---
title: "വന്യ ജീവിയാൽ ജീവൻ പൊലിയുന്നു; വിലങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു"
english_title: "Vilangad Wild Gaur Attack Youth Killed Protest March Forest Range Office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380375/vilangad-gaur-attack-youth-killed-protest-march-forest-office"
published_at: "2026-08-29T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92f41621ef6_vilangad-gaur-attack-youth-killed-protest-march-forest-office.jpg"
keywords: ["Vilangad News", "Wild Animal Attack", "Forest Department Protest", "Vilangad Sunil Death"]
---

# വന്യ ജീവിയാൽ ജീവൻ പൊലിയുന്നു; വിലങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** വിലങ്ങാട്: വിലങ്ങാട് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വിലങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക എന്ന ആവശ്യം ഉന്നയിച്ചായിരുന്നു മാർച്ച്. പ്രതിഷേധത്തെ തുടർന്ന് പൊലീസും സ്ഥലത്ത് വിന്യസിച്ചിരുന്നു.

## Article Content

വിലങ്ങാട്: വിലങ്ങാട് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വിലങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക എന്ന ആവശ്യം ഉന്നയിച്ചായിരുന്നു മാർച്ച്. പ്രതിഷേധത്തെ തുടർന്ന് പൊലീസും സ്ഥലത്ത് വിന്യസിച്ചിരുന്നു.

വിലങ്ങാട് വടക്കേ വായാട് ഉന്നതി വേലിയേരി ഹൗസിൽ ചന്തുവിന്റെ മകൻ വി.സി. സുനിൽ (40) ആണ് ഇന്ന് രാവിലെ ഉണ്ടായ കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ചത്. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായ സുനിൽ ഓണം അവധിക്കായി നാട്ടിൽ എത്തിയതായിരുന്നു.

**

ശനിയാഴ്ച രാവിലെയാണ് കാട്ടുപോത്ത് ജനവാസ മേഖലയിലെ കൃഷിയിടത്തിൽ എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം കാട്ടുപോത്തിനെ വനത്തിലേക്കു തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് 11 മണിയോടെ അപ്രതീക്ഷിതമായി സുനിലിനു നേരെ ആക്രമണം ഉണ്ടായത്.

വായാട് തെക്ക് നെല്ലിപ്പുഴ ജോസ്ബൈറ്റ് ജേക്കബ് എന്നയാളുടെ കൃഷിയിടത്തിന് സമീപമായിരുന്നു സംഭവം. വയറ്റിൽ കാട്ടുപോത്തിന്റെ കുത്തേറ്റ നിലയിൽ സുനിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുനിലിന്റെ മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

വിലങ്ങാട് ഭാഗത്ത് വന്യമൃഗങ്ങളെ അകറ്റാൻ സോളാർ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചാർജിങ് സംബന്ധിച്ച പ്രശ്നങ്ങൾ കാരണം അത് ഫലപ്രദമല്ലെന്ന് നാട്ടുകാർ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. സ്ഥിരമായി സ്ഥലത്ത് എത്താറുള്ള ഒറ്റയാൻ കാട്ടുപോത്തിനെ തുരത്താനുള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.

കണ്ണൂർ ജില്ലയിലെ കണ്ണവം വനമേഖലയിൽ നിന്നാണ് കാട്ടാനയും കാട്ടുപോത്തും മറ്റും ഈ മേഖലയിൽ എത്തുന്നത്.

English Summary:**

A youth was killed in a wild gaur attack in the residential area of Vilangad, following which a protest march was organized to the Vilangad Forest Range Office demanding a permanent solution to wild animal attacks. The deceased is V.C. Sunil (40), son of Chanthu of Veliyeri House, Vadakke Vayad Unnathi, Vilangad. Sunil, an employee of Chengannur court, had come home for Onam holidays. The gaur entered farmland on Saturday morning and attacked Sunil around 11 am while forest officials and locals were trying to drive it back to the forest, near the farmland of Nellipuzha Josbyte Jacob at Vayad South. He sustained stab injuries to the abdomen and died despite being rushed to hospital. Locals allege solar fencing is ineffective due to charging issues and that wild animals including elephants and gaurs frequently stray from the Kannavam forest area in Kannur district.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380375/vilangad-gaur-attack-youth-killed-protest-march-forest-office)