---
title: "സ്കൂളുകൾക്കും മദ്റസകൾക്കും അവധി; നാദാപുരത്ത് അജ്ഞാത ജീവിയുടെ ആക്രമണം; വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി"
english_title: "Nadapuram Kumangott Wildlife Attack: RRT Team Deployed, Schools Closed as Precaution"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383733/nadapuram-kumangott-unknown-animal-attack-rrt-team-schools-closed"
published_at: "2026-09-22T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab1d077ec2a3_nadapuram-kumangott-unknown-animal-attack-rrt-team-schools-closed.jpg"
keywords: ["Wildlife Attack", "Nadapuram", "Leaopard Attack", "RRT Team", "Schools Closed"]
---

# സ്കൂളുകൾക്കും മദ്റസകൾക്കും അവധി; നാദാപുരത്ത് അജ്ഞാത ജീവിയുടെ ആക്രമണം; വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി

> **Lead Summary:** നാദാപുരം : നാദാപുരം കുമ്മങ്കോട്ടിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റ സംഭവത്തെ തുടർന്ന് പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി.

## Article Content

നാദാപുരം : നാദാപുരം കുമ്മങ്കോട്ടിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റ സംഭവത്തെ തുടർന്ന് പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി.

താമരശ്ശേരി, കുറ്റ്യാടി, പെരുവണ്ണാമൂഴി എന്നിവിടങ്ങളിൽ നിന്നുള്ള ആർ.ആർ.ടി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ നാദാപുരം പൊലീസും റവന്യൂ ഉദ്യോഗസ്ഥരും പ്രദേശത്ത് ക്യാമ്പ് ചെയ്ത് രാത്രികാല പരിശോധനയും തുടരുന്നുണ്ട്. നാട്ടുകാരുടെ സുരക്ഷ മുൻനിർത്തി പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ, സൗത്ത് എൽ.പി സ്കൂൾ, പ്രദേശത്തെ മദ്റസ എന്നിവക്ക് അവധി പ്രഖ്യാപിച്ചു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളും രക്ഷിതാക്കളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് യുവാവിന് ആക്രമണത്തിൽ പരിക്കേറ്റത്. ഇത് പുലിയുടെ ആക്രമണമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

പുലിയോട് സാദൃശ്യമുള്ള ഒരു ജീവി റോഡിലൂടെ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്. എന്നാൽ, ആക്രമണം നടത്തിയത് ഏത് ജീവിയാണെന്നതു സംബന്ധിച്ച് വനംവകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

പരിക്കേറ്റ എരഞ്ഞിക്കൽ മുഹമ്മദ് സിനാനിനെ നാദാപുരത്ത് നിന്നു വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീട്ടിലെ പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ കുട്ടിയുടെ ശരീരത്തിലേക്ക് അജ്ഞാത ജീവി ചാടുകയായിരുന്നു.

തുടർന്ന് കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ പ്രദേശത്ത് ഭീതി നിലനിൽക്കുകയാണ്.

**English Summary:**

An RRT team from Thamarassery, Kuttiady and Peruvannamuzhi has been deployed in Kumangott, Nadapuram, after a youth was injured in an attack by an unidentified animal. Police and revenue officials are also conducting night patrols. Kumangott East LP School, South LP School and a local madrasa have been given a holiday as a precaution. The injured youth, Eranjikkal Mohammed Sinan, was shifted from Nadapuram to a private hospital in Vadakara. Locals suspect the animal may be a leopard and have recorded footage of a leopard-like animal on the road. However, the Forest Department has not officially confirmed the animal involved in the attack.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383733/nadapuram-kumangott-unknown-animal-attack-rrt-team-schools-closed)