---
title: "പുലി എവിടെ മക്കളേ..? കാട് വെട്ടാൻ പറഞ്ഞ് പഞ്ചായത്ത്, ആടിനെ കൂട്ടിലിട്ട് കെണിയൊരുക്കി വനപാലകർ; പുലിയെ കണ്ടെത്താൻ സമഗ്ര പദ്ധതിയില്ല, നാദാപുരത്തെ ജനങ്ങൾ ആശങ്കയിൽ"
english_title: "nadapuram-leopard-search-residents-concerned"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384107/nadapuram-leopard-search-residents-concerned"
published_at: "2026-09-25T09:26:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab5f1e5a2095_nadapuram-leopard-search-residents-concerned.jpg"
keywords: ["Nadapuram Leopard", "Leopard Search", "Kerala Forest Department", "Kummankode"]
---

# പുലി എവിടെ മക്കളേ..? കാട് വെട്ടാൻ പറഞ്ഞ് പഞ്ചായത്ത്, ആടിനെ കൂട്ടിലിട്ട് കെണിയൊരുക്കി വനപാലകർ; പുലിയെ കണ്ടെത്താൻ സമഗ്ര പദ്ധതിയില്ല, നാദാപുരത്തെ ജനങ്ങൾ ആശങ്കയിൽ

> **Lead Summary:** നാദാപുരം: യുവാവിനെയും ഉമ്മൂമ്മയെയും ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച പുലി എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. വീടുകളിലെയും പറമ്പുകളിലെയും കാട് വെട്ടാൻ നിർദേശം നൽകി ഗ്രാമപഞ്ചായത്തുകൾ, ആടിനെ ഇരുമ്പുകൂട്ടിൽ വെച്ച് കെണിയൊരുക്കി വനപാലകർ കാത്തുനിൽക്കുന്നു. ഇതല്ലാതെ പുലിയെ കണ്ടെത്താൻ സമഗ്രമായ പദ്ധതിയില്ല.

## Article Content

നാദാപുരം: യുവാവിനെയും ഉമ്മൂമ്മയെയും ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച പുലി എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. വീടുകളിലെയും പറമ്പുകളിലെയും കാട് വെട്ടാൻ നിർദേശം നൽകി ഗ്രാമപഞ്ചായത്തുകൾ, ആടിനെ ഇരുമ്പുകൂട്ടിൽ വെച്ച് കെണിയൊരുക്കി വനപാലകർ കാത്തുനിൽക്കുന്നു. ഇതല്ലാതെ പുലിയെ കണ്ടെത്താൻ സമഗ്രമായ പദ്ധതിയില്ല.

നാടും കാടും അരിച്ചുപെറുക്കി പുലിയെ കണ്ടെത്താനുള്ള ഏകോപനവും എവിടെയും കാണാനില്ല. നാദാപുരത്തെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ ആശങ്കയിൽ.ആളുകളെ ആക്രമിക്കുകയും, യുവാവ് പകർത്തിയ മൊബൈൽ വീഡിയോ ദൃശ്യവും സിസിടിവി ദൃശ്യവും ഉൾപ്പെടെ തെളിവുകൾ ഉണ്ടായിട്ടും, നാല് ദിവസമായിട്ടും പുലിയെ കണ്ടെത്താനാകാത്തതോടെ ജനങ്ങളുടെ ആശങ്കയേറി.

നാട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് ബുധനാഴ്ച പുലിക്കായി വനവകുപ്പ് ഇരുമ്പുകൂട് സ്ഥാപിച്ചെങ്കിലും പിടികിട്ടിയില്ല.മൂന്ന് ദിവസമായി കുമ്മങ്കോട് എൽ.പി സ്കൂളും മദ്രസകളും അടഞ്ഞുകിടക്കുകയാണ്. കുട്ടികളുടെ ക്ലാസ് നഷ്ടപ്പെടുന്നതിന്റെ ആധിയിലാണ് രക്ഷിതാക്കൾ.അതേസമയം, പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും വേണ്ടത്ര ജാഗ്രത ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന വിമർശനവുമുണ്ട്.തദ്ദേശ സ്ഥാപനങ്ങളെയും ജനങ്ങളെയും ഏകോപിപ്പിച്ച് പുറമ്പോക്കുകളിലും കനാൽ പ്രദേശങ്ങളിലെയും കാടുകൾ വെട്ടിത്തെളിക്കാനോ വന്യമൃഗങ്ങളെ കണ്ടെത്താനോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

കുറ്റ്യാടി ഫോറസ്റ്റർ പ്രശാന്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ദ്രുതകർമ സേനയും വനപാലകരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി ചെക്യാട് പഞ്ചായത്തിലെ തൈക്കണ്ടിമുക്കിലും പുലി ഇറങ്ങിയെന്ന പ്രചാരണം ഭീതിയിലാക്കി. സൈക്കിളിൽ പോകുന്നതിനിടെ പുലിയെ കണ്ടതായി ഒരു സ്കൂൾ വിദ്യാർത്ഥിയാണ് പറഞ്ഞത്. തൊട്ടുപിന്നാലെ നാദാപുരം രണ്ടാം വാർഡിൽ ഇയ്യങ്കോട് പുഴയോട് ചേർന്ന് വീടിന് സമീപം പുലിയുടെ സാന്നിധ്യം സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.

തുടർന്ന് നൂറുകണക്കിന് പേരാണ് തിരച്ചിലിനിറങ്ങിയത്.വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എ.ഐ നിർമിത ദൃശ്യങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണവും നടക്കുന്നുണ്ട്. ബുധൻ രാത്രി പുലി ഇറങ്ങിയെന്ന് പ്രചരിപ്പിച്ചത് ജനങ്ങളെ ഭയപ്പെടുത്തി. വ്യാജ പ്രചാരണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നാദാപുരം ഡി.വൈ.എസ്.പി പി.എം മനോജ് പറഞ്ഞു.

English Summary:

Residents in Nadapuram remain concerned as the leopard reportedly involved in an attack on a youth and his grandmother has not been located even after four days. Local bodies have reportedly directed residents to clear overgrown areas, while forest officials have placed a goat inside an iron cage as bait. Residents allege that there is no comprehensive coordinated search operation. Schools and madrasas in Kummankode have remained closed for three days. Forest officials and a rapid response team led by Kuttiady Forester Prashanth are camping in the area. False social media reports, including AI-generated visuals, have also caused concern. Nadapuram DySP P.M. Manoj said strict action would be taken against false campaigns.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384107/nadapuram-leopard-search-residents-concerned)