---
title: "വിഎസിബി സ്യൂട്ട് 3.0: വിജിലന്‍സ് അന്വേഷണങ്ങള്‍ ഇനി ഡിജിറ്റല്‍ ഡാറ്റയില്‍; ഹൈടെക് സംവിധാനത്തിന് തുടക്കം"
english_title: "VACB Suite 3.0 Launched to Digitise Vigilance Investigations in Kerala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384205/vacb-suite-3-0-digitise-vigilance-investigations-kerala"
published_at: "2026-09-25T22:31:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6a99a7fd6b_vacb-suite-3-0-digitise-vigilance-investigations-kerala.jpg"
keywords: ["VACB Suite 3.0", "Kerala Vigilance", "Digital Investigation", "Anti Corruption"]
---

# വിഎസിബി സ്യൂട്ട് 3.0: വിജിലന്‍സ് അന്വേഷണങ്ങള്‍ ഇനി ഡിജിറ്റല്‍ ഡാറ്റയില്‍; ഹൈടെക് സംവിധാനത്തിന് തുടക്കം

> **Lead Summary:** തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണങ്ങളില്‍ നേരിടുന്ന കാലതാമസം ഒരു പരിധിവരെ പരിഹരിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കേസുകളുടെയും അന്വേഷണങ്ങളുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ ഡാറ്റാ രൂപത്തില്‍ ലഭ്യമാക്കുന്ന പുതിയ സംവിധാനം നിലവില്‍ വന്നു. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ നവീകരിച്ച ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ വിഎസിബി സ്യൂട്ട് 3.0 ആണ് സംസ്ഥാന വിജിലന്‍സിനെ ഹൈടെക് സംവിധാനത്തിലേക്ക് മാറ്റുന്നത്.

## Article Content

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണങ്ങളില്‍ നേരിടുന്ന കാലതാമസം ഒരു പരിധിവരെ പരിഹരിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കേസുകളുടെയും അന്വേഷണങ്ങളുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ ഡാറ്റാ രൂപത്തില്‍ ലഭ്യമാക്കുന്ന പുതിയ സംവിധാനം നിലവില്‍ വന്നു. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ നവീകരിച്ച ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ വിഎസിബി സ്യൂട്ട് 3.0 ആണ് സംസ്ഥാന വിജിലന്‍സിനെ ഹൈടെക് സംവിധാനത്തിലേക്ക് മാറ്റുന്നത്.

വിഎസിബി സ്യൂട്ട് 3.0യുടെ ഉദ്ഘാടനം ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. വിജിലന്‍സ് കേസുകളുടെ അന്വേഷണത്തിനും ഏകോപനത്തിനും വേണ്ടിയുള്ള സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് വിഎസിബി സ്യൂട്ട് 3.0 എന്ന് മന്ത്രി അറിയിച്ചു. രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡാറ്റാ സുരക്ഷിതത്വം, നിര്‍വഹണ വേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം എന്നിവയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന സവിശേഷതകള്‍. ബ്യൂറോയിലെ തന്നെ സാങ്കേതിക വിദഗ്ധരാണ് പൂര്‍ണമായും ഈ സംവിധാനം വികസിപ്പിച്ചെടുത്തത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

കേസന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാകുന്നത് അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനും വകുപ്പിനും കൃത്യവും സമയബന്ധിതവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. യൂണിറ്റ് മേധാവികള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അന്വേഷണങ്ങള്‍ ഫലപ്രദമായി മേല്‍നോട്ടം വഹിക്കുന്നതിനുള്ള നിരവധി സൗകര്യങ്ങളും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓരോ അന്വേഷണ ഉദ്യോഗസ്ഥനും അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര ദിവസം എടുക്കുന്നു, ഓരോ കേസും എത്ര ദിവസമായി തീര്‍പ്പാക്കാതെ കിടക്കുന്നു എന്നിവ കൃത്യമായി മനസ്സിലാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. ഇതിലൂടെ ശരിയായ അന്വേഷണ നടപടികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും കൃത്യസമയത്ത് നല്‍കാന്‍ കഴിയുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിഎസിബി സ്യൂട്ട് 3.0യുടെ ഉപയോഗത്തിനായുള്ള മാനുവലിന്റെ പ്രകാശനവും പുതുതായി രൂപകല്‍പ്പന ചെയ്ത യൂണിഫോമിന്റെ വിതരണവും ആഭ്യന്തര മന്ത്രി നിര്‍വഹിച്ചു. രാഷ്ട്രപതിയുടെ പുരസ്‌കാരങ്ങള്‍ നേടിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കുള്ള ബാഡ്ജ് ഓഫ് ഹോണറിന്റെ വിതരണവും അദ്ദേഹം നടത്തി.

തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിലെ മൈന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ അധ്യക്ഷത വഹിച്ചു. ഡി.ജി.പിയും വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം സ്വാഗതമാശംസിച്ചു. ആഭ്യന്തരവകുപ്പ് ഉപദേഷ്ടാവും മുന്‍ ഡി.ജി.പിയുമായ എ. ഹേമചന്ദ്രന്‍ മുഖ്യാതിഥിയായി.

വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ആസ്ഥാനത്തെ എസ്.പി എസ്.ആര്‍ ജ്യോതിഷ് കുമാര്‍ ആശംസകളര്‍പ്പിച്ചു. വിജിലന്‍സ് ഇന്റലിജന്‍സ് എസ്.പി ഉജ്ജ്വല്‍ കുമാര്‍ നന്ദി പറഞ്ഞു. ചടങ്ങിന് ശേഷം വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

English Summary:

Kerala’s Vigilance and Anti-Corruption Bureau has launched V ACB Suite 3.0, a digital platform designed to support the investigation and coordination of vigilance cases. Home Vigilance Minister Ramesh Chennithala inaugurated the system. It provides digital access to case and investigation data, document verification, data security, faster execution and improved supervisory facilities. Senior officers can monitor the time taken by investigating officers and the period cases remain pending. The minister also released the user manual, distributed newly designed uniforms and presented Badges of Honour. A special training programme for VACB officers was held after the event.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384205/vacb-suite-3-0-digitise-vigilance-investigations-kerala)