---
title: "നാദാപുരത്തെ പുലി ഭീതി; ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കണം, പുലിയെ കണ്ടെത്താൻ അടിയന്തരവും സമഗ്രവുമായ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മാർച്ച് ഇന്ന്"
english_title: " Kummangode Leopard Fear DYFI Nadapuram Block Committee March Kuttiady Forest Office Today Search Operation Iron Cage School Closed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384128/kummangode-leopard-fear-dyfi-nadapuram-march-kuttiady-forest-office-search"
published_at: "2026-09-25T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab61692c902d_kummangode-leopard-fear-dyfi-nadapuram-march-kuttiady-forest-office-search.jpg"
keywords: ["Nadapuram Leopard", "Leopard Search", "Kerala Forest Department", "Kummankode", "DYFI March"]
---

# നാദാപുരത്തെ പുലി ഭീതി; ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കണം, പുലിയെ കണ്ടെത്താൻ അടിയന്തരവും സമഗ്രവുമായ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മാർച്ച് ഇന്ന്

> **Lead Summary:** നാദാപുരം: കുമ്മങ്കോട് പ്രദേശത്ത് ജനങ്ങളെ ആശങ്കയിലാക്കിയ പുലിയെ കണ്ടെത്താൻ അടിയന്തരവും സമഗ്രവുമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി ഇന്ന് കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തും. ഉച്ചയ്ക്ക് 2.30നാണ് മാർച്ച്.

## Article Content

നാദാപുരം: കുമ്മങ്കോട് പ്രദേശത്ത് ജനങ്ങളെ ആശങ്കയിലാക്കിയ പുലിയെ കണ്ടെത്താൻ അടിയന്തരവും സമഗ്രവുമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി ഇന്ന് കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തും. ഉച്ചയ്ക്ക് 2.30നാണ് മാർച്ച്.

യുവാവിനെയും വയോധികയെയും ആക്രമിക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ നാല് ദിവസം പിന്നിട്ടിട്ടും പുലിയെ കണ്ടെത്താനാകാത്തത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. പുലിയുടെ സാന്നിധ്യം സംബന്ധിച്ച് മൊബൈൽ ഫോൺ വീഡിയോ, സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചിട്ടും തിരച്ചിൽ ഫലപ്രദമാകാത്തതിൽ പ്രതിഷേധം ശക്തമാണ്.

വീടുകളിലെയും പറമ്പുകളിലെയും കാട് വെട്ടിത്തെളിക്കാൻ ഗ്രാമപഞ്ചായത്തുകൾ നിർദേശം നൽകിയിട്ടുണ്ട്. ആടിനെ ഇരുമ്പുകൂട്ടിൽ വെച്ച് പുലിയെ പിടികൂടാൻ വനംവകുപ്പ് കെണിയൊരുക്കിയെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. നാടും കാടും കേന്ദ്രീകരിച്ച് പുലിയെ കണ്ടെത്തുന്നതിനുള്ള ഏകോപിതമായ തിരച്ചിൽ സംവിധാനമില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

നാട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് ബുധനാഴ്ചയാണ് വനംവകുപ്പ് പുലിയെ പിടികൂടുന്നതിനായി ഇരുമ്പുകൂട് സ്ഥാപിച്ചത്. അതേസമയം, മൂന്ന് ദിവസമായി കുമ്മങ്കോട് എൽ.പി സ്കൂളും മദ്രസകളും അടഞ്ഞുകിടക്കുകയാണ്. കുട്ടികളുടെ പഠനം മുടങ്ങുന്നതിൽ രക്ഷിതാക്കളും ആശങ്കയിലാണ്.

കുറ്റ്യാടി ഫോറസ്റ്റർ പ്രശാന്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ദ്രുതകർമ സേനയും വനപാലകരും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിനിടെ ചെക്യാട് പഞ്ചായത്തിലെ തൈക്കണ്ടിമുക്കിലും നാദാപുരം രണ്ടാം വാർഡിലെ ഇയ്യങ്കോട് പുഴയോട് ചേർന്ന പ്രദേശത്തും പുലിയെ കണ്ടെന്ന പ്രചാരണം ഉണ്ടായത് കൂടുതൽ ഭീതിക്ക് ഇടയാക്കി. സൈക്കിളിൽ പോകുന്നതിനിടെ പുലിയെ കണ്ടതായി ഒരു സ്കൂൾ വിദ്യാർഥി പറഞ്ഞതായും തുടർന്ന് നൂറുകണക്കിന് നാട്ടുകാർ തിരച്ചിലിനിറങ്ങിയതായും റിപ്പോർട്ടുണ്ട്.

വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതിനിടെ എ.ഐ നിർമിത ദൃശ്യങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ബുധനാഴ്ച രാത്രി പുലി ഇറങ്ങിയെന്ന തരത്തിൽ പ്രചരിച്ച വിവരങ്ങളും ജനങ്ങളിൽ ഭീതി സൃഷ്ടിച്ചു. വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നാദാപുരം ഡി.വൈ.എസ്.പി പി.എം. മനോജ് അറിയിച്ചു.

**English Summary:**

DYFI Nadapuram Block Committee will march to Kuttiady Forest Office today at 2.30 pm demanding urgent comprehensive action to find leopard causing fear in Kummangode. Despite reports of attempted attack on youth and elderly woman and evidence like mobile video and CCTV visuals, search remains ineffective after four days, increasing anxiety. Panchayats instructed to clear bush, Forest Dept set iron cage trap with goat on Wednesday after local pressure but no result. Kummangode LP School and madrasas closed for three days affecting studies. Forest Dept rapid force camping under Forester Prashanth. Rumors of leopard sightings in Chekyad Thaikandimukku and Iyyangode spread fear, hundreds searched after school student claimed sighting while cycling. Police warned of fake AI visuals on social media, DYSP PM Manoj said strict action against fake propaganda.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384128/kummangode-leopard-fear-dyfi-nadapuram-march-kuttiady-forest-office-search)