---
title: " ആരുടെ വിരോധം? വാണിമേലിൽ അജ്ഞാതർ വീട്ടുമതിൽ തകർത്തു, സംഭവം തർക്കം നിലനിൽക്കുന്നതിനിടെ"
english_title: "Vanimel Parappupara House Wall Demolished Family Alleges Harassment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378761/vanimel-parappupara-house-wall-demolished-family-alleges-harassment-"
published_at: "2026-08-16T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8150a68f5c9_vanimel-parappupara-house-wall-demolished-family-alleges-harassment.jpg"
keywords: ["Vanimel", "Parappupara", "House Wall Demolished", "Land Dispute"]
---

#  ആരുടെ വിരോധം? വാണിമേലിൽ അജ്ഞാതർ വീട്ടുമതിൽ തകർത്തു, സംഭവം തർക്കം നിലനിൽക്കുന്നതിനിടെ

> **Lead Summary:** **വാണിമേൽ : **ഇരുട്ടിൻ്റെ മറവിൽ പരപ്പുപാറയിൽ വീട്ടുമതിൽ അജ്ഞാതർ പൊളിച്ചുമാറ്റി. കിണറുള്ള പറമ്പിലെ ശശീന്ദ്രന്റെ വീട്ടുമതിലാണ് ഇന്നലെ രാത്രി തകർത്തത്. കുടുംബത്തിന് ഭീഷണിയും സമ്മർദ്ദവും നിലനിൽക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ രാത്രി ആരോ വീടിന്റെ അതിർത്തിമതിൽ പൊളിച്ചുമാറ്റിയതായി ഇന്ന് രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടത്.

## Article Content

**വാണിമേൽ : **ഇരുട്ടിൻ്റെ മറവിൽ പരപ്പുപാറയിൽ വീട്ടുമതിൽ അജ്ഞാതർ പൊളിച്ചുമാറ്റി. കിണറുള്ള പറമ്പിലെ ശശീന്ദ്രന്റെ വീട്ടുമതിലാണ് ഇന്നലെ രാത്രി തകർത്തത്. കുടുംബത്തിന് ഭീഷണിയും സമ്മർദ്ദവും നിലനിൽക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ രാത്രി ആരോ വീടിന്റെ അതിർത്തിമതിൽ പൊളിച്ചുമാറ്റിയതായി ഇന്ന് രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടത്.

വീടിന്റെ അതിർത്തിമതിൽ പൊതുറോഡിലേക്ക് കയറി നിർമ്മിച്ചതാണെന്ന് ആരോപിച്ച് ചില നാട്ടുകാർ നിരന്തരം മാനസികബുദ്ധിമുട്ടും സമ്മർദ്ദവും നൽകിവരികയായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. എന്നാൽ ബന്ധപ്പെട്ട റവന്യൂ/സർവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിയമാനുസൃതമായി അളവെടുപ്പ് നടത്തി, മതിൽ പൊതുറോഡിലേക്ക് കയറിയിട്ടുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വീടിന് മുന്നിലുള്ള റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തി പഞ്ചായത്ത് അധികാരികളുടെ മേൽനോട്ടത്തിൽ പൂർത്തിയാക്കിയതാണ്. റോഡ് കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് മതിലിനെക്കുറിച്ച് യാതൊരു പരാതിയോ എതിർപ്പോ ഉണ്ടായിരുന്നില്ല. അതിനുശേഷമാണ് മതിലുമായി ബന്ധപ്പെട്ട ഈ വിഷയം ഉയർത്തിക്കൊണ്ടുവന്നത്.

> തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഈ കുടുംബത്തെ അദാലത്തിലേക്ക് വിളിപ്പിച്ചു. അവിടെ നിയമാനുസൃതമായ അളവെടുപ്പിന്റെയോ വ്യക്തമായ രേഖകളുടെയോ അടിസ്ഥാനമില്ലാതെ "മതിൽ പൊളിച്ചേ മതിയാവൂ" എന്ന നിലപാടിലായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സ്വീകരിച്ചതെന്നും കുടുംബം ആരോപിച്ചു.

പ്രസിഡന്റിന്റെ സ്വന്തം വാർഡിലാണ് ഈ വിഷയം നടക്കുന്നത്. നിയമലംഘനം നടന്നതായി ബന്ധപ്പെട്ട അധികാരികൾ ബോധ്യപ്പെടുത്താതെ മതിൽ പൊളിക്കാൻ പറ്റില്ലെന്ന് പ്രസ്തുത വീട്ടുടമയും വ്യക്തമാക്കിയിരുന്നു. ഈ റോഡിന്റെ അവസാന ഭാഗത്താണ് ശശീന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്നത്.

റോഡിന്റെ മറ്റു ഭാഗങ്ങളിൽ ഇതിനേക്കാൾ വീതികുറഞ്ഞ സ്ഥലങ്ങളുണ്ടായിട്ടും അവയെക്കുറിച്ച് യാതൊരു നടപടിയും സ്വീകരിക്കാതെ ഈ വീടിന്റെ മതിൽ മാത്രം ലക്ഷ്യമാക്കി നിരന്തരം സമ്മർദ്ദം ചെലുത്തുന്നതിനാൽ അവിടെ താമസിക്കാൻതന്നെ ആശങ്കയും ഭയവും ഉണ്ടാക്കുന്നതായും കുടുംബം പറഞ്ഞു.

English Summary:

In Vanimel Parappupara, the boundary wall of Shashindran’s house was allegedly demolished by unidentified persons last night. The family alleged ongoing harassment over claims that the wall encroached on public road, though revenue/survey officials have not confirmed it. They also alleged that the panchayat president pressured them to demolish the wall without proper measurement. The family said they now fear living there as similar narrow stretches elsewhere on the road have not been targeted.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378761/vanimel-parappupara-house-wall-demolished-family-alleges-harassment-)