---
title: "മകൻ എവിടെ? ഫോൺ റിംഗ് ചെയ്യുമ്പോൾ ഉള്ളുപിടയുന്നു; വാണിമേലിലെ അസീസും താഹിറയും മകനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് എട്ടു വർഷം   "
english_title: "Nadapuram Missing Youth Mohammed Aslah Eight Years Parents Waiting Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382541/nadapuram-missing-youth-mohammed-aslah-eight-years-search"
published_at: "2026-09-14T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa78e982c298_nadapuram-missing-youth-mohammed-aslah-eight-years-search.jpg"
keywords: ["Nadapuram Missing Case", "Kozhikode News", "Missing Youth", "Vanimel Missing Case"]
---

# മകൻ എവിടെ? ഫോൺ റിംഗ് ചെയ്യുമ്പോൾ ഉള്ളുപിടയുന്നു; വാണിമേലിലെ അസീസും താഹിറയും മകനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് എട്ടു വർഷം   

> **Lead Summary:** **നാദാപുരം: **കാണാതായ മകന്റെ തിരിച്ചുവരവ് കാത്ത് എട്ടു വർഷമായി കണ്ണീരോടെ കഴിയുകയാണ് വാണിമേലിലെ ഒരു കുടുംബം. 2018 മേയ് അഞ്ചിനാണ് വാണിമേൽ ഒലിയോട്ടു സമീപം വടേക്കണ്ടി അസീസിന്റെയും താഹിറയുടെയും മകൻ മുഹമ്മദ് അസ്‌ലഹിനെ കാണാതായത്.. ഇതുവരെയും അവനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

## Article Content

**നാദാപുരം: **കാണാതായ മകന്റെ തിരിച്ചുവരവ് കാത്ത് എട്ടു വർഷമായി കണ്ണീരോടെ കഴിയുകയാണ് വാണിമേലിലെ ഒരു കുടുംബം. 2018 മേയ് അഞ്ചിനാണ് വാണിമേൽ ഒലിയോട്ടു സമീപം വടേക്കണ്ടി അസീസിന്റെയും താഹിറയുടെയും മകൻ മുഹമ്മദ് അസ്‌ലഹിനെ കാണാതായത്.. ഇതുവരെയും അവനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

പത്താം ക്ലാസും പ്ലസ്ടുവും വിജയകരമായി പൂർത്തിയാക്കി ബിരുദ പഠനത്തിന് ചേർന്നതായിരുന്നു അസ്‌ലഹ്. എന്നാൽ പഠനം പുരോഗമിക്കുന്നതിനിടയിൽ അസ്‌ലഹിൽ ചെറിയതോതിലുള്ള മാനസിക അസ്വസ്ഥതകൾ പ്രകടമായി തുടങ്ങി. തുടർന്ന് ഇതിനായി ചികിത്സ തേടിവരുന്നതിനിടയിലാണ് അസ്‌ലഹിനെ കാണാതാകുന്നത്. കുടുംബത്തിലെ നാല് മക്കളിൽ രണ്ടാമനും ഒരേയൊരു ആൺതരിയുമാണ് അസ്‌ലഹ്.

ഇതിനുമുമ്പ് രണ്ടുതവണ വീടുവിട്ടുപോയെങ്കിലും അന്ന് പെട്ടെന്നുതന്നെ തിരിച്ചെത്തിയിരുന്നു. അജ്ഞാത നമ്പറുകളിൽ നിന്ന് കോൾ വരുമ്പോഴെല്ലാം അത് മകന്റേതായിരിക്കുമെന്ന കാത്തിരിപ്പിലാണ് താഹിറ.

മകൻ പോയതുമുതൽ മാതാപിതാക്കൾ പൊലീസിലും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും നിരന്തരം പരാതി നൽകി അവൻ തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പോലും പിതാവ് മലപ്പുറത്ത് പോയി മകനെ അന്വേഷിച്ച് മടങ്ങുകയുണ്ടായി. തീർഥാടന കേന്ദ്രങ്ങളിലും പ്രധാന സ്ഥലങ്ങളിലെല്ലാം മകനെ കാണുമെന്ന പ്രതീക്ഷയിൽ കുടുംബം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

English Summary:

Parents Vadakkandi Asees and Thahira near Oliyottu Palli, Vanimel, Nadapuram waiting for eight years for return of son Mohammed Aslah missing since May 5, 2018. Degree student who had shown mild mental distress went missing during treatment, only son among four children. Family filed complaints with police and authorities, continues search across pilgrimage centres and other places.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382541/nadapuram-missing-youth-mohammed-aslah-eight-years-search)