്ക് സമിതി രൂപീകരിച്ചു"
english_title: "Pazhashiraja Ghat-Free Road Demand: People's Committee Formed In Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378759/pazhashiraja-ghat-free-road-peoples-committee-nadapuram"
published_at: "2026-08-16T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a814ca446831_pazhashiraja-ghat-free-road-peoples-committee-nadapuram.jpg"
keywords: ["Ghat Free Road", "Nadapuram", "Bengaluru Road", "People's Committee"]
---

# ബെംഗളൂരു ചുരമില്ലാ പാത; വിലങ്ങാട് - കുഞ്ഞോം വഴി പുതിയ റൂട്ട്, നാദാപുരത്ത് അഡ്ഹോക്ക് സമിതി രൂപീകരിച്ചു

> **Lead Summary:** നാദാപുരം: തലശ്ശേരി, വടകരയിൽ നിന്ന് വിലങ്ങാട് - കുഞ്ഞോം - മാനന്തവാടി വഴി ബെംഗളൂരുവിലേക്കുള്ള ചുരമില്ലാ പാത യാഥാർഥ്യമാക്കുന്നതിനായി ജനകീയ കൂട്ടായ്മ രൂപീകരിച്ചു. നാദാപുരത്ത് ചേർന്ന യോഗത്തിൽ അഡ്ഹോക്ക് സമിതിയും രൂപീകരിച്ചു.

## Article Content

നാദാപുരം: തലശ്ശേരി, വടകരയിൽ നിന്ന് വിലങ്ങാട് - കുഞ്ഞോം - മാനന്തവാടി വഴി ബെംഗളൂരുവിലേക്കുള്ള ചുരമില്ലാ പാത യാഥാർഥ്യമാക്കുന്നതിനായി ജനകീയ കൂട്ടായ്മ രൂപീകരിച്ചു. നാദാപുരത്ത് ചേർന്ന യോഗത്തിൽ അഡ്ഹോക്ക് സമിതിയും രൂപീകരിച്ചു.

നാദാപുരം മഹാകവി മൊയ്തു കുട്ടി വൈദ്യർ അക്കാദമി ഹാളിൽ ചേർന്ന യോഗത്തിൽ 150-ലധികം പേർ പങ്കെടുത്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമനും സംയുക്തമായി യോഗം ഉദ്ഘാടനം ചെയ്തു.

വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് ടി. പദ്ധതി ചർച്ചയ്ക്ക് തുടക്കമിട്ടു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖമറുന്നീസയും തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം. പ്രദീപ് മാഷും അതാത് ഗ്രാമപഞ്ചായത്ത് ഭരണസമിതികളുടെ പിന്തുണ പ്രഖ്യാപിച്ചു.വടകര എം.പി. ഷാഫി പറമ്പിലും നാദാപുരം എം.എൽ.എ. കെ.എം. അഭിജിത്തും ഫോൺ വഴി യോഗത്തിൽ പങ്കെടുത്ത് പാതയ്ക്കായുള്ള ശ്രമങ്ങൾക്ക് സർവ പിന്തുണയും അറിയിച്ചു.

പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ജനകീയ സമ്മർദ്ദം ചെലുത്താനും ജനകീയ റിപ്പോർട്ടും സാധ്യമെങ്കിൽ ഡി.പി.ആറും തയ്യാറാക്കി സർവ ശ്രമങ്ങളും നടത്താനും യോഗം തീരുമാനിച്ചു.

സമിതി ഭാരവാഹികൾ: ചെയർമാൻ ഷൗക്കത്ത് അലി എരോത്ത്, ജനറൽ കൺവീനർ വിപിൻസ് മാത്യു, ട്രഷറർ കെ.കെ. ഉസ്മാൻ പാറക്കടവ്. പ്രിയങ്ക ഗാന്ധി എം.പി., ഷാഫി പറമ്പിൽ എം.പി. എന്നിവരെ മുഖ്യരക്ഷാധികാരികളായും വിവിധ എം.എൽ.എ.മാരെ രക്ഷാധികാരികളായും അഭ്യർത്ഥിക്കും.

**English Summary:**

A people's collective was formed in Nadapuram demanding a ghat-free road from Thalassery or Vadakara via Vilangad - Kunjom - Mananthavady to Bengaluru. An ad-hoc committee was constituted with Shawkat Ali Erothu as Chairman and Vipins Mathew as General Convener. Presidents of various panchayats pledged support. MPs Shafi Parambil and Priyanka Gandhi will be requested as chief patrons. The meeting decided to exert pressure on central and state governments and prepare a people's report and DPR for the project.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378759/pazhashiraja-ghat-free-road-peoples-committee-nadapuram)