---
title: "ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ; വന്യമൃഗശല്യം തടയാൻ നടപടികൾ ഉറപ്പാക്കും - കെ.എം. അഭിജിത്ത് എം.എൽ.എ"
english_title: "Will Ensure Measures To Prevent Wildlife Attacks KM Abhijith MLA Vilangad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380461/will-ensure-measures-prevent-wildlife-attacks-km-abhijith-mla-vilangad"
published_at: "2026-08-30T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a94473d660e4_will-ensure-measures-prevent-wildlife-attacks-km-abhijith-mla-vilangad.jpg"
keywords: ["KM Abhijith MLA", "Vilangad Bison Attack", "Wildlife Conflict Kerala", "Nadapuram News", "Forest Department"]
---

# ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ; വന്യമൃഗശല്യം തടയാൻ നടപടികൾ ഉറപ്പാക്കും - കെ.എം. അഭിജിത്ത് എം.എൽ.എ

> **Lead Summary:** വാണിമേൽ: വന്യമൃഗങ്ങളുടെ സംരക്ഷണത്തോടൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സർക്കാർ മുൻഗണന നൽകുമെന്ന് നാദാപുരം എം.എൽ.എ. കെ.എം. അഭിജിത്ത് പറഞ്ഞു.

## Article Content

വാണിമേൽ: വന്യമൃഗങ്ങളുടെ സംരക്ഷണത്തോടൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സർക്കാർ മുൻഗണന നൽകുമെന്ന് നാദാപുരം എം.എൽ.എ. കെ.എം. അഭിജിത്ത് പറഞ്ഞു.

വിലങ്ങാട് വായാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ട സുനിലിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സംരക്ഷണവും സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വായാട്ടെ സംഭവവികാസങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.എൽ.എ.

സംഭവസ്ഥലത്തെത്തിയ ഫോറസ്റ്റ് ഓഫീസറെ നാട്ടുകാർ തടഞ്ഞുവെച്ചതിനെ ഒരു വൈകാരിക പ്രതികരണമായി കാണണമെന്നും പ്രശ്നത്തിന് പരിഹാരം കാണുകയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. നാദാപുരം മണ്ഡലത്തിലെ 7 പഞ്ചായത്തുകൾ വനമേഖലയോട് ചേർന്നുകിടക്കുന്നവയാണ്.

ഇത്തരം പ്രദേശങ്ങളിൽ ജനങ്ങൾക്ക് വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് പൂർണ്ണ സുരക്ഷ ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിക്കും. മുൻ സർക്കാരിന്റെ കാലത്ത് ഈ വിഷയത്തിൽ വേണ്ടത്ര ജാഗ്രതയുണ്ടായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വനമേഖലയിൽ 17 കിലോമീറ്റർ ദൂരത്തിൽ തൂക്കുവേലി നിർമിക്കുന്നതിന് കരാർ നൽകിയിരുന്നെങ്കിലും ഇതുവരെ രണ്ട് കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്. സർക്കാരിന്റെ കരാർ ഏറ്റെടുത്ത് സമയബന്ധിതമായി പണി പൂർത്തിയാക്കാത്ത കമ്പനികളെ ടെർമിനേറ്റ് ചെയ്യുന്ന കാര്യം ഉറപ്പാക്കും.

നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ സർക്കാർ സംവിധാനങ്ങളോടും വനവകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും എം.എൽ.എ. വ്യക്തമാക്കി.

**English Summary:**

Nadapuram MLA K M Abhijith said the government will prioritize both wildlife protection and safety of people's lives and property. He said all protection and assistance will be ensured for the family of Sunil who died in wild bison attack at Vayad, Vilangad. He termed locals detaining forest officer as an emotional reaction and said focus should be on solution. He noted 7 panchayats in Nadapuram constituency are adjacent to forest and strict measures will be taken. He added that a contract for 17 km hanging fence was given but only 2 km completed and companies failing to complete work on time will be terminated.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380461/will-ensure-measures-prevent-wildlife-attacks-km-abhijith-mla-vilangad)